Powered By Blogger

Tuesday 1 March 2016

നിരുപമയുടെ ലോകം -II
*************************************
നിരുപമയെ ചിത്രരചന പഠിപ്പിക്കാൻ എല്ലാ ശനിയും ഞായറും ഞാൻ ഒരു അദ്ധ്യാപകന്റെ അടുത്തു കൊണ്ടുപോകും.. 
നഗരത്തിലെ ഒരു ഫ്ലാറ്റിൽ നാലാം നിലയിൽ ആണു ക്ലാസ്. പത്തുമണി മുതൽ പതിനൊന്നു മണി വരെയാണ് സമയം... മോൾ പഠിക്കുന്ന സമയത്ത് ഞാൻ ബാൽക്കണിയിൽ ഇരുന്നു ഏതെങ്കിലും പുസ്തകം വായിക്കും.അതാണ് പതിവ്...ഇന്ന് എന്റെ കൈയ്യിൽ പിയുടെ സമ്പൂര്ണ്ണ കൃതികൾ ഉണ്ടായിരുന്നു...ഞാൻ പികവിതകൾ വായിച്ച് രസിച്ച് ഇരിക്കുകയായിരുന്നു....എന്റെ മുൻപിലൂടേ ഒരു മെലിഞ്ഞ പെണ്കുട്ടി എട്ടോ പത്തോ വയസു കാണും...ധൃതിയിൽ അകത്തേക്ക് പോയി...സമയത്തിനു ഏറെ നിഷ്ഠയുള്ള ആളാണു ചിത്രകാരനായ അദ്ധ്യാപകൻ...സമയം വൈകിയതിന്റെ വെപ്രാളം കുട്ടിയുടെ മുഖത്ത് ഉണ്ടായിരുന്നു... എങ്കിലും എന്നെ നോക്കി നമസ്തേ എന്ന് അർത്ഥംവരുന്ന ഒരു ചിരി സമ്മാനിക്കാനും അവൾ മറന്നില്ല...രണ്ടുമൂന്നു നിമിഷം കഴിഞ്ഞ് ഒരാൾ അങ്ങോട്ടു.വന്നു."മധു എത്തിയില്ലേ?"
"ഉവ്വ്"
അദ്ധ്യാപകന്റെ ഭാര്യ പറഞ്ഞു
."വിളിക്കവളെ..."
അയാൾ അലറി.
വരച്ചു കൊണ്ടിരിക്കുന്ന പെൻസിൽ താഴെ വച്ച് അവൾ പുറത്തേക്ക് ഇറങ്ങി വന്നു.
“നിന്നോട് പറഞ്ഞിട്ടില്ലേ മുകളിൽ എത്തിയാൽ കൈ വീശി കാണിക്കണം എന്ന"
ക്രുദ്ധനായ അയാൾ പറഞ്ഞു.എന്നിട്ടയാൾ കുഞ്ഞിന്റെ കവിളിൽ ഒറ്റയടി...ഞാൻ ഞെട്ടി പോയി....എന്റെയും അദ്ധ്യാപകന്റേയും ഭാര്യയുടേയും മറ്റു കുട്ടികളുടെയും എല്ലാം മുൻപിൽ വച്ച് .
കുട്ടി കരഞ്ഞുകൊണ്ട് വീണ്ടും ചിത്രം വരയ്ക്കാൻ പോയി..
എന്റെ കണ്ണു നിറഞ്ഞു പോയി. റോഡിൽ ഇറക്കി വിട്ട കുട്ടി മുകളിൽ എത്തിയ ശേഷം കാറിൽ ഇരിക്കുന്ന അച്ചനെ നോക്കി കൈ വീശി കാണിച്ചില്ല... തെറ്റായിരിക്കാം.
പക്ഷെ അതിനു ഒന്ന് ശകാരിച്ചാൽ പോരേ...
അല്ലെങ്കിൽ വീട്ടിൽ ചെന്നിട്ട് ശിക്ഷിക്കാമായിരുന്നല്ലോ
പുസ്തകത്തിൽ പിയുടെ അക്ഷരങ്ങൾ മങ്ങി..ഞാൻ പുസ്തകം എടുത്ത് എന്റെ തുണി സഞ്ചിയിൽ ഇട്ട് മനസ് കൊണ്ട് അവളെ ചേര്ത്ത് പിടിച്ച് വിങ്ങി വിങ്ങി ഇരുന്നു...എനിക്കിതൊന്നും കാണാനും സഹിക്കാനും ശക്തിയില്ല..ഞാനിതിനു മുന്പ് സംസാരിച്ചിട്ടില്ലാത്ത..മധു എന്നയാൾ വിളിച്ച ആ പെണ്കുട്ടിയുടെ മുഴുവൻ പേരു മധുരിമയെന്നോ മധുമതിയെന്നോ മധുബാലയെന്നോ ആയിരിക്കും...പകൽ മായുന്നു...ഇപ്പോഴും എന്റെ മനസ്സിൽ കരഞ്ഞുകൊണ്ട് ചിത്രം വരയ്ക്കുന്ന ആ കൊച്ചുകുട്ടിയുടെ മുഖം...ആ കുഞ്ഞു മനസ് എത്ര മാത്രം വ്രണപെട്ടുകാണും.. എന്തേ മനുഷ്യര് ഇത്ര സ്നേഹശൂന്യരാകുന്നത്?.