Thursday, 17 November 2011

അമ്മാവനു പറ്റിയ അമളി


(എന്റെ ഒരു ബാല്യകാല സ്വപ്നം ആയിരുന്നു. തിരുവനന്തപുരത്തൊരു ജോലി എന്നത്.കാരണം മറ്റൊന്നുമല്ല. മാധവികുട്ടിയും ഒ.എ‍.ന്‍വി കുറുപ്പും എം കൃക്ഷ്ണ‍ന്‍ നായറും ഉള്‍പ്പെടെ പല സാഹിത്യകാര‍ന്‍മാരും അന്നു അനന്തപുരിയില്‍‍‍ ആയിരുന്നല്ലോ വാസം. അടുക്കളയില്‍‍ നിന്ന് തൊടിയിലേക്കും വിറകുപുരയിലേക്കും പിന്നെ പശുത്തൊഴു‍ത്തിലേക്കുമൊക്കെ വേഗത്തില്‍ ‍ ജോലി ‍ചെയ്തു നീങ്ങുന്ന അമ്മയുടെ പുറകേ വിശേഷങ്ങളു‍മായി കൂടിയ ആ ചെറുപ്റായത്തി‍ല്‍ തന്നെ ഞാന്‍ ‍ പറയുമായിരുന്നു". വലുതായാല്‍‍ ജോലി കിട്ടിയാല്‍ ഒന്നു രണ്ടു വര്‍ഷം കല്യാണം ഒന്നും കഴിക്കാതെ ഒരുത്തരവാദിത്വമില്ലാതെ .പുസ്തകങ്ങള്‍ ‍ ‍വായിച്ചു അലസമായി കഴിയണം.ഡിഗ്രി കഴിഞ്ഞ് ഗ്രാമത്തിലെ എല്ലാ പെണ്‍കുട്ടികളും ചെയ്യുന്ന പോലെ ടൈപ്പും ഷോര്‍ട്ടുഹാന്റും പഠിച്ചു ഗ്രാമത്തിലെ കൊച്ചുകുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു.പത്രത്തില്‍ കണ്ട എല്ലാ ഒഴിവിലേക്കും അപേക്ഷകള്‍ അയച്ചു. ടെസ്റ്റ് എഴുതാന്‍ എറണാകുളം മഹാരാജാസിലേക്കും ലോ കോളേജിലേക്കുമൊക്കെ പോയ ദിവസങ്ങളില്‍ ട്യൂഷന്‍ ക്ളാസിനു അവധി കൊടുത്തു.കൂടുതല്‍ ടെസ്റ്റ് എഴുതിയതിനു ചേച്ചിയുടെ പേരു ഗിന്നസ് ബുക്കില്‍ പേരു വരുമെന്ന് പറഞ്ഞ് കുട്ടികള്‍ കളി പറഞ്ഞത് കേട്ട് വെറുതേ ചിരിച്ചു വെള്ളയില്‍ പൂക്കള്‍ ചിതറിയ നീളന്‍പാവാടയുടുത്ത് അച്ചന്റെ കൂടെ ടെസ്റ്റ് എഴുതാന്‍പോയ എന്നെ നോക്കി വേലിക്കല്‍ നിന്ന് തലപൊക്കി തങ്കോണി ചേച്ചി പറഞ്ഞു."അങ്ങോട്ടുചെന്നാല്‍ ഉടനേ എടുത്തു വച്ചേക്കുവല്ലേ ഉത്യോഗം.. ചുപാര്‍ശേം പണോം ഇല്ലാതെ ഇക്കാലത്ത് ആരുജോലി തരും". മുറ്റത്ത് മുറുക്കി തുപ്പിയിരുന്ന പൊന്നുമൂപ്പത്തി പറഞ്ഞു "നിനക്കെന്ത് ചേതം,തങ്കോണ്യേ, പെണ്ണ്പോയി കൊച്ചി കണ്ടു വരട്ടെ".ഭാര്‍ഗിയമ്മ മാത്രം "കുന്നോളം ആശിച്ചാലേ......." എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.യാതൊരു പ്രതീക്ഷയില്ലായ്മയിലും കല്യാണാലോചനകള്‍ക്കൊന്നും മുഖംകൊടുക്കാതെ ജോലിക്കു ശ്രമിച്ചുകൊണ്ടേയിരുന്നു.അവസാനം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ‍ കനിഞ്ഞു. ഇരുപത്തിനാലു വയസായപ്പോള്‍ കേന്ദ്രജലവിഭവ വകുപ്പിന്റെ ദെല്‍ഹി ഓഫീസില്‍ ജോലി ലഭിച്ചു. ജോലിക്കുള്ള നിയമന ഉത്തരവ് വന്ന ദിവസം ഭാര്‍ഗിയമ്മ വീടിന്റെ മുന്പിലുള്ള നിരത്തില്‍ തന്നെയായിരുന്നു. ആ വഴിക്കുവന്നവരോടും പോയവരോടും പറഞ്ഞു "അറിഞ്ഞോ? കുട്ടിക്കൊരു ജോലി കിട്ടിയിരിക്കണൂ...ദല്‍ഹിയില്‍!! ..അതും ഇന്ദിരാഗാന്ധിയുടെ മൂക്കിനു താഴെ!!!!!!!!!!!!!!!!!.... ".

ഇന്ദിരാ ഗാന്ധി മരണപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭാര്‍ഗിയമ്മക്ക് ഡല്‍ഹിയെന്നു പറ്ഞ്ഞാല്‍ ഇന്ദിരാ ഗാന്ധിയായിരുന്നു. ഭാര്‍ഗിയമ്മയുടെ കഥകളുടെ വിസ്മയക്കെട്ടില്‍ ഇന്ദിരാ ഗാന്ധിയും
ഉണ്ടായിരുന്നു. ഒഴിവു സമയങ്ങളില്‍ പദപ്രശ്നം പൂരിപ്പിക്കുകയായിരുന്നത്രേ വിനോദമെന്ന് എന്നോട് അതിശയത്തോടേ ഇടയ്ക്കൊക്കെ പറയുമായിരുന്നു.

.... ഒരു വര്‍ഷത്തിനുശേഷം തിരുവന്തപുരത്തേക്ക് സ്ഥലംമാറ്റവും കിട്ടി.അങ്ങനെ ഈ സ്വപ്നഭൂമിയില്‍ എത്തി.ഞാന്‍ വന്നപ്പോഴേക്കും മാധവികുട്ടി തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോയിരുന്നു. അതെന്നെ തെല്ല് നിരാശപ്പെടുത്തി.എങ്കിലും ഞാന്‍ പബ്ളിക് ലൈബ്രറിയുടെ അടുത്തുള്ള ഒരു ഹോസ്റ്റലില്‍ ‍താമസമാക്കി.അതാ‍ണ് ചരിത്രം......
ഇനി തുടര്‍ന്ന് വായിക്കുക...)കൈ നിറയെ പുസ്തകങ്ങള്‍ ധാരാളം കൂട്ടുകാര്‍, സിനിമകള്‍ ,സാഹിത്യ ചര്ച്ചകള്‍, സയാഹ്ന യാത്രകള്‍ ഒക്കെയായി സാമോദം വാഴും കാലം....................

വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിലെ ...മുറികളില്‍ ട്യൂബോ ബള്‍ബോ ടാപ്പോ കേടായാല്‍ കാശുമുടക്കാന്‍ മടിക്കുന്ന മഹാപിശുക്കിയായ വാര്‍ഡന്‍...............

