Powered By Blogger

Saturday, 29 September 2012

കണ്ണിനു കണ്ണായ് തന്നെ



എത്ര ദിവസമായെന്നോ നിന്നോട് ഇതു പറയണമെന്ന് വിചാരിക്കുന്നു. ഇന്നലെയും മിനിഞ്ഞാന്നുമൊക്കെ   ഈ വിശേഷങ്ങളും  ചുരുട്ടി പിടിച്ച് ഞാന്‍ പടിവാതില്‍വരെ വന്ന് തിരിച്ചു പോന്നു. ഇവിടെ ഒറ്റക്കിരിക്കുമ്പോള്‍ നിന്നോട് പറയണം നിന്നോട് പറയണമെന്ന് മനസ് പിന്നെയും  മന്ത്രിക്കുമ്പോള്‍ ഞാന്‍ എഴുതി പോവുകയാണ്..അല്ലെങ്കില്‍ തന്നെ പതിഞ്ഞ കാല്‍വയ്പുകളുമായി മെല്ലെ മെല്ലെ നടന്നു വന്ന് ഹൃദയത്തില്‍ ഇടംപിടിച്ച   സ്നേഹത്തെ പറ്റി നിന്നോടെങ്ങനെയാണു പറയാതിരിക്കുന്നത്. സത്യത്തില്‍ എനിക്ക് പൂച്ചകളെ ഇഷ്ടമല്ലായിരുന്നു. അടുപ്പില്‍ കത്താത്ത വിറക്  ഊതിയൂതി  പുകയുന്ന കണ്ണൂമായി മുഖമുയര്‍ത്തുന്ന ആ വൃദ്ധമുഖവും പൂച്ചയുടെ നീണ്ട നിലവിളിയും ചേര്‍ത്ത് ഓര്‍ക്കുമ്പോള്‍ എനിക്ക് പൂച്ചകളെ  വെറൂപ്പുമായിരുന്നു  എന്നു തന്നെ പറയാം എന്നിട്ടും ഇപ്പോള്‍ ഇങ്ങനെയിങ്ങനെ ഈ  മിണ്ടാപ്രാണി എന്റെ ജീവന്റെ ഭാഗമായി.
കൃത്യമായി ഓര്‍മ്മയില്ല......
പപ്പുവിനെ ഞാന്‍  ആദ്യമായി കണ്ടതെന്നാണെന്ന് .  .ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്ന  അമ്മുകുട്ടിയെ കാക്കേപൂച്ചകളെ കാട്ടി നടന്ന ഒരു പ്രഭാതത്തിലെപ്പോഴെങ്കിലും  ആയിരിക്കും.ഒരു നര്‍ത്തകിയെപ്പോലെ  വാലിട്ട് കണ്ണെഴുതിയ സുന്ദരി ആദ്യം  അമ്മുകുട്ടിയുമായിട്ടാണ്‍ ചങ്ങാത്തമായത്. അവള്‍  പിച്ചിയെറിഞ്ഞ  ദോശയും  പൂരിയും  വീടിന്റെ പിന്‍വശത്തേക്ക് വലിച്ചെറിഞ്ഞ  എന്തെങ്കിലുമൊക്കെ  കഴിച്ച് അവള്‍ അവിടെയൊക്കെ പതുങ്ങി നടന്നിരുന്നു.. ആദ്യമൊക്കെ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നില്ലെന്നെല്ല അവഗണിച്ചിരുന്നെന്ന്  തന്നെ പറയാം.കാരണം എനിക്ക് പൂച്ചകളെ ഇഷ്ടമില്ലായിരുന്നല്ലോ പിന്നെ പിന്നെ എനിക്ക് കാണാമായിരുന്നു നാലു മണിക്ക് അടുക്കള ജനാല  തുറക്കുമ്പോള്‍ മതിലില്‍ എന്നെ കാണാവുന്ന  രീതിയില്‍ വന്നിരിക്കും .അമ്മുക്കുട്ടിയുടെ സ്കൂള്‍ബസു വന്നുപോയിക്കഴിഞ്ഞ്  ഞാന്‍ പത്രം വായിക്കാന്‍ ഇരിക്കുമ്പോള്‍ എന്റെ തൊട്ടടുത്ത്  തൊടാതങ്ങനിരിക്കും. ഞാന്‍ ഓഫീസില്‍ പോകാനിറങ്ങുമ്പോള്‍ ഗെയിറ്റില്‍ വന്ന്  എന്റെ കോട്ടണ്‍  സാരിയില്‍ ഒന്ന് ഉരുമ്മിയിട്ട് പോകും വൈകുന്നേരം ഞാന്‍ തിരിച്ച് വരുമ്പോള് എന്റെ ടൂവീലറിന്റെ ശബ്ദം  കേള്‍ക്കുമ്പോള്‍ അയല്‍ വീട് സന്ദര്‍ശനങ്ങള്‍ക്കു പോയിരിക്കുകയാണെങ്കിലും കരിയിലകളെ പറത്തി ഓടി വന്ന് കിതച്ചങ്ങനെ നില്‍ക്കും  പിന്നെ അനിഷേധ്യമായ അധികാരത്തോടേ വീടിനുള്ളില്‍  കയറി വരാന്‍  തുടങ്ങി. തിരക്കൊഴിഞ്ഞ  ഞായറാഴ്ച്ച വൈകുന്നേരങ്ങളില്‍ എല്ലാവരും  ടി.വി യില്‍ സിനിമ കണ്ടിരിക്കുമ്പോള്‍ അവളും ഉണ്ടാകും അതിഥികള്‍ വരുമ്പോള്‍ പതിയെ അവിടെ നിന്ന് വലിയും.എന്നിട്ടടുക്കളയില്‍  ഫ്രിഡ്ജിനും ഭിത്തിക്കും ഇടക്കുള്ള ഇത്തിരി സ്ഥലത്ത് ഒളിച്ചിരുന്ന് എത്തിനോക്കും.
ചിലനേരങ്ങളില്‍ ഭിത്തിയില്‍ ഏറ്റവും മുകളില്‍ ഇരിക്കുന്ന പല്ലിയെ ഒറ്റച്ചാട്ടത്തിന്‍ പിടിച്ച് അമ്മുകുട്ടിയെ അതിശയിപ്പിച്ചും കര്‍ട്ടനില്‍ തൂങ്ങി ഊഞ്ഞാലാടി  കാണിച്ച് കുടുകുടെ ചിരിപ്പിച്ചും   ഒരു മികച്ച ഫുട്ബോളറെ പോലെ  ഹാളിലൂടേ ചെറിയ ബോള്‍ തട്ടി തട്ടി നടന്ന്  സന്തോഷിപ്പിച്ചും  അവളുടെ ഏറ്റവും അടുത്ത കൂട്ടൂകാരിയായ് മാറി.

കിട്ടുന്നതു കൊണ്ട്  തൃപ്തിപ്പെടും. ഒന്നിനും പരാതിയില്ല. സദാസമയവും ദേഹം തുടച്ചു മിനുക്കി കൊണ്ട് സിറ്റൌട്ടില്‍ അങ്ങനെ ഇരിക്കും. ദേഹം മുഴുവനും ചെളിയും മുറിവുകളുമായി  നടക്കുന്ന ഗുണ്ടുവിനെ കണ്ടാല്‍ അവള്‍  തിരിഞ്ഞു   നോക്കാറുപോലുമില്ല. അതു ഞാന്‍ പറഞ്ഞിട്ടൊന്നുമല്ല കേട്ടോ.

