എന്റെ വായന
പരന്ന വായന അവകാശപ്പെടാനില്ല.ഒരുപാടു പുസ്തകങ്ങള്‍ വയിച്ചു വളര്ന്ന കുട്ടിക്കാലം എന്നും പറയാനുമാവില്ല. എന്നാലും എനിക്കറിയാം ഓര്മ്മവച്ച കാലം മുതല്‍ പാട്ടുകളേയും കഥകളേയും വല്ലാതെ സ്നേഹിച്ചിരുന്നു.
ബാലരമ കൊണ്ടുവരുന്ന ദിവാകരന്ചേട്ടനെ വേലിക്കല്‍ കാത്തു നിന്നത്...
അച്ഛന്‍ മടിയിലിരുത്തി വീണപൂവിന്റെ അര്ത്ഥം പറഞ്ഞു തന്നത്.....
മാമ്പഴം വായിച്ച് കരഞ്ഞ് മൂക്കും ചീറ്റി നടന്നത്.....
പട്ടാളത്തില്‍ നിന്ന് വര്ഷത്തില്‍ ഒരിക്കല്‍ വരുന്ന അമ്മാവന്‍ വേതാളത്തിന്റെ കഥകള്‍ പറഞ്ഞു തന്നത്......
മലയാള ഉപപാഠപുസ്തകത്തില്‍ ജീന്‍വാല്‍ജീനിന്റെ കഥയുടെ ഒരുഭാഗം മാത്രം വായിച്ച് ബാക്കി അന്വേഷിച്ച് കിട്ടാതെ സങ്കടപ്പെട്ടു നടന്നത്........
എല്ലാം എനിക്ക് ഇന്നലത്തെ പോലെ ഓര്‍മ്മയുണ്ട്. ഞാന്‍ പഠിച്ച സ്കൂളിലൊന്നും ലൈബ്രറിയില്ലയിരുന്നു ഗ്രാമത്തില്‍.ആകെ ഒരു വായനശാലയായിരുന്നു ഉണ്ടായിരുന്നത്.ഇളങ്കാവ് അമ്പലം ജങ്ഷനില്‍ 'വിദ്യാഭിവര്ധിനി വായനശാല'. അവിടെ പെണ്‍കുട്ടികള്‍ ആരും പോയിരുന്നില്ല.
വായനയുടെ കാര്യം പറയുമ്പോള്‍ എനിക്ക് ആ കൊച്ചു മുറിയുടെ
കാര്യം പറയാതെ വയ്യ. പുഴയിലേക്ക് ജനാല തുറക്കുന്ന ഭിത്തിയുടെ രണ്ടു വശത്തും തട്ടുകളില്‍ നിറയെ പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്ന ആ മുറി.ശ്രീദേവിയുടെ ചേട്ടന്‍ ഉണ്ണിചേട്ടന്റേതായിരുന്നു ആ മുറി..പല നല്ല പുസ്തകങ്ങളും ഞാന്‍ വായിച്ചത് ആ മുറിയില്‍ നിന്നാണ്. മുറിയുടെ ജനാല തുറക്കുന്നത് പുഴയുടെ ജലക്കാഴ്ചയിലേക്കാണ്. പുഴയുടെ തീരത്തു കൂടിയുള്ള ചെമ്മണ്‍പാത ചെന്നവസാനിക്കുന്നത് അമ്പലം ജങ്ഷനിലേക്കും..
എന്തോ പറഞ്ഞു നീങ്ങുന്ന ഗ്രാമീണര്‍............
ഇലക്കുമ്പിളില്‍ പൂക്കളുമായി അമ്പലത്തിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍................
വേഗത്തില്‍ സൈക്കിള്‍ ചവിട്ടി നീങ്ങുന്ന ബാല്യത്തിന്റെ കുസൃതികള്‍..........
ഇന്നും വിസ്മരിക്കാനാകുന്നില്ല ആ സായാഹ്ന കാഴ്ച്ചകള്‍.