ഒരു കൈലി മുണ്ടുമാത്രമുടുത്ത് വണ്ണം കുറഞ്ഞ നേര്‍ത്ത സ്വര്‍ണ്ണമാലയിട്ട് മുറി ഇംഗ്ളീഷും പറഞ്ഞ് പെണ്‍കുട്ടികള്‍ക്കു വരുന്ന ഫോണ്‍കോളൂകള്‍ വാച്ച് ചെയ്ത് നടക്കുന്ന വാച്ചറായ എക്സ് മിലിട്ടറി അമ്മാവന്‍ ..........

ലോകത്തോടു മുഴുവന്‍പ്രണയം പ്രഖാപിച്ച് നിറയെ ബോയ്ഫ്രെണ്ട്സുമായി ആരെയും കൂസലില്ലാത്ത അതിസുന്ദരിയായ സുനിതാമേനോന്‍......

ഒന്നു പറഞ്ഞ് രണ്ടിന് ആരോടുംകേറി ഉടക്കുന്ന മറിയകുട്ടി....

റൂം നംബര്‍ ഏഴ് എന്നും വര്‍ത്തകളാല്‍ സജീവമായിരുന്നു. അങ്ങനെയിരിക്കേ അടുക്കളയില്‍നിന്ന് പതിവായി ഗ്യാസ് ലീക്ക് ചെയ്യുന്ന മണം വരാന്‍ തുടങ്ങി. പലപ്രാവശ്യം പരാതി പെട്ടിട്ടും
വാര്‍ഡന്‍ പരിഗണിച്ചില്ല. സെന്ട്രല്‍ സ്കൂള്‍ ‍അദ്ധ്യാപികയായ രാധ ടീച്ചര്‍ ഗ്യാസ് ലീക്കിന്റെ ‍അപകടത്തെ പറ്റി ബോധവല്‍ക്കരണം നടത്തി. രക്ഷയില്ല. സുനിതാമേനോന്റെ നേതൃത്വത്തില്‍ ലോ കോളേജിലെ ഒരു സംഘം വാര്‍ഡന്റെ മുറിയില്‍ കയറി ഭീഷണിപ്പെടുത്തി. മൈന്റ് ചെയ്തില്ല.

രണ്ട് ദിവസം കഴിഞ്ഞ് ഹോസ്റ്റല്‍ ‍ മുറ്റത്ത് ഒരു ഒട്ടോറിക്ഷ വന്നു നിന്നു.അതി‍ല്‍ ‍‍ നിന്നിറങ്ങി ഒരു ചെറുപ്പക്കാരന്‍‍ വാര്‍ഡന്റെ മുറിയിലേക്ക് ചെന്നു. "ഗ്യാസ് ഏജെന്‍‍സിയില്‍‍ ‍ നിന്നാണ്.....
പരാതി കൊടുത്തിരുന്നോ?...ഒന്നു പതറിയെങ്കിലും "പിള്ളാരാരെങ്കിലും വിളിച്ചായിരിക്കും ഇനി രക്ഷയില്ലല്ലോ" എന്നു വിചാരിച്ച് അടുക്കളയിലേക്ക് നടന്നു.

പരിശോധിച്ചിട്ട് പയ്യന്‍ പറഞ്ഞു."ഇതു പ്രശ്നമാണല്ലോ.. ട്യൂബും റെഗുലേറ്ററും എത്രയും പെട്ടെന്നു മാറേണ്ടി വരും . വാര്‍ഡനമ്മ മനസില്ലാമനസോടേ അഞ്ഞൂറിന്റെ ഒരു പുതിയ നോട്ട് നല്‍കി അമ്മാവനേയും കൂട്ടി വിട്ടു.പിന്നെ കാണുന്ന സീന്‍ ഓട്ടോറിക്ഷയില്‍‍‍ നിന്നിറങ്ങി വിയ‍ര്ത്തു കിതച്ചു വരുന്ന അമ്മാവനെയാണ്..

"എന്തു പറ്റി അമ്മാവാ?..."

"ചേച്ചി വേഗം ഒരു അമ്പതു രൂപയിങ്ങു തന്നേ?"

"അതെന്താ അഞ്ഞൂറു തികഞ്ഞില്ലായോ?"

"ചേച്ചി വേഗം കാശു താ...ഓട്ടോക്കാരനെ പറഞ്ഞു വിടട്ടെ"

ഓട്ടോക്കരനെ പറഞ്ഞുവിട്ട് കസേരയില്‍‍ തളര്‍ന്നിരുന്ന അമ്മാവ‍ന്‍ പറഞ്ഞു. " ചേച്ചീ അത് ഏജന്‍സിയില്‍‍ നിന്നൊന്നുമല്ല, ഏതോ തട്ടിപ്പുകാരനാണ്..'

അമ്മാവനെയും കൊണ്ട് പാളയത്ത് പോയ പയ്യന്‍ ഒരു കടയുടെ മു‍ന്‍പില്‍‍ നിര്‍ത്തി. പാര്‍ട്ട്സ് വാങ്ങിക്കാന്‍‍ കയറി. അവിടെ കിട്ടിയില്ലെന്നും പറഞ്ഞ് അടുത്ത കടയിലേക്ക് പോയ കക്ഷി പിന്നെ തിരിച്ചു വന്നില്ല. അര മണിക്കൂര്‍ പൊരിവെയിലെത്ത് കാത്തു നിന്നു മടുത്ത് തിരിച്ചു വന്ന കാഴ്ച്ചയാണ്  ഞങ്ങള്‍ ‍ കണ്ടത്.

"എന്റെയടുത്ത് ആരുടെയും വിളച്ചില്‍ ‍ വേണ്ട" എന്ന ഭാവത്തില്‍ ‍ ഞങ്ങളെ നോക്കുന്ന അമ്മാവനും മഹാപിശുക്കിയായ വാര്‍ഡനും പറ്റിയ അമളി കണ്ട് ചിരിയമര്ത്തി ഞങ്ങള്‍ റൂമിലേക്ക് വലിഞ്ഞു.സുനിതാ മേനോന്റെ ബോയ്ഫ്രെണ്ട്സ്സില്‍ ‍ ഒരാളാണ് ഗ്യാസ് ഏജന്‍‍സിക്കാരാനായി വന്നതെന്നും വാര്‍ഡന്റെ പണം കൊണ്ട് അവര്‍ ഫ്രൈഡ് റൈസും ചിക്കനും ഐസ് ക്റീമുമായി അടിച്ചു പൊളിച്ചെന്നും പിന്നെയും രണ്ടാഴ്ച്ച കഴിഞ്ഞാണ് ഞങ്ങള്‍‍ അറിഞ്ഞത്............