സ്കൂള്‍ അവധിക്ക് പതിവു പോലെ അമ്മ നാട്ടില്‍ നിന്നു വന്നു...
"ഈ പൂച്ചയുടെ വയറ്റില്‍  കുഞ്ഞുവാവയുണ്ടല്ലോ”
അമ്മ പറഞ്ഞു. 
അമ്മുകുട്ടി അതു കേട്ട് തുള്ളിച്ചാടി. വയറു വലുതായി വരുന്നതോടെ അവളൂടെ
കളിയും ചാട്ടവും കുറഞ്ഞു കുറഞ്ഞു വന്നു. ഒരു ദിവസം ഞാന്‍ ഓഫീസില്‍  പോകാനിറങ്ങിയപ്പോള്‍  അവള്‍ പതിവില്ലാതെ ദയനീയഭാവത്തില്‍ എന്നെ നോക്കി.ഞാന്‍ ഒരു കടലാസുപെട്ടിയില്‍ കുറച്ചു തുണി വിരിച്ചു കൊടുത്തു. തിരിച്ചു വന്നപ്പോള്‍ അവളുടെ കൂടെ സുന്ദരക്കുട്ടന്‍  പൂച്ചകുട്ടിയുണ്ടായിരുന്നു. നിനക്കറിയാമോ, എത്ര പെട്ടെന്നാണെന്നോ  പക്വമതിയായ  ഒരു അമ്മയുടെ റോളിലേക്ക് അവള്‍ മാറിയതെന്ന്. കുഞ്ഞിനു പാലു കൊടുത്തും നക്കി തുടച്ച് വൃ ത്തിയാക്കിയും ഒരു കൈകൊണ്ട് നെന്ചോടു  ചേര്‍ത്തു കിടത്തിയും ഉമ്മവച്ചും സദാസമയവും കുഞ്ഞിന്റെ കൂടെ തന്നെ. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള മീനും ചോറും കൊടുത്താല്‍ പോലും  മുഴുവനും കഴിക്കാതെ പകുതിയാക്കി  കുഞ്ഞിന്റെ അടുത്തേക്ക് ഓടി ചെന്ന് വെപ്രാളപ്പെട്ട്   കെട്ടിപ്പിടിച്ച് ഉമ്മവക്കുന്നത് കണ്ടു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ പൂച്ചകുട്ടി കണ്ണു തുറന്നു. അന്ന് അമ്മുവിനു  ഉത്സവമായിരുന്നു. പിറ്റേന്ന്  പപ്പു കുഞ്ഞിനേയും  കഴുത്തില്‍  കടിച്ചെടുത്ത് വീടിനുള്ളീല്‍ കയറി വന്നു.  കട്ടിലിനടിയിലും അലമാരക്കുള്ളിലുമൊക്കെ കുഞ്ഞിനെ   വയ്ക്കാന്‍ നോക്കി.

നിനക്കറിയാമല്ലോ രാവിലെ എട്ടുമണിക്ക് പൂട്ടിയിറങ്ങി  വൈകുന്നേരം  തിരിച്ചുവരുന്ന ഒരു വീട്ടിനുള്ളില്‍ പൂച്ചകുട്ടിയെ സംരക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന്.  അന്ന്   രാത്രി നല്ല കാറ്റും മഴയും ആയിരുന്നു.
പിറ്റേന്ന് രാവിലെ  കാര്‍പോര്‍ച്ചില്‍ നിന്ന്  വലിയൊരു ശബ്ദവും പപ്പുവിന്റെ അലര്‍ച്ചയും    കേട്ടു. ഞാന്‍ ഓടിചെന്നപ്പോള്‍  ആ ഗുണ്ടു  പൂച്ച  കുഞ്ഞിനേയും കടിച്ചെടുത്തുകൊണ്ട് ഓടുന്നു.. പപ്പു പുറകേയും അടുക്കള വശത്ത്   എത്തിയപ്പോള്‍  പപ്പു ആ തടിയന്‍ പൂച്ചയുടെ മുഖത്ത് അടിച്ചു..കഴുത്തില്‍ ചോരയൊലിക്കുന്ന മുറിവുമായി കുഞ്ഞു നിലത്ത് വീണു പിടഞ്ഞു.    ഞാന്‍ തളര്‍ന്ന്  അടുക്കള പടിയില്‍ ഇരുന്നു.അവള്‍ വേഗം വേഗം ചോര വരുന്ന മുറിവില്‍ നക്കി..ദേഹം മുഴുവനും ഉമ്മ വച്ചു. ദയനീയമായി കരഞ്ഞു.പിന്നെ പരിഭ്രമത്തോടെ തൊട്ടടുത്ത്  മണ്ണില്‍ കെട്ടി നിന്ന്  മഴ വെള്ളം ആര്‍ത്തിയോടെ കുടിച്ചു.  വീണ്ടും വന്ന് നക്കി.പിന്നവള്‍ക്ക് മനസിലായി അവളുടെ കുഞ്ഞ്മരിച്ചു കഴിഞ്ഞെന്ന്.അവള്‍ അടുക്കളപടിയില്‍ വന്ന്  എന്റെ നേരെ ഒരു നോട്ടം നോക്കി.ഞാന്‍ തകര്‍ന്നു പോയി.ഇതിനു മുന്പൊരിക്കലും ഞാനാരുടെ മുന്പിലും ഇങ്ങനെ കുറ്റവാളിയെ പോലെ നിന്നിട്ടില്ല. അവള്‍ കാര്‍പോര്‍ച്ചിന്റെ മൂലക്ക് പോയി തളര്‍ ന്നു കിടന്നു.ഇന്നലെ രാത്രിയില്‍  പലപ്രാവശ്യം  കുഞ്ഞുമായി എന്റെ മുന്പില്‍ വന്നു യാചിച്ച് നിന്നതും ഓരോ പ്രാവശ്യവും പുറത്താക്കി വാതില്‍ അടച്ചതും ഓര്‍ത്തപ്പോള്‍ എനിക്കു പൊട്ടികരയാനാണു തോന്നിയത്. രണ്ട് ദിവസത്തേക്ക് അവള്‍  എന്റെ മുന്പിലേക്കോ  ഞാന്‍ അവളുടെ അരികിലേക്കോ  പോയില്ല. മൂന്നാം ദിവസം ഞാന്‍ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍  അവള്  എന്റരുകില്‍ വന്ന് ദേഹത്ത് ചാരി നിന്നു.. ഇനി ഇങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അവളുടെ ദേഹത്തു തടവികൊണ്ട് ഞാന്‍ പറഞ്ഞു നിനക്കറിയുമോ അവള്‍ എന്നോട്  ക്ഷമിച്ചിരിക്കുന്നു എന്നതില്‍ എനിക്ക് കുറച്ചൊന്നുമല്ല ആശ്വാസം   തോന്നിയത് .