ശ്രീദേവിയുടെ ചേട്ടന്‍ വല്ലപ്പോഴും മാത്രമേ വീട്ടില്‍ വന്നിരുന്നുള്ളൂ.അയാള്‍ ഒരു പൊതു പ്രവര്‍ത്തകനായിരുന്നു. ദൂരെ എവിടെയോ നിരക്ഷരരെ അക്ഷരം അഭ്യസിപ്പിക്കുക,ആദിവാസികള്‍ക്കിടയില്‍ ആരോഗ്യപ്രവര്‍ത്തനം നടത്തുക, ഇതിലൊക്കെ ആയിരുന്നു അയാളുടെ ശ്രദ്ധ.തോളില്‍ ഒരു തോള്‍സന്ചിയൊക്കെ തൂക്കി പുഴത്തീരത്തു കൂടി അതിലും ശാന്തനായി അയാള്‍ നടന്നു വരുന്നത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.
പക്ഷേ ഞങ്ങള്‍ ഗ്രാമവാസികളില്‍ ആരോടും തന്നെ അയാള്‍ സംസാരിച്ചിരുന്നില്ല.ആരുടെയെങ്കിലും വിവാഹത്തിനോ മരണവീട്ടിലോ ഒന്നും ഞാന്‍ അയാളെ കണ്ടിട്ടില്ല,.
മഹാകവി പറഞ്ഞതു പോലെ തൊട്ടടുത്തു നില്‍ക്കുന്ന മനുഷ്യരെ അറിയാത്തവര്‍ക്ക് എന്ത് വിദൂരലക്ഷ്യങ്ങള്‍ എന്ന് ചില നേരങ്ങളില്‍ ഞാന്‍ ഓര്‍ത്തു പോയിട്ടുണ്ട്.
എങ്കിലും ഈ നിധികളുടെയൊക്കെ ഉടമയോട് എനിക്ക് മനസ് നിറയെ സ്നേഹബഹുമാനങ്ങളായിരുന്നു .ഞാന്‍ ആരാധിച്ചിരുന്ന പല എഴുത്തുകാരുടേയും കൃതികള്‍ complementary copyയായി അദ്ദേഹത്തിന്റെ മുറിയില്‍ ഇരിക്കുന്നത് ഞാന്‍ അസൂയയോടെ നോക്കിയിരുന്നിട്ടുണ്ട്.
വിക്റ്റര്‍ ലീനസിന്റെ കഥകള്‍ വായിച്ച് വിസ്മയിച്ചിരുന്നത് ആ മുറിയില്‍ വച്ചാണ്.
മറിയമ്മയുടെ മുനമ്പ് എന്ന കഥ അടങ്ങിയ 'അന്തര്‍ജനം മുതല്‍ അഷിത വരെ " എന്ന കഥാ സമാഹാരം വായിച്ചതും ആ മുറിയില്‍ നിന്നാണ്.ഇടശേരിയുടെ പൂതപ്പാട്ട് ആദ്യമായി ഈണത്തില്‍ കേട്ടതും അവിടെ നിന്ന് തന്നെ. ആത്മഹത്യ ചെയ്ത യുവകവി സനില്‍ദാസ് ഐ.സി യുടെ കൊച്ചു കവിത സമാഹാരം 'ഘടികാരം' വായിച്ച് സങ്കടപ്പെട്ടത് എനിക്കോര്‍മ്മയുണ്ട്. പക്ഷേ സ്കൂള്‍കുട്ടി ആയിരുന്ന സമയത്ത് വായിച്ച കവിത കള്‍ എനിക്ക് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.
പക്ഷേ ഈ വരികള്‍ ഓര്‍മ്മയുണ്ട്.
"നഷ്ട്ടപെട്ടുവെന്ന് നമ്മള്‍ വിചാരിക്കുന്നതൊന്നും യഥാര്‍ത്ഥത്തില്‍ നഷ്ട്പ്പെടുന്നില്ല. അവ വേറൊരു ഭാവത്തില്‍ വേറൊരു രൂപത്തില്‍ തിരിച്ചു വരും"
പക്ഷേ മറ്റൊരിടത്തും സനില്‍ ദാസിനെ പറ്റിയോ സനില്‍ ദാസിന്റെ കവിതകളെ പറ്റിയോ ആരും ചര്‍ച്ച ചെയ്ത് കേട്ടിട്ടില്ല. പ്രതീക്ഷയുടെ വരികള്‍ എഴുതിയ കവി എന്തിനാണ്‍ സ്വയം ജീവിതം അവസാനിപ്പിച്ചതെന്ന് ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട്.