Friday, 7 October 2011

മൈതാനം നഷ്ടപ്പെട്ട ബാല്യം

                               
                   മകള്‍ ശാന്തമായി  ഉറങ്ങുകയാണ്. ഇത്രയും  നേരം ആകാത്തതോരോന്നു ചൊല്ലി ശാഠ്യം പിടിച്ച കുട്ടിയാണെന്നേ തോന്നുകയില്ല കിടപ്പു കണ്ടാല്‍. മുറി നിറയെ അവള്‍ നിരത്തിയിട്ട ചായ  പ്പെന്‍സിലുകളും കളിപ്പാട്ടങ്ങളും കീറീയചിത്രങ്ങളുമാണ്. ഭിത്തിയില്‍ അവള്‍ പലപ്പോഴായി വരച്ച ചിത്രങ്ങള്‍. പല നിറത്തിലുള്ള ചായങ്ങളില്‍്‌  മുക്കി പതിപ്പിച്ച  കൈയ്യടയാളങ്ങള്‍. ഏറെ നേരം  അവളെ  തന്നെ നോക്കിയിരുന്നപ്പോള്‍ പകലത്തെ ജോലിത്തിരക്കുകളും ഓട്ടവും കൊണ്ടു തളര്ന്ന എന്റെ  മനസിലേക്ക്  ആ ശാന്തത ഒരു ആശ്വാസമായി പടരുന്നത് ഞാന്‍ അറിഞ്ഞു..

                      അപ്പുറത്തെ വീട്ടില്‍  ദീപയുടെ മുറിയില്‍ നിന്ന് ഇപ്പോഴും ലൈറ്റ്  കാണാം. ആകാശിനെ രണ്ടു ദിവസമായിട്ട് മുറ്റത്തേക്കൊന്നും കണ്ടില്ലല്ലോ എന്തെങ്കിലും വയ്യായ്കയാണോ എന്നന്വേഷിച്ചപ്പോഴാ‍ണ്   ദീപ പറഞ്ഞത്."അടുത്തയാഴ്ച്ച പരീക്ഷ വരികയല്ലേ , ഒന്നാം ക്ളാസിലാണെന്നു പറഞ്ഞിട്ട്  കാര്യമില്ല. പഠിക്കാന്‍ ഏറെയുണ്ട് .ഇപ്പോഴേ പിടിച്ചിരുത്തിയില്ലെങ്കില്‍ ശരിയാവില്ല"......

                          ഈ വിജയദശമിക്ക് എന്റെ അമ്മുക്കുട്ടിയേയും   ഏഴുത്തിനിരുത്തണം. എടുത്താല്‍ പൊങ്ങാത്ത  ബാഗും ചെയ്താല്‍ തീരാത്ത ഹോം വര്‍ക്കും...........ഓര്‍ത്തപ്പോളേ ആശങ്ക തോന്നി ഇതില്‍ നിന്ന് എന്തു വ്യത്യസ്തമായിരുന്നു. എന്റെ ബാല്യകാലവിദ്യാഭ്യാസവും ബാല്യകാലവും. 

വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് മനസ്സു പറന്നു.......
പൂത്തുമ്പികള്‍ക്കൊപ്പം പാറി നടന്ന ബാല്യം........
ബഹളങ്ങളില്‍ നിന്നകന്ന്  ശാന്തമായ ഒരു ഗ്രാമം......
ഗ്രാമത്തന്റെ ഉള്ളം കയ്യില്‍ ഭാഗ്യരേഖയായി ഒഴുകുന്ന  പുഴ......
പുഴയുടെ വിശുദ്ധിയിലേക്ക് കൈനീട്ടി  നില്‍കുന്ന ക്രിസ്തുവിന്റെ വലിയ പ്രതിമ............
തിരക്കില്ലാത്ത നിരത്തുകള്‍. അലങ്കാരഭാഷയില്ലാതെ എന്തോ സംസാരിച്ച്  നീങ്ങുന്ന ഗ്രാമീണര്‍......

വീട്ടില്‍ നിന്ന് നോക്കിയാല്‍ തന്നെ കാണാമായിരുന്നു , നിറയെ ആമ്പല്‍പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന കുളത്തിന്‍ കരയില്‍ ആ ഓല മേഞ്ഞ ഷെഡ്ഡ്. അതായിരുന്നു എന്റെ ആദ്യ പാഠശാല..
കളരിയെന്നായിരുന്നു അന്ന്  പറഞ്ഞിരുന്നത്..

                     ഗ്രാമത്തിലെ എല്ലാ കുട്ടികളും അറിവിന്റെ അദ്യാക്ഷരങ്ങള്‍ കുറിച്ചിരുന്നത് കളരിയില്‍ നിന്നായിരുന്നു. അവിടെ എനിക്കൊരു ആശാന്‍ ഉണ്ടായിരുന്നു. മാസ്റ്ററിനും മിസ്സിനും പകരം ഗുരുവിനെ അങ്ങനെയായിരുന്നു  വിളിച്ചിരുന്നത്.. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് അമ്മയുടെ ഒക്കത്തിരുന്ന് കളരിയിലേക്ക്  പോയ ആദ്യ ദിവസം..

                      വിജയദശമി ഞങ്ങളുടെ ഗ്രാമത്തില്‍    ജാതി  മതവ്യത്യാസമില്ലാതെ ഏവരും  ആഘോഷിച്ചിരുന്ന  ഒരു ഉത്സവമായിരുന്നു. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു . മുതിര്‍ന്നവര്‍  എഴുത്തെന്ന  വിദ്യ ആരംഭിച്ചതിന്റെ  ഓര്‍മ്മ പുതുക്കുന്നു.
എനിക്കെല്ലാം ഓര്‍മ്മയുണ്ട്...............

                      അഞ്ചുതിരിയിട്ട   നിലവിളക്കിന്റെ മുന്പില്‍ ആശാനിരുന്ന്  എന്നെ മടിയിലിരുത്തിയത്  നാവില്‍ സ്വര്‍ണ്ണമോതിരം കൊണ്ട് ആദ്യാക്ഷരം കുറിച്ചത്..
ഉരുളിയില്‍പ്പരത്തിയിട്ട  അരിയിലും‍ പിന്നെ പൂജിച്ച മണ്ണിലും കുഞ്ഞിവിരല്‍കൊണ്ട് ഹരി--ശ്രീ എഴുതിപ്പിച്ചത്........അതിനുശേഷം ആശാന്‍ എനിക്ക് "ഹരി ശ്രീ ഗ ണ പ ത യെ നമ:"  എന്നെഴുതിയ എഴുത്തോല  സമ്മാനിച്ചതും എല്ലാം..........

                         ബുക്കിനു പകരം അന്ന്  എഴുത്തോലയായിരുന്നു...   (മദ്ധ്യവേനലവധിക്ക്  അമ്മാവന്റെ മകള്‍ സ്വപ്ന ഇംഗ്ളീഷ് മീഡിയം വിശേഷങ്ങളുമായി വരുമ്പോള്‍  എനിക്ക് ചെറിയ കുശുമ്പൊക്കെ തോന്നാതിരുന്നില്ല...പക്ഷേ ഇന്ന് വിരസതയിലേക്ക് മുങ്ങിത്താഴുന്ന എത്ര ദിവസങ്ങളെയാണ് ഈ ഓര്‍മ്മകള്‍ ഉത്സാഹക്കൈ നീട്ടി കരകയറ്റുന്നത്..)