കുറച്ചു മാസങ്ങള്‍ക്കു ശേഷം അവള്‍  വീണ്ടും പ്രസവിച്ചു. വാലില്‍ മത്രം കറുപ്പുള്ള വെളുത്ത സുന്ദരന്‍ പൂച്ചക്കുട്ടി. പലകയും ഷീറ്റുമൊക്കെ ഇട്ട് ഞാന്‍ അവള്‍ക്ക് ഒരു വീട് കെട്ടിക്കൊടുത്തു.  ഓഫീസില്‍ ജോലിത്തിരക്കുകളുടെ നടുവില്‍ ഇരിക്കുമ്പോഴും മതിലിനു വെളിയിലൂടെ ചുറ്റി നടക്കുന്ന  ഗുണ്ടുവിന്റെ മുഖം എന്നെ ഇടക്കിടക്ക് അസ്വസ്ഥപ്പെടുത്തി.  ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുഞ്ഞിപ്പൂച്ച കണ്ണു തുറന്നു.  പിറ്റേന്ന്  രാവിലെ ഞാന്‍ വേവലാതിയോടേയാണു കാര്‍പോര്‍ച്ചിലേക്ക്   ചെന്നത്. ഞാന്‍  ഞെട്ടിപ്പോയി. അമ്മയും കുഞ്ഞും കിടന്നിടം  ശൂന്യം....ഗുണ്ടു കടിച്ചു കൊന്നതാണോ അതോ സുരക്ഷിതമായ മറ്റെവിടേക്കെങ്കിലും  മാറ്റിയതാണോ. ഞാന്‍ അവിടെയെല്ലാം നോക്കി.. കണ്ടില്ല.പിന്നീട് ഞാന്‍ നനഞ്ഞ തുണികള്‍ വിരിക്കാന്‍ ടെറസിന്റെ   മുകളില്‍   പോയപ്പോള്‍  അവള്‍ ഉപയോഗശൂന്യമായ  സാധനങ്ങള്‍  കൂട്ടിയിട്ടിരിക്കുന്നതിന്റെ നടുവില്‍ ഇരിക്കുന്നതു കണ്ടു. കുഞ്ഞിനെ അവിടെയെങ്ങും കണ്ടില്ല.വൈകുന്നേരം ഉണങ്ങിയ തുണികള്‍ എടുക്കാന്‍ ചെന്നപ്പോഴും അവള്‍ അവിടെ തന്നെ ഇരിക്കുന്നതു കണ്ടു. കുഞ്ഞു മരിച്ചതിന്റെ സങ്കടത്തിലായിരിക്കുമെന്നാണു ഞാന്‍ ആദ്യം വിചാരിച്ചത്.   രണ്ടു ദിവസമായി സ്ഥിരമായി അവിടെ തന്നെ ഇരിക്കുന്നതു കണ്ടപ്പോഴാണു  ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. വളരെ വിദഗ്ധമായി  കുഞ്ഞിനെ ഒരു കുഴലില്‍ ഒളിപ്പിച്ചിരിപ്പിക്കുന്നു പൈപ്പിന്റെചുവട്ടിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് നൊമ്പരം തോന്നി.ഒരുപാടു പ്രാവശ്യം അകത്തേക്ക് കയറി വരാന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ എനിക്ക് ആരേയും വിശ്വാസം ഇല്ല എന്ന മട്ടില്‍ അവള്‍ തല തിരിച്ചു കളഞ്ഞു ഓരോ തവണ കുഞ്ഞിനെ ഞാന്‍ അകത്തു കൊണ്ടുവന്നപ്പോഴൊക്കെ  അവള്‍ തിരിച്ച് ആ കുഴലില്‍ തന്നെ  തിരിച്ചു കൊണ്ടൂചെന്നു വച്ചു.എന്റെ കുഞ്ഞിനെ വളര്‍ത്താന്‍ എനിക്കറിയാം,ആരുടേയും സഹായം വേണ്ട എന്ന മട്ടിലായിരുന്നു അവളുടെ പിന്നീടുള്ള രീതികള്‍. രാവെന്നും പകലെന്നും ഇല്ലാതെ  മഴയെന്നും വെയിലെന്നും ഇല്ലാതെ സദാസമയവും കുഴലി നകത്തുള്ള കുഞ്ഞിനു കാവലിരുന്നു.  അവള്‍ വിളിക്കുമ്പോള്‍ മാത്രം പുറത്തേക്ക് ഇറങ്ങി വരും.പാല്‍ കൊടുത്തിട്ട് തുരുതുരെ ദേഹം മുഴുവനും  ഉമ്മ വയ്ക്കും. തിക്കുംപൊക്കും  നോക്കിയിട്ട്  ധൃതിപിടിച്ച്  കുഞ്ഞിനെ അകത്തേക്ക്  വയ്ക്കും കുഞ്ഞുറങ്ങുന്ന സമയങ്ങളില്‍ തല ഒന്നു കൂടി  ഉയര്‍ത്തിപിടിച്ച് ചുറ്റിനടന്ന്  പരിസരം ആകെ വീക്ഷിക്കും.മറ്റേതെങ്കിലും ജീവികളെ കണ്ടാല്‍ ഈറ്റപ്പുലിയെ പോലെ ചീറ്റികൊണ്ടുചെല്ലും,ചെറിയ ഒരു ശബ്ദം കേട്ടാല്‍  ഉടന്‍ കുഴലിനുള്ളില്‍്‌ ഒളിക്കാന്‍ കുഞ്ഞിനേയും പഠിപ്പിച്ചു. കുഞ്ഞിനെ കൂടയില്‍ ഉപേക്ഷിച്ചു  പെരുവഴിയില്‍ ഉപേക്ഷിച്ചു.എന്നൊക്കെ  പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍  അവളൂടെ കുഴലിനടുത്തുള്ള കൂട്ടിരിപ്പ് ഞാന്‍ ഓര്‍ക്കും രാവിലേയും വൈകുന്നേരവും   ഞാന്‍ ഓഫീസില്‍ പോകുമ്പോഴും വരുമ്പോഴും അവള്‍ ഗെയിറ്റിന്റെ അടുത്ത് വരും,പിന്നെ ഭക്ഷണം കഴിക്കാനും മാത്രം.കഴിഞ്ഞ മൂന്നു മാസമായി  അവളുടെ രീതികള്‍ ഇങ്ങനെയാണ്. ഞാന്‍ കൊടുക്കുന്ന മീന്‍ കഷണങ്ങള്‍ അവള്‍   കഴിക്കാതെ കടിച്ചെടുത്ത്  ടെറസിലേക്ക് ചാഞ്ഞു കിടക്കുന്ന മുരിങ്ങ മരത്തിലൂടെ കയറി  കുഞ്ഞിനു  കൊണ്ടുചെന്നു കൊടുക്കുക,  ഒരു കുഞ്ഞെലിയെ പോലും പിടിച്ചു  കണ്ടില്ലാത്ത അവള്‍  ചെറിയ എലികുഞ്ഞുങ്ങളെ പിടിച്ച് കൊടുത്ത് ഭക്ഷണം കഴിക്കാന്‍ പരിശീലിപ്പിക്കുക ഇതൊക്കെയാണു ഈ ആഴ്ച്ചത്തെ വാര്‍ത്തകള്‍ .
 
ചുറ്റിനും കേള്‍ക്കുന്ന  കാര്യങ്ങള്‍ അത്ര  സുഖകരമല്ല എന്നു നീയും പറയാറുണ്ടല്ലോ. പത്രവാര്‍ത്തകള്‍ പലപ്പോഴും എന്നേയും ഭീതിയിലും  സങ്കടത്തിലും ആഴ്ത്തുന്നു.എതിര്‍പാര്‍ട്ടിയുടെ  ആശയങ്ങളെയോ അഭിപ്രായങ്ങളേയോ ഉള്‍ക്കൊള്ളാനാവാതെ വ്യക്തികളെ തന്നെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ വൈരികള്‍,ചാക്കില്‍ കെട്ടിയും കൂടയില്‍ ആക്കിയും പെരുവഴിയില്‍  കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന അമ്മമാര്‍,സ്വന്തം കുഞ്ഞുങ്ങളെ പോലും   കുളത്തിലേക്കും  കായലിലേക്കുമൊക്കെ  വലിച്ചെറിഞ്ഞ് കൊല്ലാന്‍ മടിക്കാത്ത  അച്ചന്‍മാര്‍,മനോരോഗികളെയും നിഷ്കരുണം തല്ലികൊല്ലുന്ന മുഴുഭ്രാന്തന്മാര്‍,പിഞ്ചുകുഞ്ഞുങ്ങളെപ്പോലും പീഡിപ്പിച്ച് കൊല്ലുന്ന  കാമവെറിയന്‍മാര്‍ ഇവ രുടെയൊക്കെ മധ്യത്തില്‍  നില്‍ക്കുമ്പോള്‍ പോലും.സ്നേഹത്തിലും ക്ഷമയിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനായിരിക്കും ദൈവം ഇതുപോലുള്ള കാഴ്ച്ചകള്‍ എന്റെ കണ്‍മുന്നില്‍  വക്കുന്നത്.

Tuesday, 21 August 2012

ഓണക്കാഴ്ച്ച



രാവിലെ ഓഫീസില്‍ പോകാനുള്ള തിരക്കില്‍ ആയിരുന്നു.പെട്ടെന്നാണു ജനലിനപ്പുറത്തെ വിസ്മയക്കാഴ്ച്ച!!!ഗെയിറ്റു തുറന്ന് അടുത്തെത്തി നോക്കി....ഞാന്‍ ചോദിച്ചു....
" നഗര ഹൃദയത്തിലും എന്നെ കാണാനായി ഒറ്റക്ക് വന്നു വിരിഞ്ഞതാണല്ലേ???"
പണ്ട് ഓണക്കാലത്ത് പൂക്ക്‌ള്‍ ശേഖരിക്കാനായി പോകുമ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടം കദളി പൂക്കള്‍ ആയിരുന്നു.ഭാര്‍ഗവിയമ്മയുടേ വീടിന്റെ തെക്കുവശത്തെ തോടരികില്‍ നില്‍ക്കുന്ന കദളിക്കാടുകള്‍. ഓണക്കാലം ആകുമ്പോള്‍ നിറയെ പൂക്കും. കഴിഞ്ഞപ്രാവശ്യം ഓണത്തിനു നാട്ടില്‍ പോയപ്പോള്‍ ഞാന്‍ അവീടെല്ലാം ചുറ്റി നടന്നു.
ശൂന്യം..................
ഒരു കദളിചെടിപോലും കാണനില്ല.തെക്കു വശത്തെ ഇളം തിണ്ണയില്‍ അല്പ്പനേരം ഇരു ന്നു എത്രയെത്ര പുരാണ കഥകളാണു എനിക്ക് ഇവിടിരുന്ന് പറഞ്ഞു തന്നിട്ടുള്ളത്!!....
പിന്നില്‍ നിന്നു കാല്‍ പെരുമാറ്റം കേള്‍ക്കുന്നതു പോലെ തോന്നി....
"വന്നുടന്‍ നേത്രോല്പലമാലയുമിട്ടാള്‍,മുന്നേ,
പിന്നാലെ വരണാര്‍ത്ഥമാലുമിട്ടീടിനാള്‍"
പിന്നെ കഥകള്‍ തുടങ്ങുകയായി....
ഭാര്‍ഗവിയമ്മ മരിച്ചിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി........
ഒന്നും  മറന്നിട്ടില്ല!!...
നീ മൂളി തന്ന ഈണങ്ങളും ഓര്‍മ്മയുണ്ട്....
"ഒരു നുള്ളു കാക്കപ്പൂ കടം തരുമോ..
ഒരു കൂന തുമ്പപ്പൂ പകരം തരാം"
ഇപ്രാവശ്യം ഓണനിലാവിനും ഓണവെയിലിനും കൂടുതല്‍ പ്രകാശം ഉള്ളതു പോലെ .നിന്റെ സ്നേഹംപകര്‍ന്നു നല്‍കുന്ന സന്തോഷം എത്ര വലുതാണ്.
ഞാന്‍ പൂവിട്ടു നില്‍ക്കുന ഓര്‍മ്മകളൂടെ കവിളില്‍ ഒന്നു കൂടി തലോടി .
എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍!!!!!!!!!!!!!!!