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന യുവ കഥാകൃ ത്തുക്കളുടെ പല കഥകളും എനിക്ക് മനസിലാകാത്തപ്പോള്‍ ഏതു കൂരിരുട്ടിലും കനല്‍ ചൂടിലും കൂടെയുണ്ടാകുമെന്ന് വിചാരിച്ച പ്രിയപ്പെട്ട ഒന്ന്.... അതും കൈവിട്ടു പോകുന്നതു പോലെയൊരു തോന്നല്‍............ ഉത്തരാധുനിക കഥകളുടെ രചനാരസതന്ത്രം അറിയില്ല.ദുരൂഹമായ കഥകള്‍ സാധാരണ ജനങ്ങളെ സാഹിത്യത്തില്‍ നിന്ന് അകറ്റുമോ? അതോ വായനയെ ഗൌരവമായി കാണാതെ വിനോദത്തിനു മാത്രമായി സമീപിക്കുന്നതു കൊണ്ടാണോ ?
ഈ വര്‍ഷമാണു ഞാന്‍ മലയാളം ബി.എ ക്ക് പഠിക്കാന്‍ ചേര്‍ന്നത്. (പണ്ട് സയന്‍സില്‍ ബിരുദമെടുത്തിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയൊരു മോഹം.)contact classല്‍ അവര്‍ നമ്മള്‍ പണ്ടേ വായിച്ചിരിക്കേണ്ട പല പുസ്തകങ്ങളെ പറ്റിയും പരാമര്‍ശിക്കാറുണ്ട്..അങ്ങനെ കുറച്ച് നല്ല പുസ്തകങ്ങള്‍ വായിക്കാനിടയായി.
എന്തൊക്കെ പറഞ്ഞാലും ഒന്നെനിക്കറിയാം ഇപ്പോഴുംഇന്നലെ
പാതി വായിച്ച് നിര്‍ത്തിയ ഒരു പ്രിയപുസ്തകം തന്നെയാണ് പ്രഭാതത്തില്‍ എന്നെ ഉന്മേഷത്തോടെ വിളിച്ചുണര്‍ത്തുന്നത്!!!!!!!!!!!!!
ദുരൂഹമായ കഥകള്‍ സാധാരണ ജനങ്ങളെ സാഹിത്യത്തില്‍ നിന്ന് അകറ്റുമോ?
ReplyDeleteവായിക്കണം എന്നുള്ളവര്‍ എങ്ങിനെ ആയാലും വായിക്കും എന്ന് തന്നെയാണ് എന്റെ തോന്നല്‍. പക്ഷെ പുതിയ വായനക്കാരെ (സാധാരണക്കാരെ) അകറ്റാനെ ഉതകു എന്നും കരുതുന്നു. പുതിയ വായനക്കാരെ ആകര്‍ഷിക്കാന്‍ അവരെ നിലനിര്‍ത്താന്‍ അധികം പ്രയാസമില്ലാതെ മനസ്സിലാക്കാന്‍ കഴിയുന്ന രചനകള്‍ കൂടുതല്‍ ഗുണം ചെയ്യും.
എന്തൊക്കെ പറഞ്ഞാലും ഒന്നെനിക്കറിയാം ഇപ്പോഴുംഇന്നലെ
പാതി വായിച്ച് നിര്‍ത്തിയ ഒരു പ്രിയപുസ്തകം തന്നെയാണ് പ്രഭാതത്തില്‍ എന്നെ ഉന്മേഷത്തോടെ വിളിച്ചുണര്‍ത്തുന്നത്!!