                         ആശാന്‍ ആയിരുന്നു എന്റെ ആദ്യഗുരു.. ചിത്രത്തില്‍ കാണുന്ന ചട്ടമ്പിസ്വാമികളെ  പോലെ . നീണ്ടു നരച്ച താടി.വീതിയുള്ള നെറ്റി . ഇടുങ്ങിയ തീഷ്ണമായ കണ്ണുകള്‍  പ്രത്യക്ഷത്തില്‍
ആ മുഖത്ത്  സ്നേഹത്തിന്റെയോ ദയയുടെയോ യാതൊരു ഭാവവും ഇല്ലായിരുന്നു..  മുകളില്‍ പല നീളത്തിലും വണ്ണത്തിലും ഉള്ള ചൂരലുകള്‍ വച്ചിരുന്നു . എങ്ങാനും ഒരു കുട്ടി ഒരക്ഷരം തെറ്റിച്ചു പോയാല്‍ ആശാന്‍ കണ്ണുകളുയര്‍ത്തി  വടികളിലേക്ക് നോക്കും. അത് മാത്രമായിരുന്നു
ശിക്ഷ..ഒരു മേല്‍മുണ്ടും പുതച്ച്  വലതുകയില്‍ നാരായവും  ഇടതുകയ്യില്‍ എഴുത്തോലയുമായി മുന്നോട്ടാഞ്ഞ്  ആശാന്‍ ഇരിക്കുന്ന ചിത്രം  വര്‍ഷങ്ങള്‍ക്കിപ്പുറവും എനിക്കെത്ര  വ്യക്തമാണ്!!!

ഹരി.. ശ്രീ.. ......
അ.. ആ ഇ ...
ക ഖ ഗ ഘ  ങ.....

എന്നിങ്ങനെ  ആശാന്‍ അക്ഷരമാലകള്‍ യഥാക്രമം പഠിപ്പിക്കും..ഓരോന്നു പഠിപ്പിക്കുമ്പോഴും  ഓരോ പുതിയ എഴുത്തോല സമ്മാനിക്കും. അദ്യം എഴുത്തോല  കിട്ടാന്‍ കൂട്ടുകാരുടെ ഇടയില്‍ ഒരു മത്സരം   തന്നെ ആയിരുന്നു.

                         വള്ളത്തോള്‍,ചങ്ങമ്പുഴ,കുമാരനാശാന്‍ മുതലായ കവികളുടെയൊക്കെ കവിതകള്‍ അശാന്‍ ഈണത്തില്‍ ചൊല്ലിത്തരും.ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും  അത് ഏറ്റുചൊല്ലും.  ആരു വന്നാലും കിളിപോലെ ചൊല്ലാന്‍  എനിക്കെത്ര കവിതകള്‍ ആ നാലു വയസിലേ കാണാപാഠമായിരുന്നെന്നോ !!!മൂന്നു മണിക്ക് ആശാന്‍ ഞങ്ങളെ കളിക്കാന്‍ വിടും. കളരിക്ക് തെക്കു വശത്തുള്ള ചക്കരമാവിന്‍ചോട്ടിലായിരുന്നു  കളി..കാറ്റ് കനിയുന്ന മമ്പഴങ്ങളെല്ലാം ആശാന്‍ മുറിച്ച് കഷണങ്ങളാക്കി എല്ലാവര്‍ക്കുമായി വീതിച്ച് തരുമായിരുന്നു. മൂന്നര മുതല്‍  എണ്ണല്‍ സംഖ്യകള്‍, സങ്കലന--ഗുണന പട്ടികകള്‍  ഒക്കെ ഏതെങ്കിലും കുട്ടിയെ കൊണ്ട് ചൊല്ലിക്കും. ബാക്കി കുട്ടികള്‍ അതേറ്റു  ചൊല്ലും നാലു മണിയാകുമ്പോള്‍ കളരി വിടും.  നിഴല്‍ നോക്കി സമയം കൃത്യമായി പറയുന്ന അത്ഭുതവിദ്യ ആശാനറിയാമായിരുന്നു.

                         കുട്ടികള്‍ പോയിക്കഴിയുമ്പോള്‍  അത് ആശാന്റെ വീടാകും. ജീവിതത്തില്‍ ശിഷ്യന്മാരെയല്ലാതെ പണമോ വസ്തുക്കളോ ബന്ധങ്ങളോ ഒന്നും തന്നെ സമ്പാദിച്ചിരുന്നില്ല.. കള്ളന്മാര്‍ അപഹരിക്കാത്തതും ആരും പിടിച്ചെടുക്കാത്തതും കൊടുക്കുന്തോറും ഏറിടുന്നതുമായ  ധനം  സര്‍വ്വധനങ്ങളെക്കാളും പ്രധാനമാണെന്നും അതു കൊടുത്തു തന്നെ  വര്‍ദ്ധിപ്പിക്കുക  എന്നും ആശാന്‍  എപ്പോഴും പറയുമായിരുന്നു.  ആശാന്റെ മരണവും കളരിയില്‍ കിടന്നു തന്നെയായിരുന്നു.

                          അതിരാവിലെ മാഞ്ചുവട്ടില്‍ കണ്ണിമാങ്ങ പെറുക്കിയും, പുഴയില്‍ നീന്തി ക്കുളിച്ചും , സന്ധ്യക്ക്  പ്രദക്ഷിണം വച്ച്  ദീപാരാധന  തൊഴുതിറങ്ങിയും ...............
അതിരുകളില്ലാത്ത സന്തോഷത്തിന്റെ  ലോകത്ത് പാറിപ്പറന്ന് നടന്നിരുന്നു എന്റെ ബാല്യം..

                        മകള്‍ നല്ല  ഉറക്കത്തില്‍ തന്നെ.  അവളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന
മുടി ഒതുക്കി വച്ച് പുതപ്പിച്ച് കിടത്തുമ്പോള്‍  ഞാന്‍ ഓര്‍ത്തു. ഈയിടെ അവളുടെ  ശാഠ്യം  വല്ലാതേറുന്നുണ്ട്.  ആകാശ് ആണ്‍കുട്ടിയായിട്ടും   ദീപാന്റിയുടെ  ഭിത്തിയില്‍ ഒരു വര പോലും  ഇല്ലല്ലോ എന്നൊക്കെ പറഞ്ഞ് ഞാന്‍ ശാസിക്കാറുണ്ട്.   പക്ഷേ  കയ്യിലിരുന്ന പുതിയ  പാവക്കുട്ടിയെയും വലിച്ചെറിഞ്ഞ് എനിക്ക് കുത്തിവരക്കാന്‍ ഒരു ഭിത്തി മതിയേ എന്നും പറഞ്ഞ് അവള്‍ ഇന്നലേയും  കുറെയേറെ കരഞ്ഞു...'

                        എനിക്കറിയാം ഇവിടെ ബാല്യം ജനലഴികളിലൂടെ പുറത്തേക്ക് നോക്കിനില്‍ക്കുകയാണ്.  ഓരോരോ ഡേകെയറുകളിലായും ഏജന്‍സികളില്‍ നിന്ന് ദൈനിക വേതനത്തിനെടുക്കുന്ന ആയമാരുടെ കൈകളിലൂടെയും അവള്‍ വളരുകയാണ്.
"ഹാവൂ, രുഗ്മിണീസ്വയംവരം പോലൊരു സ്വയം വരമില്ലെന്റെ കുട്ടിയേ   ...ശിവ ശിവ... " എന്നും പറഞ്ഞ് കഥകളുടെ വിസ്മയങ്ങളുമായി പടികടന്നു വരാന്‍ ഒരു മുത്തശിയുമില്ല...