Wednesday, 29 February 2012

എന്റെ വായന


പരന്ന വായന അവകാശപ്പെടാനില്ല.ഒരുപാടു പുസ്തകങ്ങള്‍ വയിച്ചു വളര്ന്ന കുട്ടിക്കാലം എന്നും പറയാനുമാവില്ല. എന്നാലും എനിക്കറിയാം ഓര്മ്മവച്ച കാലം മുതല്‍ പാട്ടുകളേയും കഥകളേയും വല്ലാതെ സ്നേഹിച്ചിരുന്നു.
ബാലരമ കൊണ്ടുവരുന്ന ദിവാകരന്ചേട്ടനെ വേലിക്കല്‍ കാത്തു നിന്നത്...
അച്ഛന്‍ മടിയിലിരുത്തി വീണപൂവിന്റെ അര്ത്ഥം പറഞ്ഞു തന്നത്.....
മാമ്പഴം വായിച്ച് കരഞ്ഞ് മൂക്കും ചീറ്റി നടന്നത്.....
പട്ടാളത്തില്‍ നിന്ന് വര്ഷത്തില്‍ ഒരിക്കല്‍ വരുന്ന അമ്മാവന്‍ വേതാളത്തിന്റെ കഥകള്‍ പറഞ്ഞു തന്നത്......

മലയാള ഉപപാഠപുസ്തകത്തില്‍ ജീന്‍വാല്‍ജീനിന്റെ കഥയുടെ ഒരുഭാഗം മാത്രം വായിച്ച് ബാക്കി അന്വേഷിച്ച് കിട്ടാതെ സങ്കടപ്പെട്ടു നടന്നത്........
എല്ലാം എനിക്ക് ഇന്നലത്തെ പോലെ ഓര്‍മ്മയുണ്ട്. ഞാന്‍ പഠിച്ച സ്കൂളിലൊന്നും ലൈബ്രറിയില്ലയിരുന്നു ഗ്രാമത്തില്‍.ആകെ ഒരു വായനശാലയായിരുന്നു ഉണ്ടായിരുന്നത്.ഇളങ്കാവ് അമ്പലം ജങ്ഷനില്‍ 'വിദ്യാഭിവര്ധിനി വായനശാല'. അവിടെ പെണ്‍കുട്ടികള്‍ ആരും പോയിരുന്നില്ല.

വായനയുടെ കാര്യം പറയുമ്പോള്‍ എനിക്ക് ആ കൊച്ചു മുറിയുടെ
കാര്യം പറയാതെ വയ്യ. പുഴയിലേക്ക് ജനാല തുറക്കുന്ന ഭിത്തിയുടെ രണ്ടു വശത്തും തട്ടുകളില്‍ നിറയെ പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്ന ആ മുറി.
ശ്രീദേവിയുടെ ചേട്ടന്‍ ഉണ്ണിചേട്ടന്റേതായിരുന്നു ആ മുറി..പല നല്ല പുസ്തകങ്ങളും ഞാന്‍ വായിച്ചത് ആ മുറിയില്‍ നിന്നാണ്. മുറിയുടെ ജനാല തുറക്കുന്നത് പുഴയുടെ ജലക്കാഴ്ചയിലേക്കാണ്. പുഴയുടെ തീരത്തു കൂടിയുള്ള ചെമ്മണ്‍പാത ചെന്നവസാനിക്കുന്നത് അമ്പലം ജങ്ഷനിലേക്കും..


എന്തോ പറഞ്ഞു നീങ്ങുന്ന ഗ്രാമീണര്‍............
ഇലക്കുമ്പിളില്‍ പൂക്കളുമായി അമ്പലത്തിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍................‍

വേഗത്തില്‍ സൈക്കിള്‍ ചവിട്ടി നീങ്ങുന്ന ബാല്യത്തിന്റെ കുസൃതികള്‍..........
ഇന്നും വിസ്മരിക്കാനാകുന്നില്ല ആ സായാഹ്ന കാഴ്ച്ചകള്‍.

ശ്രീദേവിയുടെ ചേട്ടന്‍ വല്ലപ്പോഴും മാത്രമേ വീട്ടില്‍ വന്നിരുന്നുള്ളൂ.അയാള്‍ ഒരു പൊതു പ്രവര്‍ത്തകനായിരുന്നു. ദൂരെ എവിടെയോ നിരക്ഷരരെ അക്ഷരം അഭ്യസിപ്പിക്കുക,ആദിവാസികള്‍ക്കിടയില്‍ ആരോഗ്യപ്രവര്‍ത്തനം നടത്തുക, ഇതിലൊക്കെ ആയിരുന്നു അയാളുടെ ശ്രദ്ധ.തോളില്‍ ഒരു തോള്‍സന്ചിയൊക്കെ തൂക്കി പുഴത്തീരത്തു കൂടി അതിലും ശാന്തനായി അയാള്‍ നടന്നു വരുന്നത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.
പക്ഷേ ഞങ്ങള്‍ ഗ്രാമവാസികളില്‍ ആരോടും തന്നെ അയാള്‍ സംസാരിച്ചിരുന്നില്ല.ആരുടെയെങ്കിലും വിവാഹത്തിനോ മരണവീട്ടിലോ ഒന്നും ഞാന്‍ അയാളെ കണ്ടിട്ടില്ല,.

മഹാകവി പറഞ്ഞതു പോലെ തൊട്ടടുത്തു നില്‍ക്കുന്ന മനുഷ്യരെ അറിയാത്തവര്‍ക്ക് എന്ത് വിദൂരലക്ഷ്യങ്ങള്‍ എന്ന് ചില നേരങ്ങളില്‍ ഞാന്‍ ഓര്‍ത്തു പോയിട്ടുണ്ട്.

എങ്കിലും ഈ നിധികളുടെയൊക്കെ ഉടമയോട് എനിക്ക് മനസ് നിറയെ സ്നേഹബഹുമാനങ്ങളായിരുന്നു .ഞാന്‍ ആരാധിച്ചിരുന്ന പല എഴുത്തുകാരുടേയും കൃതികള്‍ complementary copyയായി അദ്ദേഹത്തിന്റെ മുറിയില്‍ ഇരിക്കുന്നത് ഞാന്‍ അസൂയയോടെ നോക്കിയിരുന്നിട്ടുണ്ട്.

വിക്റ്റര്‍ ലീനസിന്റെ കഥകള്‍ വായിച്ച് വിസ്മയിച്ചിരുന്നത് ആ മുറിയില്‍ വച്ചാണ്.
മറിയമ്മയുടെ മുനമ്പ് എന്ന കഥ അടങ്ങിയ 'അന്തര്‍ജനം മുതല്‍ അഷിത വരെ " എന്ന കഥാ സമാഹാരം വായിച്ചതും ആ മുറിയില്‍ നിന്നാണ്.ഇടശേരിയുടെ പൂതപ്പാട്ട് ആദ്യമായി ഈണത്തില്‍ കേട്ടതും അവിടെ നിന്ന് തന്നെ. ആത്മഹത്യ ചെയ്ത യുവകവി സനില്‍ദാസ് ഐ.സി യുടെ കൊച്ചു കവിത സമാഹാരം 'ഘടികാരം' വായിച്ച് സങ്കടപ്പെട്ടത് എനിക്കോര്‍മ്മയുണ്ട്. പക്ഷേ ‍ സ്കൂള്‍കുട്ടി ആയിരുന്ന സമയത്ത് വായിച്ച കവിത കള്‍ എനിക്ക് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.

