Powered By Blogger

Sunday 16 August 2020


ഓർമ്മ ചിത്രം 

കല്യാണം കഴിഞ്ഞതിന്റെ ആദ്യനാളുകളിൽ  നാലഞ്ചു വര്ഷം പേട്ടയ്ക്കടുത്തുള്ള ഒരു വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വലിയ സൗകര്യമൊന്നുമില്ലാത്ത ഒരു ചെറിയ വീടായിരുന്നു അത്. മറക്കാനാവാത്ത ഒരുപാട് യാത്രകൾ പോയത് ആ  വീട്ടിൽ താമസിച്ചിരുന്നപ്പോഴാണ്.  അച്ഛനും അമ്മയും ദൂരെ ഗ്രാമത്തിൽ ആയിരുന്നത് കൊണ്ട് ഔദ്യോഗിക യാത്ര ഉൾപ്പെടെ എല്ലാ യാത്രകളിലും അമ്മുവും കൂട്ടിനുണ്ടായിരുന്നു. കുഞ്ഞമ്മുവിനും യാത്രകൾ വലിയ ഇഷ്ടമായിരുന്നു. വൈകുന്നേരം ഓഫിസിൽ നിന്ന് വരുമ്പോഴേ അവൾ വാശി        പിടിക്കാൻ തുടങ്ങും "എനിക്ക് മിച്ചിയത്  പോണം...കങ്കുമുഖത്ത് പോണം " എന്നൊക്കെ. മ്യുസിയത്തും ശംഖുമുഖത്തും മാത്രമല്ല ..അമ്പലത്തിലേക്കും ചാല മാർക്കറ്റിലേക്കും കല്യാണങ്ങൾക്കും പല പല പ്രദർശന ശാലകളിലേയ്ക്കും ദേശം വിട്ടുള്ള  യാത്രകളിലും    എല്ലായിടത്തും അവളും കൂടെയുണ്ടാകും .യാത്ര കഴിഞ്ഞു വീട്ടിലേക്ക് എത്തി   തറയിലേക്ക് നിർത്തുമ്പോൾ കാല് നിലത്ത് തൊടാതെ 'റ്റാറ്റ  തീർന്നു പോയേ...." എന്ന് പറഞ്ഞു കുറെ നേരം കരയുമായിരുന്നു. അങ്ങനെയുള്ള ഒ
രു സായാഹ്‌ന യാത്രയായിരുന്നു. പതിവ് പോലെ ബൈക്കിൽ നടുക്ക് അവൾ   വാശി പിടിച്ചു   കാഴ്ച്ചകൾ കാണാൻ   എഴുന്നേറ്റു നിൽക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഇടവഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോൾ  'വണ്ടി നിർത്തൂ....വണ്ടി നിർത്തൂ...." എന്ന് പറഞ്ഞു അലറി വിളിച്ചു. ഏതെങ്കിലും പുള്ളി പശുവിനെയോ പട്ടിയേയോ  പൂച്ചയേയോ കണ്ടിട്ടായിരിക്കും  എന്ന് വിചാരിച്ചു വണ്ടി നിർത്തി. അവിടെയെങ്ങും ഒന്നും കണ്ടില്ല . റോഡിനടുത്തുള്ള പറമ്പിൽ  ചവർ അടിച്ചു വാരി ഒരു സ്ത്രീ  തീ  ഇടുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൾ  ആ കത്തി കൊണ്ടിരിക്കുന്ന ചവറു കൂനയുടെ  അടുത്ത് പോയി "അമ്പായി എന്നെ    രച്ചിക്കണേ... എന്ന് പറഞ്ഞു കണ്ണടച്ചു പ്രാർത്ഥിച്ചു .അമ്പലമാണെന്ന് വിചാരിച്ചായിരിക്കും. പിന്നീട്   ബെഡ് ടൈം കഥ പറച്ചിൽ വേളയിൽ ഇത് കഥയായി പറഞ്ഞു ചിരിക്കുമായിരുന്നു ഞങ്ങൾ. വർഷങ്ങൾ കഴിഞ്ഞു . അമ്മു പ്ലസ് റ്റു വിനു ശേഷം ഫാഷൻ ഡിസൈൻ കോഴ്സിന് നിഫ്ട് കണ്ണൂരിൽ  ചേർന്നു.  പുസ്തകങ്ങളും നോട്ട് ബുക്കുകളും   ഒന്നും ഇല്ലാതെ ഉള്ള പഠന രീതി .സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും സൗന്ദര്യത്തിന്റെയും സമത്വത്തിന്റെയും  കലയുടേയും വർണ്ണങ്ങൾ തീർത്ത    നാലു വർഷങ്ങൾ...       ആൺപെൺ ഭേദമില്ലാതെ ധാരാളം നല്ല സുഹൃത്തുക്കൾ  പാർവതി... ശ്രേയ .... ഐശ്വര്യ …..    ട്രെസ ....അങ്ങനെ നല്ല കുറെ കൂട്ടുകാരെ        കിട്ടി. അടക്കവും ഒതുക്കവും ഉള്ള പെൺ കുട്ടികളല്ല . ശാരദക്കുട്ടി റ്റീച്ചർ പറഞ്ഞ പോലെ തുള്ളി ചാടി നടക്കുന്ന ഉത്സാഹവതികളായ    പെൺകുട്ടികൾ ...ആഹ്ളാദ പറവകൾ. തമാശ   പറഞ്ഞിരുന്ന ഒരു ഒഴിവു ദിനം അമ്മു കുട്ടിക്കാലത്തെ പ്രാർത്ഥനയുടെ കഥ ഹോസ്റ്റലിലെ കൂട്ടുകാരികളുടെ അടുത്ത് പറഞ്ഞു.    കഥ പറഞ്ഞ ആളും കഥ കേട്ടിരുന്നവരും അത് മറന്നിരിക്കാം ...പക്ഷെ ചിത്രകാരിയായ ശ്രേയയുടെ    മനസ്സിൽ അത് വർണ്ണങ്ങളായി മാറിയിരുന്നു.   അത് കൊണ്ടല്ലേ നാലു വർഷങ്ങൾക്കിപ്പുറം ബിരുദദാനച്ചടങ്ങിന്റെ ദിവസം   സംഭവം  ഒരു വർണ്ണ ചിത്രമായി അമ്മുവിന് സമ്മാനിച്ചത്.    



1 comment:

  1. ഏറെ നാളുകൾക്കു ശേഷം.......

    ReplyDelete