                       ഓണത്തിനും  വിഷുവിനുമൊക്കെ  നാട്ടില്‍്‌  പോകുന്ന ഹ്രസ്വ വേളകളില്‍്‌  മുറ്റത്തും തൊടിയിലും  ഓടികളിച്ചും പട്ടം പറത്തിയും  നടക്കുന്ന അവളുടെ  മുഖത്ത്  പൂത്തു വിടരുന്ന സന്തോഷം പറിച്ചെറിഞ്ഞ്  തിരിച്ച് പോരുമ്പോള്‍  എനിക്കും  വേദനിക്കാഞ്ഞല്ല.പക്ഷേ....

                     ഓരോന്നാലോച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. മകള്‍ നിരത്തിയിട്ട ചായപ്പെന്‍സിലുകളും കീറിയ ചിത്രങ്ങളും  അടുക്കി വക്കണം.  നാളെ അവള്‍ക്ക് വീണ്ടൂം
നിരത്തിയിടാനും പിന്നെ എനിക്ക് വീണ്ടും അടുക്കി വക്കാനും"........

Saturday, 20 August 2011

ഗ്രാമചിത്രം.

ഇടക്കൊന്നു പറഞ്ഞോട്ടെ....ഞാന്‍ ‍‍ ‍ പഴമ്പുരാണക്കെട്ടഴിക്കാന്‍‍ തുടങ്ങുമ്പോഴും നീ ഈ ചിത്രം മനസ്സിലേക്ക് കോറിയിടണം.
ഒരു ഗ്രാമചിത്രം...
മൂവാറ്റുപുഴയാറിന്റെ കൈയ്യും പിടിച്ച് ഒരു ഗ്രാമം ...
അവിടെ  ഒരു കൊച്ചു വീട്. ചുറ്റിനും ഓല വേലി. വേലിക്കു  മുകളിലൂടെ തല നീട്ടി നില്‍‍ക്കുന്ന ചുവന്ന ചെമ്പരത്തി പൂക്കള്‍‍.വീടിന്റെ  പടിഞ്ഞാറു വശത്ത് തോട്. സിമന്റ് പാലം കഴിഞ്ഞ് പടിഞ്ഞാട്ട്  ഇറങ്ങിയാല്‍‍ അമ്പലപ്പറമ്പായി.,അമ്പലമായി.
വിശേഷ അവസരങ്ങളില്‍ ‍ മാത്രം തിരക്കുള്ള അയപ്പന്റെ അമ്പലം  .ചില മഴക്കാല സായാഹ്നങ്ങളില്‍ ‍ ഞാനും പൂവൊരുക്കുന്ന മാണിക്കാമ്മയും മാത്രമേ ദീപാരാധനക്കുണ്ടായിരുന്നുള്ളൂ. മതിലിനകത്തെ ചരല്‍   വിരിച്ച മുറ്റത്ത് ഞങ്ങളുടെ മാത്രം കാല്‍‍പ്പാടുകള്‍.. തിരിഞ്ഞു നോക്കുമ്പോള്‍‍ എത്ര മനോഹരമായിരുന്നു ആ  നനഞ്ഞ സന്ധ്യകള്‍.അമ്പലം കഴിഞ്ഞ്  നേരെ പോകുന്നവഴി ചെന്നെത്തുന്നത് പടവുകളുള്ള ആ പുഴക്കടവിലേക്കാണ്. അവിടെയാണ് ആ പ്രദേശത്തുള്ളവരെല്ലാം അന്ന്കുളിച്ചിരുന്നത്. ചന്ദ്രികയും ഭാര്‍ഗവിയമ്മയും നടരാജന്‍ ‍ ജോത്സ്യരും നളിനാക്ഷിയും എല്ലാം കുളിക്കാന്‍ ‍ വന്നിരുന്നത് ആ  പുഴക്കടവില്‍‍ ആയിരുന്നു.  പുഴയോരത്തു കൂടി നേരെ വടക്കോട്ടൂ പോകുന്ന റോഡ്   ചെന്ന്  നില്‍ക്കുന്നത് ഇളങ്കാവ് അമ്പലം ജങ്ഷനിലെ വായനശാലയുടെ മുമ്പിലാണ്. ഗ്രാമത്തിനു പുറത്ത് പട്ടണത്തിലേക്ക് പോകുന്നതിനും തലയോലപറമ്പ് ചന്തയി‍ല്‍ പോകുന്നതിനും ഒക്കെ ബസ് കിട്ടണമെങ്കില്‍ അമ്പലം ജങ്ഷനില്‍ ‍ ചെല്ലണം അന്നും ഇന്നും (ഉം...അതേ സുല്‍‍ത്താന്‍ ‍ പറഞ്ഞ ആനവാരിയും പത്തുമ്മയും ഉള്ള അതേ ചന്ത.)..
പുഴക്കടവിനോടു ചേര്‍‍ന്ന് വഴിയോരത്തു   തന്നെയാണ്  നാലഞ്ചു മുറികളുള്ള എസ്.എന്‍‍.ഡി.പിയുടെ  കെട്ടിടം. അതിനടുത്തായി ഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രവും. പുഴയോരത്തുള്ള ആ പഴയ കെട്ടിടത്തില്‍ ‍ ആദ്യത്തെ മുറിയില്‍‍ അമ്പലത്തിലെ പൂജാരി തമസിച്ചിരുന്നു.അതിന്റെ തൊട്ടടുത്ത മുറി വിശ്വന്‍ ‍ ചേട്ടന്റെ മുറുക്കാന്‍ ‍കടയായിരുന്നു.. ബീഡി,പുളി മിഠായി,പപ്പടം,ബലൂണ്‍,കുഞ്ഞു പ്ളാസ്റ്റിക് കവറില്‍‍ കിട്ടുന്ന കിട്ടുന്ന നാരങ്ങാ അച്ചാര്‍‍ സോഡാ ഇത്രയും കാര്യം എന്നും ആ കടയില്‍ ‍ ഉണ്ടായിരുന്നു. രാഷ്ട്രീയം പറച്ചിലും പുളുവടിയുമൊക്കെ കേട്ട് രസിച്ചിരിക്കുമെങ്കിലും വിശ്വന്‍‍ ചേട്ടന്‍‍ ഒരിക്കലും ആ സംഭാഷണങ്ങളില്‍ ‍ പങ്കെടുത്തിരുന്നില്ല.. ആ കാല്‍  ‍ പെട്ടിയുടെ പുറത്ത് മുമ്പോട്ടാഞ്ഞിരുന്ന് ബീഡി  തെറുത്ത് കൊണ്ടങ്ങനെയിരിക്കും. രാവിലെ എട്ടു മണി മുതല്‍  ‍ രാത്രി എട്ടു മണി വരെ എന്ന സമയ  നിഷ്ഠ പുള്ളീക്കാരന്‍  ‍  കൃത്യമായി പാലിച്ചിരുന്നു.                   
വിശ്വന്‍  ‍ ചേട്ടന്റെ റാന്തല്‍  ‍ വെളിച്ചം എന്റെ വീടിന്റെ മുമ്പിലൂടെ കടന്ന് പോകുമ്പോളാണ് ഞാന്‍‍ പഠനം മതിയാക്കി പുസ്തകം അടച്ച് ഭക്ഷണം കഴിക്കാനായി അടുക്കളയിലേക്ക് പോകുന്നത്.
 അതിന്റെ അടുത്ത മുറിയിലാണ്  നമ്മുടെ നടരാജന്‍‍ ജോത്സ്യരുടെ ജ്യോതിഷാലയം. എപ്പോഴും ഗൌരവം നടിച്ചു നടക്കും.. ആരോ പറഞ്ഞപോലെ ഞാനും അനന്തന്‍‍ ചേട്ടനും കൂടിയാണ്‍ ഭൂമിയുടെ അച്ചുതണ്ട് താങ്ങുന്നതെന്ന മട്ടിലുള്ള  മട്ടും ഭാവവും നോട്ടവുമൊക്കെ ഒന്നു കണേണ്ടതു തന്നെ!!!!!!!!!!!!!!! സ്വയം ബ്രഹ്മചാരിയെന്ന് വിശേഷിപ്പിച്ചിരുന്ന അദേഹത്തെ അന്വേഷിച്ച് ബന്ധുക്കളാരും വന്നു കണ്ടിട്ടില്ല..  ജ്യോതിഷാലയത്തിനു മുമ്പിലായി   കറുപ്പില്‍ ‍ വെള്ള അക്ഷരത്തില്‍  ജോത്സ്യര്‍,‍ ആര്‍‍‍ . നടരാജന്‍, ജ്യോതിഷാലയം എന്നൊരു ബോര്‍‍ഡ് എഴുതി വച്ചിടുണ്ട്.. ആ ബോര്‍‍ഡാണ്   ഒരു ഏപ്രില്‍‍ഫൂള്‍‍ നാളില്‍  ‍ ഞാനും ശ്രീദേവിയും ദാസന്‍ച്ചേട്ടനുമൊക്കെ അടങ്ങുന്ന കുട്ടി സഘം പ്രാഥമികകേന്ദ്രത്തിലെ :'കുട്ടികള്‍ ഒന്നോ രണ്ടോ മതി' എന്ന ബോര്‍‍ഡുമായി മാറ്റി വച്ച് വല്യ പുകിലായത്. ഉറഞ്ഞു തുള്ളിയ ജോത്സ്യര്‍‍ അച്ഛനോടു പറഞ്ഞു "മാഷിന്റെ മകളും കൂടിയുള്ളതു കൊണ്ടു  മാത്രം ഞാന്‍ ‍ ഇത് പോലീസ് കേസാക്കുന്നില്ല." ദോഷം  പറയരുതല്ലോ മുറ്റത്തെ പേരയില്‍ ‍ നിന്ന് കമ്പൊടിച്ച് എന്നെ അടിച്ചോണ്ടിരുന്ന അച്ഛനെ ജോത്സ്യര്‍  വന്നു തടസ്സം പിടിച്ചു."'