പക്ഷേ ഈ വരികള്‍ ഓര്‍മ്മയുണ്ട്.
"നഷ്ട്ടപെട്ടുവെന്ന് നമ്മള്‍ വിചാരിക്കുന്നതൊന്നും യഥാര്‍ത്ഥത്തില്‍ നഷ്ട്പ്പെടുന്നില്ല. അവ വേറൊരു ഭാവത്തില്‍ വേറൊരു രൂപത്തില്‍ തിരിച്ചു വരും"
പക്ഷേ മറ്റൊരിടത്തും സനില്‍ ദാസിനെ പറ്റിയോ സനില്‍ ദാസിന്റെ കവിതകളെ പറ്റിയോ ആരും ചര്‍ച്ച ചെയ്ത് കേട്ടിട്ടില്ല. പ്രതീക്ഷയുടെ വരികള്‍ എഴുതിയ കവി എന്തിനാണ്‍ സ്വയം ജീവിതം അവസാനിപ്പിച്ചതെന്ന് ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട്.
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന യുവ കഥാകൃ ത്തുക്കളുടെ പല കഥകളും എനിക്ക് മനസിലാകാത്തപ്പോള്‍ ഏതു കൂരിരുട്ടിലും കനല്‍ ചൂടിലും കൂടെയുണ്ടാകുമെന്ന് വിചാരിച്ച പ്രിയപ്പെട്ട ഒന്ന്.... അതും കൈവിട്ടു പോകുന്നതു പോലെയൊരു തോന്നല്‍............ ഉത്തരാധുനിക കഥകളുടെ രചനാരസതന്ത്രം അറിയില്ല.ദുരൂഹമായ കഥകള്‍ സാധാരണ ജനങ്ങളെ സാഹിത്യത്തില്‍ നിന്ന് അകറ്റുമോ? അതോ വായനയെ ഗൌരവമായി കാണാതെ വിനോദത്തിനു മാത്രമായി സമീപിക്കുന്നതു കൊണ്ടാണോ ?

ഈ വര്‍ഷമാണു ഞാന്‍ മലയാളം ബി.എ ക്ക് പഠിക്കാന്‍ ചേര്‍ന്നത്. (പണ്ട് സയന്‍സില്‍ ബിരുദമെടുത്തിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയൊരു മോഹം.)contact classല്‍ അവര്‍ നമ്മള്‍ പണ്ടേ വായിച്ചിരിക്കേണ്ട പല പുസ്തകങ്ങളെ പറ്റിയും പരാമര്‍ശിക്കാറുണ്ട്..അങ്ങനെ കുറച്ച് നല്ല പുസ്തകങ്ങള്‍ വായിക്കാനിടയായി.
എന്തൊക്കെ പറഞ്ഞാലും ഒന്നെനിക്കറിയാം ഇപ്പോഴുംഇന്നലെ
പാതി വായിച്ച് നിര്‍ത്തിയ ഒരു പ്രിയപുസ്തകം തന്നെയാണ് പ്രഭാതത്തില്‍ എന്നെ ഉന്മേഷത്തോടെ വിളിച്ചുണര്‍ത്തുന്നത്!!!!!!!!!!!!!




Thursday, 17 November 2011

അമ്മാവനു പറ്റിയ അമളി


(എന്റെ ഒരു ബാല്യകാല സ്വപ്നം ആയിരുന്നു. തിരുവനന്തപുരത്തൊരു ജോലി എന്നത്.കാരണം മറ്റൊന്നുമല്ല. മാധവികുട്ടിയും ഒ.എ‍.ന്‍വി കുറുപ്പും എം കൃക്ഷ്ണ‍ന്‍ നായറും ഉള്‍പ്പെടെ പല സാഹിത്യകാര‍ന്‍മാരും അന്നു അനന്തപുരിയില്‍‍‍ ആയിരുന്നല്ലോ വാസം. അടുക്കളയില്‍‍ നിന്ന് തൊടിയിലേക്കും വിറകുപുരയിലേക്കും പിന്നെ പശുത്തൊഴു‍ത്തിലേക്കുമൊക്കെ വേഗത്തില്‍ ‍ ജോലി ‍ചെയ്തു നീങ്ങുന്ന അമ്മയുടെ പുറകേ വിശേഷങ്ങളു‍മായി കൂടിയ ആ ചെറുപ്റായത്തി‍ല്‍ തന്നെ ഞാന്‍ ‍ പറയുമായിരുന്നു". വലുതായാല്‍‍ ജോലി കിട്ടിയാല്‍ ഒന്നു രണ്ടു വര്‍ഷം കല്യാണം ഒന്നും കഴിക്കാതെ ഒരുത്തരവാദിത്വമില്ലാതെ .പുസ്തകങ്ങള്‍ ‍ ‍വായിച്ചു അലസമായി കഴിയണം.ഡിഗ്രി കഴിഞ്ഞ് ഗ്രാമത്തിലെ എല്ലാ പെണ്‍കുട്ടികളും ചെയ്യുന്ന പോലെ ടൈപ്പും ഷോര്‍ട്ടുഹാന്റും പഠിച്ചു ഗ്രാമത്തിലെ കൊച്ചുകുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു.പത്രത്തില്‍ കണ്ട എല്ലാ ഒഴിവിലേക്കും അപേക്ഷകള്‍ അയച്ചു. ടെസ്റ്റ് എഴുതാന്‍ എറണാകുളം മഹാരാജാസിലേക്കും ലോ കോളേജിലേക്കുമൊക്കെ പോയ ദിവസങ്ങളില്‍ ട്യൂഷന്‍ ക്ളാസിനു അവധി കൊടുത്തു.കൂടുതല്‍ ടെസ്റ്റ് എഴുതിയതിനു ചേച്ചിയുടെ പേരു ഗിന്നസ് ബുക്കില്‍ പേരു വരുമെന്ന് പറഞ്ഞ് കുട്ടികള്‍ കളി പറഞ്ഞത് കേട്ട് വെറുതേ ചിരിച്ചു വെള്ളയില്‍ പൂക്കള്‍ ചിതറിയ നീളന്‍പാവാടയുടുത്ത് അച്ചന്റെ കൂടെ ടെസ്റ്റ് എഴുതാന്‍പോയ എന്നെ നോക്കി വേലിക്കല്‍ നിന്ന് തലപൊക്കി തങ്കോണി ചേച്ചി പറഞ്ഞു."അങ്ങോട്ടുചെന്നാല്‍ ഉടനേ എടുത്തു വച്ചേക്കുവല്ലേ ഉത്യോഗം.. ചുപാര്‍ശേം പണോം ഇല്ലാതെ ഇക്കാലത്ത് ആരുജോലി തരും". മുറ്റത്ത് മുറുക്കി തുപ്പിയിരുന്ന പൊന്നുമൂപ്പത്തി പറഞ്ഞു "നിനക്കെന്ത് ചേതം,തങ്കോണ്യേ, പെണ്ണ്പോയി കൊച്ചി കണ്ടു വരട്ടെ".ഭാര്‍ഗിയമ്മ മാത്രം "കുന്നോളം ആശിച്ചാലേ......." എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.യാതൊരു പ്രതീക്ഷയില്ലായ്മയിലും കല്യാണാലോചനകള്‍ക്കൊന്നും മുഖംകൊടുക്കാതെ ജോലിക്കു ശ്രമിച്ചുകൊണ്ടേയിരുന്നു.അവസാനം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ‍ കനിഞ്ഞു. ഇരുപത്തിനാലു വയസായപ്പോള്‍ കേന്ദ്രജലവിഭവ വകുപ്പിന്റെ ദെല്‍ഹി ഓഫീസില്‍ ജോലി ലഭിച്ചു. ജോലിക്കുള്ള നിയമന ഉത്തരവ് വന്ന ദിവസം ഭാര്‍ഗിയമ്മ വീടിന്റെ മുന്പിലുള്ള നിരത്തില്‍ തന്നെയായിരുന്നു. ആ വഴിക്കുവന്നവരോടും പോയവരോടും പറഞ്ഞു "അറിഞ്ഞോ? കുട്ടിക്കൊരു ജോലി കിട്ടിയിരിക്കണൂ...ദല്‍ഹിയില്‍!! ..അതും ഇന്ദിരാഗാന്ധിയുടെ മൂക്കിനു താഴെ!!!!!!!!!!!!!!!!!.... ".

