Friday, 7 October 2011

മൈതാനം നഷ്ടപ്പെട്ട ബാല്യം

                               
                   മകള്‍ ശാന്തമായി  ഉറങ്ങുകയാണ്. ഇത്രയും  നേരം ആകാത്തതോരോന്നു ചൊല്ലി ശാഠ്യം പിടിച്ച കുട്ടിയാണെന്നേ തോന്നുകയില്ല കിടപ്പു കണ്ടാല്‍. മുറി നിറയെ അവള്‍ നിരത്തിയിട്ട ചായ  പ്പെന്‍സിലുകളും കളിപ്പാട്ടങ്ങളും കീറീയചിത്രങ്ങളുമാണ്. ഭിത്തിയില്‍ അവള്‍ പലപ്പോഴായി വരച്ച ചിത്രങ്ങള്‍. പല നിറത്തിലുള്ള ചായങ്ങളില്‍്‌  മുക്കി പതിപ്പിച്ച  കൈയ്യടയാളങ്ങള്‍. ഏറെ നേരം  അവളെ  തന്നെ നോക്കിയിരുന്നപ്പോള്‍ പകലത്തെ ജോലിത്തിരക്കുകളും ഓട്ടവും കൊണ്ടു തളര്ന്ന എന്റെ  മനസിലേക്ക്  ആ ശാന്തത ഒരു ആശ്വാസമായി പടരുന്നത് ഞാന്‍ അറിഞ്ഞു..

                      അപ്പുറത്തെ വീട്ടില്‍  ദീപയുടെ മുറിയില്‍ നിന്ന് ഇപ്പോഴും ലൈറ്റ്  കാണാം. ആകാശിനെ രണ്ടു ദിവസമായിട്ട് മുറ്റത്തേക്കൊന്നും കണ്ടില്ലല്ലോ എന്തെങ്കിലും വയ്യായ്കയാണോ എന്നന്വേഷിച്ചപ്പോഴാ‍ണ്   ദീപ പറഞ്ഞത്."അടുത്തയാഴ്ച്ച പരീക്ഷ വരികയല്ലേ , ഒന്നാം ക്ളാസിലാണെന്നു പറഞ്ഞിട്ട്  കാര്യമില്ല. പഠിക്കാന്‍ ഏറെയുണ്ട് .ഇപ്പോഴേ പിടിച്ചിരുത്തിയില്ലെങ്കില്‍ ശരിയാവില്ല"......

                          ഈ വിജയദശമിക്ക് എന്റെ അമ്മുക്കുട്ടിയേയും   ഏഴുത്തിനിരുത്തണം. എടുത്താല്‍ പൊങ്ങാത്ത  ബാഗും ചെയ്താല്‍ തീരാത്ത ഹോം വര്‍ക്കും...........ഓര്‍ത്തപ്പോളേ ആശങ്ക തോന്നി ഇതില്‍ നിന്ന് എന്തു വ്യത്യസ്തമായിരുന്നു. എന്റെ ബാല്യകാലവിദ്യാഭ്യാസവും ബാല്യകാലവും. 

വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് മനസ്സു പറന്നു.......
പൂത്തുമ്പികള്‍ക്കൊപ്പം പാറി നടന്ന ബാല്യം........
ബഹളങ്ങളില്‍ നിന്നകന്ന്  ശാന്തമായ ഒരു ഗ്രാമം......
ഗ്രാമത്തന്റെ ഉള്ളം കയ്യില്‍ ഭാഗ്യരേഖയായി ഒഴുകുന്ന  പുഴ......
പുഴയുടെ വിശുദ്ധിയിലേക്ക് കൈനീട്ടി  നില്‍കുന്ന ക്രിസ്തുവിന്റെ വലിയ പ്രതിമ............
തിരക്കില്ലാത്ത നിരത്തുകള്‍. അലങ്കാരഭാഷയില്ലാതെ എന്തോ സംസാരിച്ച്  നീങ്ങുന്ന ഗ്രാമീണര്‍......

വീട്ടില്‍ നിന്ന് നോക്കിയാല്‍ തന്നെ കാണാമായിരുന്നു , നിറയെ ആമ്പല്‍പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന കുളത്തിന്‍ കരയില്‍ ആ ഓല മേഞ്ഞ ഷെഡ്ഡ്. അതായിരുന്നു എന്റെ ആദ്യ പാഠശാല..
കളരിയെന്നായിരുന്നു അന്ന്  പറഞ്ഞിരുന്നത്..