കുട്ടിയല്ലേ  കുറച്ചു വികൃതിയൊക്കെ ആവാം. നല്ലതുപോലെ. ഒന്നു കൂടികൊടുത്തങ്ങു  നിര്‍‍ത്തിയേക്ക്."വൃശ്ചി ക മാസത്തില്‍ ‍ അയ്യപ്പന്റെ അമ്പലത്തില്‍ ‍ എപ്പോഴും ഭജന കാണും.    സാധാരണ ഭക്തിഗാനങ്ങള്‍‍ പാടുന്ന  ഭജനക്കൂട്ടത്തില്‍ ‍ നിന്ന്  മൈക്ക് പിടിച്ചു വാങ്ങി അല്‍‍പ്പം  ദൂരേക്ക്  മാറിയിരുന്ന് ശാസ്ത്രീയ ഗാനങ്ങള്‍‍ ആലപിക്കാന്‍‍ തുടങ്ങും.   ക്ളാസിക്കല്‍  പഠിക്കാതെയുള്ള ഈ ഗാനാലാപനം അസഹനീയം തന്നെയായിരുന്നു. പുള്ളിക്കാരന്‍ ‍ കരുണാകരനേ  കാര്‍‍ത്തികേയാ എന്നും പറഞ്ഞു പാട്ട് തുടങ്ങുമ്പോളേ  ഭാര്‍ഗവിയമ്മ   അസ്വസ്ഥതയോടെ മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ ‍ തുടങ്ങും..  മഹാഗണപതെയോ മറ്റോ പാടുകയാണെങ്കില്‍ ‍ നടത്തം നിറുത്തി എന്റെ വീട്ടിലേക്ക് ഓടി വരും."ശാസ്ത്രീയമായി പഠിക്കാതെ  കീര്‍ത്തനങ്ങള്‍  പാടിയാല്‍ ‍ മഹാപാപം കിട്ടും. മുത്തുസ്വാമി ദീക്ഷിതരും ത്യാഗരാജരും ഒക്കെ ആരെന്നു കുട്ടിക്ക് വല്ല നിശ്ചയവുമുണ്ടോ?. ഇല്ലാന്നു വച്ചാല്‍‍ അടുത്തോണത്തിന്‍ എന്റച്ഛന്റില്ലത്തെ ഗോവിന്ദന്‍  ‍ നമ്പൂതിരി വരുമ്പോള്‍‍ ഒന്നങ്ങടു വരിക....നന്നായി ചോദിച്ചു മനസ്സിലാക്കുക. "   എന്നെന്നോട് കയര്‍‍ത്തിട്ട് തിരിച്ചു പോകും. നേരെ എതിരെ ആരെങ്കിലും പരിചയക്കാര്‍  വന്നാല്‍ നമ്മള്‍  അവരെ നോക്കി ചിരിക്കും. പക്ഷേ ജോത്സ്യര്‍‍ ചിരിക്കില്ല. ഗൌരവം വിടാതെ അവരെ സൂക്ഷിച്ചു നോക്കി ഒന്നമര്‍‍ത്തി മൂളും. എല്ലാത്തിലും ഒരു വ്യത്യസ്തത തോന്നിക്കാന്‍‍ വേണ്ടി പുള്ളിക്കാരന്‍  ഒരുപാട് ജാഡകളൊക്കെ കാണിക്കുമായിരുന്നു . എല്ലാവരും ഭഗവാനെ നോക്കി കൈ കൂപ്പി വ.ണങ്ങുമ്പോള്‍‍ പുള്ളിക്കാരന്‍‍ ശ്രീകോവിലിലെ  വിഗ്രഹത്തിലേക്ക് നോക്കി നിര്‍‍ന്നിമേഷനായങ്ങനെ നില്‍‍ക്കും.എല്ലാവരും നേര്‍‍ച്ചപ്പെട്ടിയില്‍‍ പൈസ ഇടുമ്പോള്‍ ‍ ജോത്സ്യര്‍‍ ശ്രീകോവിലിലേക്ക് പൈസ നേരിട്ട് എറിഞ്ഞു കൊടുക്കും.മുളങ്കൂട്ടങ്ങള്‍‍ കാവല്‍ നില്‍ക്കുന്ന  ആ പുഴക്കടവിന്റെ അധിപന്‍‍ താനെന്ന മട്ടിലായിരുന്നു ജോത്സ്യര്‍ ‍ പലപ്പോഴും പെരുമാറിയിരുന്നത്.കൂടുതല്‍‍ സമയം എടുത്തു കുളിക്കുന്നവരെ ശാസിക്കുന്നതും പുള്ളി എണ്ണയും കുഴമ്പും തേച്ച് നില്‍‍ക്കുമ്പോള്‍‍ വരുന്നവരോട് "ഞാന്‍ കുളിച്ചിട്ട് മതി" എന്നു നിര്‍‍ദ്ദേശിക്കുന്നതും ഒക്കെ   കേള്‍ക്കാമായിരുന്നു. എങ്കിലും എങ്കിലും അവസാനം ഒരു ദിനം കുളിക്കാനായി പുഴയില്‍‍ ഇറങ്ങിയ ജോത്സ്യര്‍‍ തിരിച്ചു കയ‍റിയില്ല. അന്നാദ്യമായി ഗ്രാമത്തില്‍‍ ഫയര്‍‍ എഞ്ചിനും ക്രെയിനും ഒക്കെ വന്നു. പിന്നെ ജോത്സ്യരുടെ ചേതനയറ്റ ശരീരം  കരക്കെടുത്തപ്പോള്‍ ‍ എല്ലാവര്‍‍ക്കും വല്യ സങ്കടമായി....
 അതിന്റെ അടുത്ത മുറി ജിംനാസ്റ്റിക്  രതീശന്റെ ആയിരുന്നു.ചന്ദ്രിക കുളിക്കാനായി പുഴക്കടവിലേക്ക്  പോകുമ്പോളും തിരിച്ചു വരുമ്പോളും അവന്‍‍ ആമത്തല നീട്ടിയങ്ങനെ നില്‍ക്കും. ഒരിക്കല്‍ ചന്ദ്രികയ്ക്കു  പനിയായിരുന്ന ഒരു ദിവസം ഇരു നിറത്തി ല്‍  ‍  നെറ്റിയിലേക്ക്  ചുരുണ്ട മുടി വീണുകിടക്കുന്ന അത്രക്കൊന്നും ഭംഗിയില്ലാത്ത ആ മെലിഞ്ഞ പെണ്‍‍കുട്ടിയെ  മാത്രം കണ്ടപ്പോള്‍ ‍ അവന്റെ കണ്ണിലെ പ്രകാശം കെട്ടതും  മുഖത്ത് നിരാശ പടര്‍‍ന്നതും ഓര്‍‍ക്കുമ്പോള്‍  ‍ എനിക്കിപ്പോഴും ചിരി പൊട്ടും. ചന്ദ്രികയെ കാണാന്‍  ‍ മാത്രമാണ്‍ അവളുടെ നീരാട്ടുവഴിയില്‍‍ ഇങ്ങനെയൊരു ജിംനേഷ്യം ഇട്ടതെന്നാണ്‍ ഭാര്‍ഗവിയമ്മ   എന്നോട് പറഞ്ഞത്. അക്കാലത്ത് നാട്ടില്‍‍ നടക്കുന്ന  വാ‍ര്‍ത്തക‍ള്‍  എന്നോട് ആദ്യം വന്നു പറഞ്ഞിരുന്നത് ഭാര്‍ഗവിയമ്മ   ആയിരുന്നു.. കോട്ടക്കല്‍ ‍       ശിവരാമന്റെ ദമയന്തിയോ
ഭാര്‍ഗവിയമ്മയുടെ അച്ഛന്റില്ലത്തെ മുത്തശ്ശി പണ്ടുണ്ടാക്കിയ ഇഞ്ചിത്തൈരിന്റെ രുചിയോ
ലക്ഷ്മി   ടീച്ചറിന്റെ  മകളൂടെ ഇംഗ്ളീഷിന്റെ മാര്‍‍ക്കോ
ഗ്രാമത്തില്‍ പുതുതായി തളിര്‍‍ത്ത പ്രേമമോ
അലസിയ ഗര്‍‍ഭമോ
എന്നു വേണ്ട ആകാശത്തിനു കീഴിലുള്ള എന്തും ഭാര്‍ഗവിയമ്മക്ക്
വിഷയമായിരുന്നു. ഹാവൂ ശിവ ശിവ " എന്നു പറഞ്ഞിട്ട് കണ്ണുകള്‍‍ കൊണ്ടൊന്ന് ചുറ്റിനും തിരയും . ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ശബ്ദം താഴ്ത്തി ... "കുട്ടീ, ആരോടും പറയല്ലേ.ഇരുചെവി അറിയരുതേ.. പുറത്തു പോവല്ലേ... കാറ്റിനും കാതുള്ള കാലം.." എന്ന മുഖവുരയോടെ  എന്നോടു മാത്രമായി പറഞ്ഞിരുന്ന " വൃത്താന്തങ്ങള്‍    എനിക്കെന്നും കൌതുകം തന്നെയായിരുന്നു. പക്ഷേ ആ വിശേഷങ്ങള്‍ ‍‍ പിന്നീടൊരിക്കല്‍ ഞാന്‍  പറയും.
തല്‍‍ക്കാലം വാക്കുകള്‍‍ മുറിച്ച് ഇവിടെ നിര്‍‍ത്തുന്നു.
.....................