ഇന്ദിരാ ഗാന്ധി മരണപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭാര്‍ഗിയമ്മക്ക് ഡല്‍ഹിയെന്നു പറ്ഞ്ഞാല്‍ ഇന്ദിരാ ഗാന്ധിയായിരുന്നു. ഭാര്‍ഗിയമ്മയുടെ കഥകളുടെ വിസ്മയക്കെട്ടില്‍ ഇന്ദിരാ ഗാന്ധിയും
ഉണ്ടായിരുന്നു. ഒഴിവു സമയങ്ങളില്‍ പദപ്രശ്നം പൂരിപ്പിക്കുകയായിരുന്നത്രേ വിനോദമെന്ന് എന്നോട് അതിശയത്തോടേ ഇടയ്ക്കൊക്കെ പറയുമായിരുന്നു.

.... ഒരു വര്‍ഷത്തിനുശേഷം തിരുവന്തപുരത്തേക്ക് സ്ഥലംമാറ്റവും കിട്ടി.അങ്ങനെ ഈ സ്വപ്നഭൂമിയില്‍ എത്തി.ഞാന്‍ വന്നപ്പോഴേക്കും മാധവികുട്ടി തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോയിരുന്നു. അതെന്നെ തെല്ല് നിരാശപ്പെടുത്തി.എങ്കിലും ഞാന്‍ പബ്ളിക് ലൈബ്രറിയുടെ അടുത്തുള്ള ഒരു ഹോസ്റ്റലില്‍ ‍താമസമാക്കി.അതാ‍ണ് ചരിത്രം......
ഇനി തുടര്‍ന്ന് വായിക്കുക...)



കൈ നിറയെ പുസ്തകങ്ങള്‍ ധാരാളം കൂട്ടുകാര്‍, സിനിമകള്‍ ,സാഹിത്യ ചര്ച്ചകള്‍, സയാഹ്ന യാത്രകള്‍ ഒക്കെയായി സാമോദം വാഴും കാലം....................

വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിലെ ...മുറികളില്‍ ട്യൂബോ ബള്‍ബോ ടാപ്പോ കേടായാല്‍ കാശുമുടക്കാന്‍ മടിക്കുന്ന മഹാപിശുക്കിയായ വാര്‍ഡന്‍...............

ഒരു കൈലി മുണ്ടുമാത്രമുടുത്ത് വണ്ണം കുറഞ്ഞ നേര്‍ത്ത സ്വര്‍ണ്ണമാലയിട്ട് മുറി ഇംഗ്ളീഷും പറഞ്ഞ് പെണ്‍കുട്ടികള്‍ക്കു വരുന്ന ഫോണ്‍കോളൂകള്‍ വാച്ച് ചെയ്ത് നടക്കുന്ന വാച്ചറായ എക്സ് മിലിട്ടറി അമ്മാവന്‍ ..........

ലോകത്തോടു മുഴുവന്‍പ്രണയം പ്രഖാപിച്ച് നിറയെ ബോയ്ഫ്രെണ്ട്സുമായി ആരെയും കൂസലില്ലാത്ത അതിസുന്ദരിയായ സുനിതാമേനോന്‍......

ഒന്നു പറഞ്ഞ് രണ്ടിന് ആരോടുംകേറി ഉടക്കുന്ന മറിയകുട്ടി....

റൂം നംബര്‍ ഏഴ് എന്നും വര്‍ത്തകളാല്‍ സജീവമായിരുന്നു. അങ്ങനെയിരിക്കേ അടുക്കളയില്‍നിന്ന് പതിവായി ഗ്യാസ് ലീക്ക് ചെയ്യുന്ന മണം വരാന്‍ തുടങ്ങി. പലപ്രാവശ്യം പരാതി പെട്ടിട്ടും
വാര്‍ഡന്‍ പരിഗണിച്ചില്ല. സെന്ട്രല്‍ സ്കൂള്‍ ‍അദ്ധ്യാപികയായ രാധ ടീച്ചര്‍ ഗ്യാസ് ലീക്കിന്റെ ‍അപകടത്തെ പറ്റി ബോധവല്‍ക്കരണം നടത്തി. രക്ഷയില്ല. സുനിതാമേനോന്റെ നേതൃത്വത്തില്‍ ലോ കോളേജിലെ ഒരു സംഘം വാര്‍ഡന്റെ മുറിയില്‍ കയറി ഭീഷണിപ്പെടുത്തി. മൈന്റ് ചെയ്തില്ല.

രണ്ട് ദിവസം കഴിഞ്ഞ് ഹോസ്റ്റല്‍ ‍ മുറ്റത്ത് ഒരു ഒട്ടോറിക്ഷ വന്നു നിന്നു.അതി‍ല്‍ ‍‍ നിന്നിറങ്ങി ഒരു ചെറുപ്പക്കാരന്‍‍ വാര്‍ഡന്റെ മുറിയിലേക്ക് ചെന്നു. "ഗ്യാസ് ഏജെന്‍‍സിയില്‍‍ ‍ നിന്നാണ്.....
പരാതി കൊടുത്തിരുന്നോ?...ഒന്നു പതറിയെങ്കിലും "പിള്ളാരാരെങ്കിലും വിളിച്ചായിരിക്കും ഇനി രക്ഷയില്ലല്ലോ" എന്നു വിചാരിച്ച് അടുക്കളയിലേക്ക് നടന്നു.

പരിശോധിച്ചിട്ട് പയ്യന്‍ പറഞ്ഞു."ഇതു പ്രശ്നമാണല്ലോ.. ട്യൂബും റെഗുലേറ്ററും എത്രയും പെട്ടെന്നു മാറേണ്ടി വരും . വാര്‍ഡനമ്മ മനസില്ലാമനസോടേ അഞ്ഞൂറിന്റെ ഒരു പുതിയ നോട്ട് നല്‍കി അമ്മാവനേയും കൂട്ടി വിട്ടു.പിന്നെ കാണുന്ന സീന്‍ ഓട്ടോറിക്ഷയില്‍‍‍ നിന്നിറങ്ങി വിയ‍ര്ത്തു കിതച്ചു വരുന്ന അമ്മാവനെയാണ്..

"എന്തു പറ്റി അമ്മാവാ?..."

"ചേച്ചി വേഗം ഒരു അമ്പതു രൂപയിങ്ങു തന്നേ?"

"അതെന്താ അഞ്ഞൂറു തികഞ്ഞില്ലായോ?"

"ചേച്ചി വേഗം കാശു താ...ഓട്ടോക്കാരനെ പറഞ്ഞു വിടട്ടെ"

ഓട്ടോക്കരനെ പറഞ്ഞുവിട്ട് കസേരയില്‍‍ തളര്‍ന്നിരുന്ന അമ്മാവ‍ന്‍ പറഞ്ഞു. " ചേച്ചീ അത് ഏജന്‍സിയില്‍‍ നിന്നൊന്നുമല്ല, ഏതോ തട്ടിപ്പുകാരനാണ്..'

അമ്മാവനെയും കൊണ്ട് പാളയത്ത് പോയ പയ്യന്‍ ഒരു കടയുടെ മു‍ന്‍പില്‍‍ നിര്‍ത്തി. പാര്‍ട്ട്സ് വാങ്ങിക്കാന്‍‍ കയറി. അവിടെ കിട്ടിയില്ലെന്നും പറഞ്ഞ് അടുത്ത കടയിലേക്ക് പോയ കക്ഷി പിന്നെ തിരിച്ചു വന്നില്ല. അര മണിക്കൂര്‍ പൊരിവെയിലെത്ത് കാത്തു നിന്നു മടുത്ത് തിരിച്ചു വന്ന കാഴ്ച്ചയാണ്  ഞങ്ങള്‍ ‍ കണ്ടത്.