ഇപ്പോള്‍ ഏറ്റവും സങ്കടം വായിക്കാന്‍ സമയം കിട്ടുന്നിലാല്‍ എന്നതാണ്.
ReplyDeleteവായന ബ്ലോഗ്ഗില്‍ മാത്രം ഒതുങ്ങി പോകുന്നു.
വായനയും ചിന്തയും നന്നായി പങ്കു വെച്ചു ട്ടോ
ആശംസകള്‍ അജിത
ഇവിടെ നേരത്തെ ഒന്ന് വന്നു പോയ്ന്കിലും ഒരു കുറിപ്പിടാന്‍ കഴിഞ്ഞില്ല
ReplyDeleteഇതാ ഇവിടെ എനിക്കേറ്റംഇഷ്ടായ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു
ഇനിയും രണ്ടു വാക്ക് പറയാതെ പോകാന്‍ വിഷമം
ഇവിടെപ്പറഞ്ഞ പലതുമായും ഒരു താരതമ്യം എന്നോടുള്ള ബന്ധത്തിലും
എനിക്കു തോന്നി
ഒഴുക്കുള്ള വരികള്‍
ഇഷ്ടായി
വീണ്ടും വരാം
നന്ദി
PS:
എന്തൊക്കെയായാലും വായന അത് കൂടെത്തന്നെ കൊണ്ടുനടക്കുക
കൈവിടരുത് കേട്ടോ
പ്രിയപ്പെട്ട അജിത,
ReplyDeleteഎനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട വിഷയം-വായന-പുസ്തകങ്ങള്‍..!
ഒരു പാട് ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു. അച്ഛമ്മയും വലിയമ്മയും പറഞ്ഞു തന്നിരുന്ന കഥകള്‍...നാട്ടിലെ വായനശാല...!അതേ, അവിടെ സ്ത്രീകള്‍ പോകാറില്ല.
കാപ്പി കുടിക്കുമ്പോഴും ഒരു കയ്യില്‍ എന്തെങ്കിലും വായിക്കാന്‍ ഉണ്ടാകും. അതെന്നും എപ്പോഴും അമ്മക്ക് പരാതിക്കിടയാക്കി.
വായിക്കാന്‍ താത്പര്യം ഉണ്ടാകിയത് അമ്മയും അച്ഛനും തന്നെ.ഒരിക്കലും മറക്കാന്‍ പറ്റില്ല എന്റെ ബാല്യകാലം .
വളരെ നന്നായി എഴുതി,അജിത ! പോസ്റ്റ് അവസാനിപ്പിച്ച വരികള്‍ വളരെ ഇഷ്ടായി! നന്നായി പഠിക്കു.ആശംസകള്‍.
അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു
റാംജീജി,
ReplyDeleteശരിയാണ്.. വായിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ എന്തായാലും എത്ര തിരക്കായാലും അതിനു സമയം കണ്ടെത്തും. പിന്നെ ഞാന്‍ എഴുതിയത് എല്ലാ യുവ കഥാകാരന്‍മാരുടേയും കാര്യമല്ല.ബഷീറിന്റേയും എം.ടിയുടേയും മാധവിക്കുട്ടിയുടേയും കഥകള്‍ പോലെ ആസ്വദിക്കാന്‍ കഴിയാത്തതുപോലെ ചില ഉത്തരാധുനിക കഥകള്‍. ആ സങ്കടം പങ്കുവച്ചെന്നേയുള്ളൂ
മന്‍സൂര്‍ജീ,
ReplyDeleteഒരു നല്ല എഴുത്തുകാരന്റെ മകനല്ലേ.അപ്പോള്‍ നന്നായി വായിച്ചു തന്നെയായിരിക്കും വളര്‍ന്നതെന്ന് ഭാഷ കാണുമ്പോള്‍ മനസിലാകും.ബ്ളോഗ് വായന മാത്രമായി ഒതുക്കണ്ട.
കൊച്ചു ബാബു,
ReplyDeleteഇവിടെ വന്നതിനും നല്ല വാക്കുകള്‍ക്കും നന്ദി.