Friday, 1 July 2011

പിന്നെയും എത്രയോ ഓര്‍മ്മകള്‍


-വീണ്ടൂം വീണ്ടും ര്‍മ്മിക്കുമ്പോള്‍ഇന്നലെകളിലേക്കുള്ള  ദൈര്‍ഘ്യം കുറയും. ന്റെ  ബാല്യത്തെ  കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ ആരംഭിക്കുന്നത്  വിജയദശമി നാളില്‍  നിന്നുതന്നെയാണ്.
 ഇനിയും എത്രയോ  ഓര്‍മ്മകള്‍‍!!!
അറിയാതൊന്നുറക്കെ  ചിരിച്ചു പോയാല്‍‍ "ഹാവൂ! ശിവ   ശിവ കുട്ട്യേ കളിചിരി പ്രായമൊക്കെ കഴിഞ്ഞൂട്ടോ...." എന്നു ശാസിച്ച്  "കല്ലോല ജാലത്തിലൂടെ"  ഹംസദമയന്തി കഥയിലേക്ക് എന്നെ കൊണ്ടു പോകുന്ന തെക്കേ വീട്ടിലെ ഭാര്‍ഗ്ഗവിയമ്മ.(എത്രയെത്ര പുരാണകഥകളാണ് എനിക്ക് പറഞ്ഞു തന്നിരിക്കുന്നതെന്നോ) 
അവസരത്തിലും അനവസരത്തിലും പ്രവചനങ്ങ‍ള്‍ നടത്തി....പിന്നെ ഒരു നാള്‍ ആരോടും ഒന്നും.. പറയാതെ പുഴയുടെ അഗാധതയിലേക്ക് മറഞ്ഞ നടരാജന്‍  ജോത്സ്യര്‍‍!
മനസ്സിലെ പ്രണയനിലാവ് കണ്ണില്‍നിന്നു മറക്കാ‍ന്‍ കഴിയാത്ത, ആരെയും  മോഹിപ്പിക്കുന്ന ചന്ദ്രികാമേനോന്‍‍(എവിടെയെല്ലാം പോയി, ചന്ദ്രികയെപ്പോലൊരു സുന്ദരിയെ ഞാനിതുവരെ..........)
പിന്നെ രണ്ടറ്റവുമെത്താത്ത ഒരു പഞ്ചസാര മുണ്ടുടുത്ത് മേലാകെ കുഴമ്പു തേച്ച് കെട്ടു  വള്ളക്കാര്‍പോകൂമ്പോള്‍മുണ്ട്  വെറുതെയൊന്നഴിച്ചുടുക്കുന്ന നളിനാക്ഷി!
പിന്നെയും എത്രയെത്ര കഥാപാത്രങ്ങള്‍‍!
ചില നേരങ്ങളില്‍ ശൂന്യത വന്നു  കൊത്തിപ്പറിക്കുമ്പോള്‍എന്നെ വന്നു രക്ഷിച്ച് കൊണ്ടുപോകുന്നത് ഇവരിലാരെങ്കിലുമായിരിക്കും. ചിലപ്പോഴെങ്കിലും ആരും പറയാത്ത കഥ പറഞ്ഞുതരാ‍ന്‍ പറഞ്ഞ് ശാഠ്യം പിടിക്കുന്ന ന്റെ മോളുടെ മുമ്പി‍ല്‍ കഥക്കാരിയാകാന്‍ പറ്റുന്നത്   ഓര്‍മ്മകളുടെ പച്ചപ്പ് ഉള്ളതു കൊണ്ടായിരിക്കും. !