                     ഗ്രാമത്തിലെ എല്ലാ കുട്ടികളും അറിവിന്റെ അദ്യാക്ഷരങ്ങള്‍ കുറിച്ചിരുന്നത് കളരിയില്‍ നിന്നായിരുന്നു. അവിടെ എനിക്കൊരു ആശാന്‍ ഉണ്ടായിരുന്നു. മാസ്റ്ററിനും മിസ്സിനും പകരം ഗുരുവിനെ അങ്ങനെയായിരുന്നു  വിളിച്ചിരുന്നത്.. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് അമ്മയുടെ ഒക്കത്തിരുന്ന് കളരിയിലേക്ക്  പോയ ആദ്യ ദിവസം..

                      വിജയദശമി ഞങ്ങളുടെ ഗ്രാമത്തില്‍    ജാതി  മതവ്യത്യാസമില്ലാതെ ഏവരും  ആഘോഷിച്ചിരുന്ന  ഒരു ഉത്സവമായിരുന്നു. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു . മുതിര്‍ന്നവര്‍  എഴുത്തെന്ന  വിദ്യ ആരംഭിച്ചതിന്റെ  ഓര്‍മ്മ പുതുക്കുന്നു.
എനിക്കെല്ലാം ഓര്‍മ്മയുണ്ട്...............

                      അഞ്ചുതിരിയിട്ട   നിലവിളക്കിന്റെ മുന്പില്‍ ആശാനിരുന്ന്  എന്നെ മടിയിലിരുത്തിയത്  നാവില്‍ സ്വര്‍ണ്ണമോതിരം കൊണ്ട് ആദ്യാക്ഷരം കുറിച്ചത്..
ഉരുളിയില്‍പ്പരത്തിയിട്ട  അരിയിലും‍ പിന്നെ പൂജിച്ച മണ്ണിലും കുഞ്ഞിവിരല്‍കൊണ്ട് ഹരി--ശ്രീ എഴുതിപ്പിച്ചത്........അതിനുശേഷം ആശാന്‍ എനിക്ക് "ഹരി ശ്രീ ഗ ണ പ ത യെ നമ:"  എന്നെഴുതിയ എഴുത്തോല  സമ്മാനിച്ചതും എല്ലാം..........

                         ബുക്കിനു പകരം അന്ന്  എഴുത്തോലയായിരുന്നു...   (മദ്ധ്യവേനലവധിക്ക്  അമ്മാവന്റെ മകള്‍ സ്വപ്ന ഇംഗ്ളീഷ് മീഡിയം വിശേഷങ്ങളുമായി വരുമ്പോള്‍  എനിക്ക് ചെറിയ കുശുമ്പൊക്കെ തോന്നാതിരുന്നില്ല...പക്ഷേ ഇന്ന് വിരസതയിലേക്ക് മുങ്ങിത്താഴുന്ന എത്ര ദിവസങ്ങളെയാണ് ഈ ഓര്‍മ്മകള്‍ ഉത്സാഹക്കൈ നീട്ടി കരകയറ്റുന്നത്..)

                         ആശാന്‍ ആയിരുന്നു എന്റെ ആദ്യഗുരു.. ചിത്രത്തില്‍ കാണുന്ന ചട്ടമ്പിസ്വാമികളെ  പോലെ . നീണ്ടു നരച്ച താടി.വീതിയുള്ള നെറ്റി . ഇടുങ്ങിയ തീഷ്ണമായ കണ്ണുകള്‍  പ്രത്യക്ഷത്തില്‍
ആ മുഖത്ത്  സ്നേഹത്തിന്റെയോ ദയയുടെയോ യാതൊരു ഭാവവും ഇല്ലായിരുന്നു..  മുകളില്‍ പല നീളത്തിലും വണ്ണത്തിലും ഉള്ള ചൂരലുകള്‍ വച്ചിരുന്നു . എങ്ങാനും ഒരു കുട്ടി ഒരക്ഷരം തെറ്റിച്ചു പോയാല്‍ ആശാന്‍ കണ്ണുകളുയര്‍ത്തി  വടികളിലേക്ക് നോക്കും. അത് മാത്രമായിരുന്നു
ശിക്ഷ..ഒരു മേല്‍മുണ്ടും പുതച്ച്  വലതുകയില്‍ നാരായവും  ഇടതുകയ്യില്‍ എഴുത്തോലയുമായി മുന്നോട്ടാഞ്ഞ്  ആശാന്‍ ഇരിക്കുന്ന ചിത്രം  വര്‍ഷങ്ങള്‍ക്കിപ്പുറവും എനിക്കെത്ര  വ്യക്തമാണ്!!!