വായിക്കണമെന്നുണ്ട്. സമയക്കുറവാണു പ്രശ്നം
അനൂ,
ReplyDeleteനല്ല വാക്കുകള്‍ വായിച്ച് സന്തോഷിക്കുന്നു. പഠിക്കണമെന്നുണ്ടായിരുന്നു. സമയക്കുറവാണൊരു പ്രശ്നം
പിന്നെ കോളേജും തണല്‍ വിരിച്ചു നില്‍ക്കുന്ന മരങ്ങള്‍ ഉള്ള കാമ്പസും ആട്ടകഥാ സാഹിത്യവും കവിതയും നിറഞ്ഞ് നില്‍ക്കുന്ന ക്ളാസ് മുറികളൂം ഞാന്‍ നന്നായി ആസ്വദിക്കുന്നു. പുതിയ അനുഭവം തന്നെ!!!!!!!!!!!!!!!.
പുസ്തകങ്ങളെ കൂട്ടുകാരാക്കിയ സോദരി നേരുന്നു ഒരായിരം പുസ്തകങ്ങളുടെ ഒരു ഒരു വസന്തകാലം.ആശംസകള്‍
ReplyDeleteവായനക്ക് എന്തെങ്കിലും അളവുകോല്‍ ഇല്ല . പരന്ന വായന എന്നത് വെറുതെ പറയുന്നതാണ്. ഇഷ്ട്ടത്തിന് വായിക്കുക. വായനയിലൂടെ ജീവിക്കുക. മനുഷ്യന് കിട്ടിയ വലിയൊരു അനുഗ്രഹമാണ് അത്. നല്ല ഒരു വായനക്കാലം ആശംസിക്കുന്നു.
ReplyDeleteവായിച്ചാൽ വിളയും ..അല്ലെ..ആശംസകൾ..
ReplyDeleteaashamsakal....... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane............
Deleteനല്ല ഒഴുക്കുള്ള എഴുത്ത്.. വായന ഏറെ പ്രിയപ്പെട്ടതായതുകൊണ്ട് തന്നെ ഈ പോസ്റ്റ് വളരെ ഇഷ്ടായി.
ReplyDeleteആദ്യായിട്ടാണ് ഇവിടെ വരണത്. ഇഷ്ടായീട്ടോ ഈ എഴുത്ത്.. ഇനിയും വരും!!
ReplyDeleteമനു..
This comment has been removed by the author.
ReplyDeleteഗീതാകുമാരി ,കാണാക്കൂര്‍,ജയരാജ് നന്ദി.
ReplyDeleteസസ്നേഹം അജിത
സങ്കല്‍പ്പങ്ങള്‍ ,
ReplyDeleteവായിച്ചാല്‍ വിളയും, പക്ഷേ ഓഫീസും വീട്ടുജോലികളൂം തിരക്കുകളും ഒക്കെയായി വായന കുറവാണ്.
സസ്നേഹം
അജിത
ഇലഞ്ഞിപൂക്കള്‍, മനൂ,
ReplyDeleteഅദ്യമായാണല്ലോ ഈ വഴി.
ഞാനിനി എന്നാണിതിലൊരു പോസ്റ്റിടുന്നതെന്ന്
അറിയില്ല. എങ്കിലും പറയുന്നു. ഇടക്ക് ഇതിലേ വരിക.
സസ്നേഹം അജിത
read the nature deeply with heart. read the words with heart.