Wednesday, 11 May 2011

ഓര്‍മ്മപ്പൊട്ടുകള്‍

അമ്മേ,അമ്മേ ഒരു കഥ‌ പറഞ്ഞുതരുവോ , ഒരുകുഞ്ഞുകഥ‌,ആരുംപറയാത്തകഥ‌കുറുക്കനും മുന്തീരിയുംവേണ്ട. കള്ളക്കിളികളുടെ കൂടെ കൂടിയ പവിഴത്തിന്റ കഥ‌ വേണ്ട .ആമയുടെയും മുയലിന്റെയും കഥ‌യും വേണ്ടാ.
ഒരു കുഞ്ഞിക്കഥ‌, ആരും പറയാത്ത കഥ‌
മാളു വീണ്ടും കൊഞ്ചി
*          *          *           *            *           *           *            *         
അന്നൊരു വിജയദശമി നാള്‍. അമ്മയുടെ ഒക്കത്തിരുന്ന് അമ്പലപ്പറമ്പിലേക്ക് പോകുമ്പോള്‍ കുട്ടിയുടെ മനസ്സ് നിറയെ സന്തോഷം ആയിരുന്നു.രാവിലെ കുളിപ്പിക്കുമ്പോഴാണമ്മ പറഞ്ഞത് "ഇന്ന് കുട്ടിയെ എഴുത്തിന്നിരുത്തും.അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ചാ ബാലരമയിലെ കഥയൊക്കെ തനിയെ വായിക്കാം"ഉവ്വോ"കുട്ടി  അതിശയത്തോടും  ആഹ്ളാദത്തോടും ചോദിച്ചു .
അമ്പലക്കുളത്തിനരികിലുള്ള  ആ ഓലമേഞ്ഞ കെട്ടിടത്തില്‍ നിറയെ ആള്‍ക്കാര്‍ ആയിരുന്നു.കുട്ടി സന്തോഷത്തോടു കൂടി  എല്ലാവരേയും നോക്കി  ചിരിച്ചു. ആള്‍ ക്കൂട്ടത്തിനു നടുവിലേക്ക് എത്തി നോക്കി.
ആള്‍ക്കൂട്ടത്തിന്റെ നടുവില് hrദ്ധനായ താടിയുള്ള ഒരാളിരുന്ന്  പാത്രത്തിലെ അരിയില്‍എന്തോ എഴുതിക്കുന്നു ഇയാളാണ് എഴുത്താശാന്‍. ഇദ്ദേഹമാണ്    കുഞ്ഞിനെ എഴുത്ത് പഠിപ്പിക്കാന്‍  പോകുന്നത്. പെട്ടെന്ന് കുഞ്ഞിന്പേടിയും സങ്കടവും തോന്നിഅമ്മയുടെ തോളിലേക്ക്  ചാഞ്ഞു. പെട്ടെന്നാണ്"കുട്ടി അത് കണ്ടത്. "ഹായ്അതാ ചീരാമ്മ!!! കുട്ടിയെ തന്നെ നോക്കി ചിരിക്കുന്നു.(വടയാര്‍ എന്ന  ഗ്രാമത്തില്‍  രണ്ടു ഭ്രാന്തിമാരാണേ ഉ ണ്ടാ യിരുന്നത്. ചീരാമ്മയും നയ്യോമിയും.എപ്പോഴും ദുഖിച്ചിരിക്കുകയും കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന നയ്യോമിയെ കുട്ടിക്ക് വല്യ പേടിയായിരുന്നു..പക്ഷേ എപ്പോഴും ചിരിക്കുകയും  പാട്ടുപാടുകയും  കഥ പറയുകയും ചെയ്യുന്ന ചീരാമ്മയെ കുട്ടിക്ക് ഏറെ ഇഷ്ടമായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ഇടയിലൂടെ കുട്ടിയുടെ അടുത്തേക്ക് ധ്രുതിയില്‍ വന്ന ചീരാമ്മ കയ്യിലിരുന്ന ചുട്ട കപ്പ കുട്ടിക്ക് നേരെ നീട്ടി..മറ്റാര്‍ക്കും കൊടുക്കാതെ  തനിക്ക് മാത്രമായികിട്ടിയ സമ്മാനത്തില്‍ കുട്ടിക്ക് അഭിമാനം തോന്നി.സന്തോഷത്തോടെ കുട്ടിയതെടുത്ത് വായില്‍ വച്ചു.പെട്ടന്നതു  കണ്ട അമ്മ കപ്പ  പിടിച്ച് വാങ്ങി ദൂരേക്ക് എറിഞ്ഞു.കുട്ടിയുടെ കാലില്‍ ഒരു നുള്ളും  വച്ചു കൊടുത്തു.കുട്ടി പൊട്ടിക്കരയാന്‍ തുടങ്ങി.അത് കണ്ട ചീരാമ്മ പൊട്ടിച്ചിരിക്കാന്‍  തുടങ്ങി. ആ കുട്ടിയുടെ  പേര്‍ അജിത എന്നായിരുന്നു.  അത് ഞാനായിരുന്നു.
  *         *         *          *          *           *          *          *         
. കഥ കേട്ട് മാളു സന്തോഷത്തോടെ ഉറങ്ങി.എന്റെ ബാല്യത്തെ ചേര്‍ത്തുപിടിച്ച് ഞാനും .....

Friday, 1 April 2011

ഈ കത്തു നിനക്കുള്ളതാണ്


നിന്നോടൊന്നും പറയാനില്ലാതെ  ഒരു  ദിനവും
അവസാനിച്ചില്ല
സ്വപ്നത്തിന്റെ ഒരു ദളം
സങ്കടത്തിന്റെ ഒരു തരി
ഇഷ്ടത്തിന്റെ ഒരു തുള്ളി
എഴുതാന്‍ പോകുന്ന  കഥയിലെ ഒരു വാക്ക്
എഴുതിപ്പോയ കവിതയിലെ ഒരു വരി
നിന്നോടൊന്നും പറയാനില്ലാതെ  ഒരു  ദിനവും
അവസാനിച്ചില്ല.
പക്ഷേ  നീണ്ട മൌനത്തിനവസാനം
വീണ്ടും സംസാരിചു തുടങ്ങുമ്പോള്‍
 എനിക്കറിയാം അല്‍പ്പം മുന്‍പ്  സംസാരിച്ചു
നിര്‍ത്തിയതിന്‍ ബാക്കി പോലെ
നമുക്കു കൈകോര്‍ക്കാന്‍ കഴിയും
അതു കൊണ്ട്
 കത്തു നിനക്കുള്ളതാണ്