ഹരി.. ശ്രീ.. ......
അ.. ആ ഇ ...
ക ഖ ഗ ഘ  ങ.....

എന്നിങ്ങനെ  ആശാന്‍ അക്ഷരമാലകള്‍ യഥാക്രമം പഠിപ്പിക്കും..ഓരോന്നു പഠിപ്പിക്കുമ്പോഴും  ഓരോ പുതിയ എഴുത്തോല സമ്മാനിക്കും. അദ്യം എഴുത്തോല  കിട്ടാന്‍ കൂട്ടുകാരുടെ ഇടയില്‍ ഒരു മത്സരം   തന്നെ ആയിരുന്നു.

                         വള്ളത്തോള്‍,ചങ്ങമ്പുഴ,കുമാരനാശാന്‍ മുതലായ കവികളുടെയൊക്കെ കവിതകള്‍ അശാന്‍ ഈണത്തില്‍ ചൊല്ലിത്തരും.ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും  അത് ഏറ്റുചൊല്ലും.  ആരു വന്നാലും കിളിപോലെ ചൊല്ലാന്‍  എനിക്കെത്ര കവിതകള്‍ ആ നാലു വയസിലേ കാണാപാഠമായിരുന്നെന്നോ !!!മൂന്നു മണിക്ക് ആശാന്‍ ഞങ്ങളെ കളിക്കാന്‍ വിടും. കളരിക്ക് തെക്കു വശത്തുള്ള ചക്കരമാവിന്‍ചോട്ടിലായിരുന്നു  കളി..കാറ്റ് കനിയുന്ന മമ്പഴങ്ങളെല്ലാം ആശാന്‍ മുറിച്ച് കഷണങ്ങളാക്കി എല്ലാവര്‍ക്കുമായി വീതിച്ച് തരുമായിരുന്നു. മൂന്നര മുതല്‍  എണ്ണല്‍ സംഖ്യകള്‍, സങ്കലന--ഗുണന പട്ടികകള്‍  ഒക്കെ ഏതെങ്കിലും കുട്ടിയെ കൊണ്ട് ചൊല്ലിക്കും. ബാക്കി കുട്ടികള്‍ അതേറ്റു  ചൊല്ലും നാലു മണിയാകുമ്പോള്‍ കളരി വിടും.  നിഴല്‍ നോക്കി സമയം കൃത്യമായി പറയുന്ന അത്ഭുതവിദ്യ ആശാനറിയാമായിരുന്നു.

                         കുട്ടികള്‍ പോയിക്കഴിയുമ്പോള്‍  അത് ആശാന്റെ വീടാകും. ജീവിതത്തില്‍ ശിഷ്യന്മാരെയല്ലാതെ പണമോ വസ്തുക്കളോ ബന്ധങ്ങളോ ഒന്നും തന്നെ സമ്പാദിച്ചിരുന്നില്ല.. കള്ളന്മാര്‍ അപഹരിക്കാത്തതും ആരും പിടിച്ചെടുക്കാത്തതും കൊടുക്കുന്തോറും ഏറിടുന്നതുമായ  ധനം  സര്‍വ്വധനങ്ങളെക്കാളും പ്രധാനമാണെന്നും അതു കൊടുത്തു തന്നെ  വര്‍ദ്ധിപ്പിക്കുക  എന്നും ആശാന്‍  എപ്പോഴും പറയുമായിരുന്നു.  ആശാന്റെ മരണവും കളരിയില്‍ കിടന്നു തന്നെയായിരുന്നു.

                          അതിരാവിലെ മാഞ്ചുവട്ടില്‍ കണ്ണിമാങ്ങ പെറുക്കിയും, പുഴയില്‍ നീന്തി ക്കുളിച്ചും , സന്ധ്യക്ക്  പ്രദക്ഷിണം വച്ച്  ദീപാരാധന  തൊഴുതിറങ്ങിയും ...............
അതിരുകളില്ലാത്ത സന്തോഷത്തിന്റെ  ലോകത്ത് പാറിപ്പറന്ന് നടന്നിരുന്നു എന്റെ ബാല്യം..