ReplyDeletethank you very much sir
ReplyDeleteഎന്റെ ബ്ലോഗിലെ ആദ്യത്തെ ഫോളോവര്‍ക്ക്. വളരെ നന്ദിയുണ്ട് അവിടെ വന്നതില്‍.. താങ്കളുടെ എഴുത്ത് കണ്ടപ്പോള്‍ എനിക്ക് കിട്ടിയത് ഒന്നേ ഉള്ളെങ്കിലും അത് നല്ലൊരാളാണെന്ന് മനസ്സിലായി. വായനയെക്കുറിച്ച് എഴുതിയത് ഹൃദ്യമായി. എന്റെ ബ്ലോഗ് വായിച്ചപ്പോള്‍ തന്നെ വായനയുടെ അഭാവത്തെക്കുറിച്ചു ഒരു സൂചന കിട്ടിക്കാണും. ജീന്‍ വാല്‍ ജീനിനെ അന്വേഷിച്ച ഭാഗം എനിക്ക് വളരെ ഇഷ്ടമായി. കാരണം ഞാനും അന്ന് അത് അന്വേഷിച്ചു നടക്കുകയായിരുന്നു. താങ്കള്‍ക്ക് അത് പിന്നീട് കിട്ടി എന്ന് കരുതുന്നു. കിട്ടിയില്ലെങ്കില്‍ അത് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം (കോപ്പി റൈറ്റ് വയലേഷന്‍ ആണ് ചെയ്യുന്നത് എന്നറിയാമെങ്കിലും)
ReplyDeletehttp://ebooksarchive.wordpress.com/2010/07/04/victor-hugo-les-miserables/
"നഷ്ട്ടപെട്ടുവെന്ന് നമ്മള്‍ വിചാരിക്കുന്നതൊന്നും യഥാര്‍ത്ഥത്തില്‍ നഷ്ട്പ്പെടുന്നില്ല. അവ വേറൊരു ഭാവത്തില്‍ വേറൊരു രൂപത്തില്‍ തിരിച്ചു വരും"
ReplyDeleteസത്ത്യാട്ടോ..
വളരെ നന്നായി എഴുതി..
ഉത്തരാധുനികതയുടെ കാലവും കഴിഞ്ഞു...
ReplyDeleteഉത്തര ഉത്തരാധുനികതയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകരായി ചിലര്‍ ഉയര്‍ന്നുവരുന്നു.. എവിടെച്ചെന്നെത്തുമെന്ന് കാത്തിരുന്നുകാണാം..
പക്ഷേ ഇതിനിടയിലും വായനാസുഖം തരുന്നവ എല്ലാ വിഭ്ഗത്തിലുമുണ്ടായിട്ടുണ്ട്..
വായനയെ വിനോദമെന്നതിലുപരി ആത്മാവിന്റെ ദാഹംതീര്‍ക്കാനുള്ള ഒരുമുഴുകലായി മാറ്റാന്‍ കഴിഞ്ഞാല്‍ അതിന്റെ നേര്‍ത്ത നൂല്പാപാലത്തിലൂടെ ഭാരമറ്റ് കുമിളപോലെ ചരിക്കാനാവുമെന്നാണനുഭവം.. പക്ഷേ ഇത്തരം വായനാസുഖം കിട്ടണമെങ്കില്‍ പലപ്പോഴും ഡയറക്ട് ടെല്ലിംഗില്‍ സാധിക്കാറില്ല.. ആ ഒരു സുഖത്തിന് പലപ്പോഴും ഉത്തരാധുനികതയെയും, ഉത്തരോത്തരാധുനികതയെയുമൊക്കെ ആശ്രയിച്ചുപോവാറുണ്ട്. പിന്നെ അതിന്റെ ചൊരുക്കുതീര്‍ക്കാന്‍ വീണ്ടും പഴയതിലേക്ക് മടങ്ങിവരികയും..
കുറിപ്പ് നന്നായി...
ആശംസകള്‍..
അരുണ്‍
ReplyDeleteവന്നതിനും വായിച്ചതിനും വളരെ നന്ദി. ആഹാ! അരുണും ജീന്‍ജീല്‍വാജീനിന്റെ കഥ അന്വേഷിച്ചു നടന്നിരുന്നോ.എന്തായാലും സന്തോഷം/
അഭൂതി, ശ്രീജിത്,
ReplyDeleteനല്ല വാക്കുകള്‍ക്കു നന്ദി,
സസ്നേഹം
അജിത
ചില തെല്ലാം വായിച്ചാല്‍ തുടര്‍ന്ന് വായിക്കണമെന്ന ഒരു തോന്നല്‍ ഉണ്ടാക്കും ...അതു പോലൊരു അനുഭവം....
ReplyDeleteനന്ദി...