"എന്റെയടുത്ത് ആരുടെയും വിളച്ചില്‍ ‍ വേണ്ട" എന്ന ഭാവത്തില്‍ ‍ ഞങ്ങളെ നോക്കുന്ന അമ്മാവനും മഹാപിശുക്കിയായ വാര്‍ഡനും പറ്റിയ അമളി കണ്ട് ചിരിയമര്ത്തി ഞങ്ങള്‍ റൂമിലേക്ക് വലിഞ്ഞു.സുനിതാ മേനോന്റെ ബോയ്ഫ്രെണ്ട്സ്സില്‍ ‍ ഒരാളാണ് ഗ്യാസ് ഏജന്‍‍സിക്കാരാനായി വന്നതെന്നും വാര്‍ഡന്റെ പണം കൊണ്ട് അവര്‍ ഫ്രൈഡ് റൈസും ചിക്കനും ഐസ് ക്റീമുമായി അടിച്ചു പൊളിച്ചെന്നും പിന്നെയും രണ്ടാഴ്ച്ച കഴിഞ്ഞാണ് ഞങ്ങള്‍‍ അറിഞ്ഞത്............

Friday, 7 October 2011

മൈതാനം നഷ്ടപ്പെട്ട ബാല്യം

                               
                   മകള്‍ ശാന്തമായി  ഉറങ്ങുകയാണ്. ഇത്രയും  നേരം ആകാത്തതോരോന്നു ചൊല്ലി ശാഠ്യം പിടിച്ച കുട്ടിയാണെന്നേ തോന്നുകയില്ല കിടപ്പു കണ്ടാല്‍. മുറി നിറയെ അവള്‍ നിരത്തിയിട്ട ചായ  പ്പെന്‍സിലുകളും കളിപ്പാട്ടങ്ങളും കീറീയചിത്രങ്ങളുമാണ്. ഭിത്തിയില്‍ അവള്‍ പലപ്പോഴായി വരച്ച ചിത്രങ്ങള്‍. പല നിറത്തിലുള്ള ചായങ്ങളില്‍്‌  മുക്കി പതിപ്പിച്ച  കൈയ്യടയാളങ്ങള്‍. ഏറെ നേരം  അവളെ  തന്നെ നോക്കിയിരുന്നപ്പോള്‍ പകലത്തെ ജോലിത്തിരക്കുകളും ഓട്ടവും കൊണ്ടു തളര്ന്ന എന്റെ  മനസിലേക്ക്  ആ ശാന്തത ഒരു ആശ്വാസമായി പടരുന്നത് ഞാന്‍ അറിഞ്ഞു..

                      അപ്പുറത്തെ വീട്ടില്‍  ദീപയുടെ മുറിയില്‍ നിന്ന് ഇപ്പോഴും ലൈറ്റ്  കാണാം. ആകാശിനെ രണ്ടു ദിവസമായിട്ട് മുറ്റത്തേക്കൊന്നും കണ്ടില്ലല്ലോ എന്തെങ്കിലും വയ്യായ്കയാണോ എന്നന്വേഷിച്ചപ്പോഴാ‍ണ്   ദീപ പറഞ്ഞത്."അടുത്തയാഴ്ച്ച പരീക്ഷ വരികയല്ലേ , ഒന്നാം ക്ളാസിലാണെന്നു പറഞ്ഞിട്ട്  കാര്യമില്ല. പഠിക്കാന്‍ ഏറെയുണ്ട് .ഇപ്പോഴേ പിടിച്ചിരുത്തിയില്ലെങ്കില്‍ ശരിയാവില്ല"......

                          ഈ വിജയദശമിക്ക് എന്റെ അമ്മുക്കുട്ടിയേയും   ഏഴുത്തിനിരുത്തണം. എടുത്താല്‍ പൊങ്ങാത്ത  ബാഗും ചെയ്താല്‍ തീരാത്ത ഹോം വര്‍ക്കും...........ഓര്‍ത്തപ്പോളേ ആശങ്ക തോന്നി ഇതില്‍ നിന്ന് എന്തു വ്യത്യസ്തമായിരുന്നു. എന്റെ ബാല്യകാലവിദ്യാഭ്യാസവും ബാല്യകാലവും. 

വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് മനസ്സു പറന്നു.......
പൂത്തുമ്പികള്‍ക്കൊപ്പം പാറി നടന്ന ബാല്യം........
ബഹളങ്ങളില്‍ നിന്നകന്ന്  ശാന്തമായ ഒരു ഗ്രാമം......
ഗ്രാമത്തന്റെ ഉള്ളം കയ്യില്‍ ഭാഗ്യരേഖയായി ഒഴുകുന്ന  പുഴ......
പുഴയുടെ വിശുദ്ധിയിലേക്ക് കൈനീട്ടി  നില്‍കുന്ന ക്രിസ്തുവിന്റെ വലിയ പ്രതിമ............
തിരക്കില്ലാത്ത നിരത്തുകള്‍. അലങ്കാരഭാഷയില്ലാതെ എന്തോ സംസാരിച്ച്  നീങ്ങുന്ന ഗ്രാമീണര്‍......

വീട്ടില്‍ നിന്ന് നോക്കിയാല്‍ തന്നെ കാണാമായിരുന്നു , നിറയെ ആമ്പല്‍പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന കുളത്തിന്‍ കരയില്‍ ആ ഓല മേഞ്ഞ ഷെഡ്ഡ്. അതായിരുന്നു എന്റെ ആദ്യ പാഠശാല..
കളരിയെന്നായിരുന്നു അന്ന്  പറഞ്ഞിരുന്നത്..

                     ഗ്രാമത്തിലെ എല്ലാ കുട്ടികളും അറിവിന്റെ അദ്യാക്ഷരങ്ങള്‍ കുറിച്ചിരുന്നത് കളരിയില്‍ നിന്നായിരുന്നു. അവിടെ എനിക്കൊരു ആശാന്‍ ഉണ്ടായിരുന്നു. മാസ്റ്ററിനും മിസ്സിനും പകരം ഗുരുവിനെ അങ്ങനെയായിരുന്നു  വിളിച്ചിരുന്നത്.. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് അമ്മയുടെ ഒക്കത്തിരുന്ന് കളരിയിലേക്ക്  പോയ ആദ്യ ദിവസം..

                      വിജയദശമി ഞങ്ങളുടെ ഗ്രാമത്തില്‍    ജാതി  മതവ്യത്യാസമില്ലാതെ ഏവരും  ആഘോഷിച്ചിരുന്ന  ഒരു ഉത്സവമായിരുന്നു. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു . മുതിര്‍ന്നവര്‍  എഴുത്തെന്ന  വിദ്യ ആരംഭിച്ചതിന്റെ  ഓര്‍മ്മ പുതുക്കുന്നു.
എനിക്കെല്ലാം ഓര്‍മ്മയുണ്ട്...............

                      അഞ്ചുതിരിയിട്ട   നിലവിളക്കിന്റെ മുന്പില്‍ ആശാനിരുന്ന്  എന്നെ മടിയിലിരുത്തിയത്  നാവില്‍ സ്വര്‍ണ്ണമോതിരം കൊണ്ട് ആദ്യാക്ഷരം കുറിച്ചത്..
ഉരുളിയില്‍പ്പരത്തിയിട്ട  അരിയിലും‍ പിന്നെ പൂജിച്ച മണ്ണിലും കുഞ്ഞിവിരല്‍കൊണ്ട് ഹരി--ശ്രീ എഴുതിപ്പിച്ചത്........അതിനുശേഷം ആശാന്‍ എനിക്ക് "ഹരി ശ്രീ ഗ ണ പ ത യെ നമ:"  എന്നെഴുതിയ എഴുത്തോല  സമ്മാനിച്ചതും എല്ലാം..........

                         ബുക്കിനു പകരം അന്ന്  എഴുത്തോലയായിരുന്നു...   (മദ്ധ്യവേനലവധിക്ക്  അമ്മാവന്റെ മകള്‍ സ്വപ്ന ഇംഗ്ളീഷ് മീഡിയം വിശേഷങ്ങളുമായി വരുമ്പോള്‍  എനിക്ക് ചെറിയ കുശുമ്പൊക്കെ തോന്നാതിരുന്നില്ല...പക്ഷേ ഇന്ന് വിരസതയിലേക്ക് മുങ്ങിത്താഴുന്ന എത്ര ദിവസങ്ങളെയാണ് ഈ ഓര്‍മ്മകള്‍ ഉത്സാഹക്കൈ നീട്ടി കരകയറ്റുന്നത്..)