                        മകള്‍ നല്ല  ഉറക്കത്തില്‍ തന്നെ.  അവളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന
മുടി ഒതുക്കി വച്ച് പുതപ്പിച്ച് കിടത്തുമ്പോള്‍  ഞാന്‍ ഓര്‍ത്തു. ഈയിടെ അവളുടെ  ശാഠ്യം  വല്ലാതേറുന്നുണ്ട്.  ആകാശ് ആണ്‍കുട്ടിയായിട്ടും   ദീപാന്റിയുടെ  ഭിത്തിയില്‍ ഒരു വര പോലും  ഇല്ലല്ലോ എന്നൊക്കെ പറഞ്ഞ് ഞാന്‍ ശാസിക്കാറുണ്ട്.   പക്ഷേ  കയ്യിലിരുന്ന പുതിയ  പാവക്കുട്ടിയെയും വലിച്ചെറിഞ്ഞ് എനിക്ക് കുത്തിവരക്കാന്‍ ഒരു ഭിത്തി മതിയേ എന്നും പറഞ്ഞ് അവള്‍ ഇന്നലേയും  കുറെയേറെ കരഞ്ഞു...'

                        എനിക്കറിയാം ഇവിടെ ബാല്യം ജനലഴികളിലൂടെ പുറത്തേക്ക് നോക്കിനില്‍ക്കുകയാണ്.  ഓരോരോ ഡേകെയറുകളിലായും ഏജന്‍സികളില്‍ നിന്ന് ദൈനിക വേതനത്തിനെടുക്കുന്ന ആയമാരുടെ കൈകളിലൂടെയും അവള്‍ വളരുകയാണ്.
"ഹാവൂ, രുഗ്മിണീസ്വയംവരം പോലൊരു സ്വയം വരമില്ലെന്റെ കുട്ടിയേ   ...ശിവ ശിവ... " എന്നും പറഞ്ഞ് കഥകളുടെ വിസ്മയങ്ങളുമായി പടികടന്നു വരാന്‍ ഒരു മുത്തശിയുമില്ല...

                       ഓണത്തിനും  വിഷുവിനുമൊക്കെ  നാട്ടില്‍്‌  പോകുന്ന ഹ്രസ്വ വേളകളില്‍്‌  മുറ്റത്തും തൊടിയിലും  ഓടികളിച്ചും പട്ടം പറത്തിയും  നടക്കുന്ന അവളുടെ  മുഖത്ത്  പൂത്തു വിടരുന്ന സന്തോഷം പറിച്ചെറിഞ്ഞ്  തിരിച്ച് പോരുമ്പോള്‍  എനിക്കും  വേദനിക്കാഞ്ഞല്ല.പക്ഷേ....

                     ഓരോന്നാലോച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. മകള്‍ നിരത്തിയിട്ട ചായപ്പെന്‍സിലുകളും കീറിയ ചിത്രങ്ങളും  അടുക്കി വക്കണം.  നാളെ അവള്‍ക്ക് വീണ്ടൂം
നിരത്തിയിടാനും പിന്നെ എനിക്ക് വീണ്ടും അടുക്കി വക്കാനും"........

14 comments:

 1. നല്ല പോസ്റ്റ്‌ അജിത .
  ഇതില്‍ കളിയൂഞ്ഞാല്‍ പോലുള്ള ഒരു ബാല്യത്തിന്റെ സമ്പന്നമായ ഓര്‍മ്മയുണ്ട്.
  ഹരിശ്രീ കുറിച്ച് തന്ന ഗുരുവിനുള്ള ഗുരുദക്ഷിണ ഉണ്ട്.
  തുമ്പികളും പൂമ്പാറ്റകളും പാറിപറക്കുന്ന ഗ്രാമമുണ്ട്.
  ഒരമ്മയുടെ സ്നേഹവും വേവലാതിയും ഉണ്ട്
  മനോഹരമായ അവതരണം
  ആശംസകള്‍

  ReplyDelete
 2. Valare nannayirikunnu ezhuth...., "innalekal nanmakalal samrdham ennormippikunnu"..., orupad ishttapettu.....

  ReplyDelete
 3. ബാല്യത്തിന്റെ ഓര്‍മ്മ ഉണര്‍ന്നു ....നന്നായിരിക്കുന്നു ഈ എഴുത്ത്

  ReplyDelete
 4. പ്രിയപ്പെട്ട അജിത,
  സമ്പന്നമായ ഒരു ബാല്യം ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇല്ലല്ലോ!ആ ഓര്‍മ്മകള്‍ ഊര്‍ജം നല്‍കട്ടെ! മോള്‍ വളര്‍ന്നു നല്ലൊരു ചിത്രകാരിയാകട്ടെ!അവള്‍ നിറങ്ങളുടെ ലോകത്ത്,അവള്‍ നീന്തി തുടിക്കട്ടെ!
  ഗ്രാമീണ ഓര്‍മ്മകള്‍ ഒരു പാട് ഇഷ്ടമായി!
  സസ്നേഹം,
  അനു

  ReplyDelete
 5. nice work!
  welcome to my blog
  nilaambari.blogspot.com
  if u like it join and support me

  ReplyDelete
 6. നല്ല പോസ്റ്റ്‌..

  ആശാന്‍ കളരിയില്‍ പോയി പഠിച്ചതൊക്കെ ഓര്‍മ്മ വന്നു..
  അന്ന് പൂജ വെപ്പ് വരുന്നത് സന്തോഷമായിരുന്നു! ( പഠിക്കണ്ടല്ലോ )

  ഗ്രാമീണത തുടിക്കുന്ന പോസ്റ്റുകള്‍ വായിക്കാന്‍ എന്നും എനിക്കിഷ്ട്ടമാണ്. കാരണം ഞാന്‍ ഒരു ഗ്രാമീണന്‍ ആണല്ലോ !

  ReplyDelete
 7. ഓര്‍മകളെ തൊട്ടുണര്‍ത്തിയ post ... ഗ്രാമങ്ങള്‍
  ടൌണ്കളായും അത് നഗരങ്ങളായും മാറുമ്പോള്‍
  നമ്മളെ തന്നെ നമുക്ക് നഷ്ടപ്പെടുന്നു ...
  ഇതിലും വൈകി ജനിച്ച്ചില്ലല്ലോ എന്നൊരു ആശ്വാസം ...
  നന്നായിട്ടുണ്ട് ... ആശംസകള്‍ ..

  ReplyDelete
 8. നന്നായിട്ടുണ്ട് ...

  ReplyDelete
 9. വളരെ നല്ല പോസ്റ്റ്‌. അന്നത്തെ ബാല്യത്തിന്റെ ഗൃഹാതുരതയും ഇന്നത്തെ കുട്ടികളുടെ യാന്ത്രികതയും ഭംഗിയായി വരച്ചു കാണിച്ച്. പഴയ കാലത്തിലേക്കൊരു മടക്കം ഒരു മരീചിക തന്നെയാണല്ലോ. കാലം മാറുമ്പോള്‍ കോലവും മാറുന്നു.

  ReplyDelete
 10. നമ്മുടെ നഷ്ടബാല്യത്തെ കുറിച്ച് എങ്ങനെ എഴുതിയാലും നന്നാവും.
  എന്നാല്‍ ഇത് വളരെ വളരെ നന്നായി.

  ReplyDelete
 11. ചെറുവാടി ,ഓർമ്മകൾ,അനീഷ്‌ പുതുവലില്‍ ,anupama, ARUN RIYAS,വില്ലേജ്മാന്‍,യാത്രക്കാരന്‍ ,nandini,Shukoor, ഇസ്മായില്‍ കുറുമ്പടി ,EBY VENKOLLA......
  എല്ലാവര്‍ക്കും എന്റെ നന്ദി.ഇനിയും ഇതുവഴി വരുക.......

  ReplyDelete
 12. പക്ഷേ ഇന്ന് വിരസതയിലേക്ക് മുങ്ങിത്താഴുന്ന എത്ര ദിവസങ്ങളെയാണ് ഈ ഓര്‍മ്മകള്‍ ഉത്സാഹക്കൈ നീട്ടി കരകയറ്റുന്നത്.

  വളരെ ശരിയാണ്. ഓര്‍ക്കുമ്പോള്‍ ഇന്നത്തെ കുട്ടികള്‍ക്ക്‌ നഷ്ടം മാത്രമാണെന്ന് തോന്നാറുണ്ട്. പക്ഷെ അവര്‍ക്ക്‌ അതൊക്കെയാണ് ആവശ്യമെന്ന് മറിച്ചും തോന്നാറുണ്ട്. എന്റെ ഓര്‍മ്മകള്‍ ഈ പോസ്റ്റില്‍ പറഞ്ഞ അത്രയും താഴേക്ക്‌ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ചില സംഭവങ്ങള്‍ മാത്രം ഓര്‍മ്മയില്‍ ഉണ്ടെന്നല്ലാതെ.
  സന്ദര്യമുള്ള നല്ലൊരോര്‍മ്മ.

  ReplyDelete
 13. ഓര്‍മകളുടെ ആ വസന്തകാലത്തെക്ക് കൂട്ടികൊണ്ടു പോയതിനു ഒരായിരം നന്ദി. ഒപ്പം ലളിതസുന്ദരമായ രചനയും .ആശംസകള്‍

  ReplyDelete