                         ആശാന്‍ ആയിരുന്നു എന്റെ ആദ്യഗുരു.. ചിത്രത്തില്‍ കാണുന്ന ചട്ടമ്പിസ്വാമികളെ  പോലെ . നീണ്ടു നരച്ച താടി.വീതിയുള്ള നെറ്റി . ഇടുങ്ങിയ തീഷ്ണമായ കണ്ണുകള്‍  പ്രത്യക്ഷത്തില്‍
ആ മുഖത്ത്  സ്നേഹത്തിന്റെയോ ദയയുടെയോ യാതൊരു ഭാവവും ഇല്ലായിരുന്നു..  മുകളില്‍ പല നീളത്തിലും വണ്ണത്തിലും ഉള്ള ചൂരലുകള്‍ വച്ചിരുന്നു . എങ്ങാനും ഒരു കുട്ടി ഒരക്ഷരം തെറ്റിച്ചു പോയാല്‍ ആശാന്‍ കണ്ണുകളുയര്‍ത്തി  വടികളിലേക്ക് നോക്കും. അത് മാത്രമായിരുന്നു
ശിക്ഷ..ഒരു മേല്‍മുണ്ടും പുതച്ച്  വലതുകയില്‍ നാരായവും  ഇടതുകയ്യില്‍ എഴുത്തോലയുമായി മുന്നോട്ടാഞ്ഞ്  ആശാന്‍ ഇരിക്കുന്ന ചിത്രം  വര്‍ഷങ്ങള്‍ക്കിപ്പുറവും എനിക്കെത്ര  വ്യക്തമാണ്!!!

ഹരി.. ശ്രീ.. ......
അ.. ആ ഇ ...
ക ഖ ഗ ഘ  ങ.....

എന്നിങ്ങനെ  ആശാന്‍ അക്ഷരമാലകള്‍ യഥാക്രമം പഠിപ്പിക്കും..ഓരോന്നു പഠിപ്പിക്കുമ്പോഴും  ഓരോ പുതിയ എഴുത്തോല സമ്മാനിക്കും. അദ്യം എഴുത്തോല  കിട്ടാന്‍ കൂട്ടുകാരുടെ ഇടയില്‍ ഒരു മത്സരം   തന്നെ ആയിരുന്നു.

                         വള്ളത്തോള്‍,ചങ്ങമ്പുഴ,കുമാരനാശാന്‍ മുതലായ കവികളുടെയൊക്കെ കവിതകള്‍ അശാന്‍ ഈണത്തില്‍ ചൊല്ലിത്തരും.ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും  അത് ഏറ്റുചൊല്ലും.  ആരു വന്നാലും കിളിപോലെ ചൊല്ലാന്‍  എനിക്കെത്ര കവിതകള്‍ ആ നാലു വയസിലേ കാണാപാഠമായിരുന്നെന്നോ !!!മൂന്നു മണിക്ക് ആശാന്‍ ഞങ്ങളെ കളിക്കാന്‍ വിടും. കളരിക്ക് തെക്കു വശത്തുള്ള ചക്കരമാവിന്‍ചോട്ടിലായിരുന്നു  കളി..കാറ്റ് കനിയുന്ന മമ്പഴങ്ങളെല്ലാം ആശാന്‍ മുറിച്ച് കഷണങ്ങളാക്കി എല്ലാവര്‍ക്കുമായി വീതിച്ച് തരുമായിരുന്നു. മൂന്നര മുതല്‍  എണ്ണല്‍ സംഖ്യകള്‍, സങ്കലന--ഗുണന പട്ടികകള്‍  ഒക്കെ ഏതെങ്കിലും കുട്ടിയെ കൊണ്ട് ചൊല്ലിക്കും. ബാക്കി കുട്ടികള്‍ അതേറ്റു  ചൊല്ലും നാലു മണിയാകുമ്പോള്‍ കളരി വിടും.  നിഴല്‍ നോക്കി സമയം കൃത്യമായി പറയുന്ന അത്ഭുതവിദ്യ ആശാനറിയാമായിരുന്നു.

                         കുട്ടികള്‍ പോയിക്കഴിയുമ്പോള്‍  അത് ആശാന്റെ വീടാകും. ജീവിതത്തില്‍ ശിഷ്യന്മാരെയല്ലാതെ പണമോ വസ്തുക്കളോ ബന്ധങ്ങളോ ഒന്നും തന്നെ സമ്പാദിച്ചിരുന്നില്ല.. കള്ളന്മാര്‍ അപഹരിക്കാത്തതും ആരും പിടിച്ചെടുക്കാത്തതും കൊടുക്കുന്തോറും ഏറിടുന്നതുമായ  ധനം  സര്‍വ്വധനങ്ങളെക്കാളും പ്രധാനമാണെന്നും അതു കൊടുത്തു തന്നെ  വര്‍ദ്ധിപ്പിക്കുക  എന്നും ആശാന്‍  എപ്പോഴും പറയുമായിരുന്നു.  ആശാന്റെ മരണവും കളരിയില്‍ കിടന്നു തന്നെയായിരുന്നു.

                          അതിരാവിലെ മാഞ്ചുവട്ടില്‍ കണ്ണിമാങ്ങ പെറുക്കിയും, പുഴയില്‍ നീന്തി ക്കുളിച്ചും , സന്ധ്യക്ക്  പ്രദക്ഷിണം വച്ച്  ദീപാരാധന  തൊഴുതിറങ്ങിയും ...............
അതിരുകളില്ലാത്ത സന്തോഷത്തിന്റെ  ലോകത്ത് പാറിപ്പറന്ന് നടന്നിരുന്നു എന്റെ ബാല്യം..

                        മകള്‍ നല്ല  ഉറക്കത്തില്‍ തന്നെ.  അവളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന
മുടി ഒതുക്കി വച്ച് പുതപ്പിച്ച് കിടത്തുമ്പോള്‍  ഞാന്‍ ഓര്‍ത്തു. ഈയിടെ അവളുടെ  ശാഠ്യം  വല്ലാതേറുന്നുണ്ട്.  ആകാശ് ആണ്‍കുട്ടിയായിട്ടും   ദീപാന്റിയുടെ  ഭിത്തിയില്‍ ഒരു വര പോലും  ഇല്ലല്ലോ എന്നൊക്കെ പറഞ്ഞ് ഞാന്‍ ശാസിക്കാറുണ്ട്.   പക്ഷേ  കയ്യിലിരുന്ന പുതിയ  പാവക്കുട്ടിയെയും വലിച്ചെറിഞ്ഞ് എനിക്ക് കുത്തിവരക്കാന്‍ ഒരു ഭിത്തി മതിയേ എന്നും പറഞ്ഞ് അവള്‍ ഇന്നലേയും  കുറെയേറെ കരഞ്ഞു...'

                        എനിക്കറിയാം ഇവിടെ ബാല്യം ജനലഴികളിലൂടെ പുറത്തേക്ക് നോക്കിനില്‍ക്കുകയാണ്.  ഓരോരോ ഡേകെയറുകളിലായും ഏജന്‍സികളില്‍ നിന്ന് ദൈനിക വേതനത്തിനെടുക്കുന്ന ആയമാരുടെ കൈകളിലൂടെയും അവള്‍ വളരുകയാണ്.
"ഹാവൂ, രുഗ്മിണീസ്വയംവരം പോലൊരു സ്വയം വരമില്ലെന്റെ കുട്ടിയേ   ...ശിവ ശിവ... " എന്നും പറഞ്ഞ് കഥകളുടെ വിസ്മയങ്ങളുമായി പടികടന്നു വരാന്‍ ഒരു മുത്തശിയുമില്ല...

                       ഓണത്തിനും  വിഷുവിനുമൊക്കെ  നാട്ടില്‍്‌  പോകുന്ന ഹ്രസ്വ വേളകളില്‍്‌  മുറ്റത്തും തൊടിയിലും  ഓടികളിച്ചും പട്ടം പറത്തിയും  നടക്കുന്ന അവളുടെ  മുഖത്ത്  പൂത്തു വിടരുന്ന സന്തോഷം പറിച്ചെറിഞ്ഞ്  തിരിച്ച് പോരുമ്പോള്‍  എനിക്കും  വേദനിക്കാഞ്ഞല്ല.പക്ഷേ....

                     ഓരോന്നാലോച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. മകള്‍ നിരത്തിയിട്ട ചായപ്പെന്‍സിലുകളും കീറിയ ചിത്രങ്ങളും  അടുക്കി വക്കണം.  നാളെ അവള്‍ക്ക് വീണ്ടൂം
നിരത്തിയിടാനും പിന്നെ എനിക്ക് വീണ്ടും അടുക്കി വക്കാനും"........