Powered By Blogger

Saturday, 29 September 2012

കണ്ണിനു കണ്ണായ് തന്നെ



എത്ര ദിവസമായെന്നോ നിന്നോട് ഇതു പറയണമെന്ന് വിചാരിക്കുന്നു. ഇന്നലെയും മിനിഞ്ഞാന്നുമൊക്കെ   ഈ വിശേഷങ്ങളും  ചുരുട്ടി പിടിച്ച് ഞാന്‍ പടിവാതില്‍വരെ വന്ന് തിരിച്ചു പോന്നു. ഇവിടെ ഒറ്റക്കിരിക്കുമ്പോള്‍ നിന്നോട് പറയണം നിന്നോട് പറയണമെന്ന് മനസ് പിന്നെയും  മന്ത്രിക്കുമ്പോള്‍ ഞാന്‍ എഴുതി പോവുകയാണ്..അല്ലെങ്കില്‍ തന്നെ പതിഞ്ഞ കാല്‍വയ്പുകളുമായി മെല്ലെ മെല്ലെ നടന്നു വന്ന് ഹൃദയത്തില്‍ ഇടംപിടിച്ച   സ്നേഹത്തെ പറ്റി നിന്നോടെങ്ങനെയാണു പറയാതിരിക്കുന്നത്. സത്യത്തില്‍ എനിക്ക് പൂച്ചകളെ ഇഷ്ടമല്ലായിരുന്നു. അടുപ്പില്‍ കത്താത്ത വിറക്  ഊതിയൂതി  പുകയുന്ന കണ്ണൂമായി മുഖമുയര്‍ത്തുന്ന ആ വൃദ്ധമുഖവും പൂച്ചയുടെ നീണ്ട നിലവിളിയും ചേര്‍ത്ത് ഓര്‍ക്കുമ്പോള്‍ എനിക്ക് പൂച്ചകളെ  വെറൂപ്പുമായിരുന്നു  എന്നു തന്നെ പറയാം എന്നിട്ടും ഇപ്പോള്‍ ഇങ്ങനെയിങ്ങനെ ഈ  മിണ്ടാപ്രാണി എന്റെ ജീവന്റെ ഭാഗമായി.
കൃത്യമായി ഓര്‍മ്മയില്ല......
പപ്പുവിനെ ഞാന്‍  ആദ്യമായി കണ്ടതെന്നാണെന്ന് .  .ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്ന  അമ്മുകുട്ടിയെ കാക്കേപൂച്ചകളെ കാട്ടി നടന്ന ഒരു പ്രഭാതത്തിലെപ്പോഴെങ്കിലും  ആയിരിക്കും.ഒരു നര്‍ത്തകിയെപ്പോലെ  വാലിട്ട് കണ്ണെഴുതിയ സുന്ദരി ആദ്യം  അമ്മുകുട്ടിയുമായിട്ടാണ്‍ ചങ്ങാത്തമായത്. അവള്‍  പിച്ചിയെറിഞ്ഞ  ദോശയും  പൂരിയും  വീടിന്റെ പിന്‍വശത്തേക്ക് വലിച്ചെറിഞ്ഞ  എന്തെങ്കിലുമൊക്കെ  കഴിച്ച് അവള്‍ അവിടെയൊക്കെ പതുങ്ങി നടന്നിരുന്നു.. ആദ്യമൊക്കെ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നില്ലെന്നെല്ല അവഗണിച്ചിരുന്നെന്ന്  തന്നെ പറയാം.കാരണം എനിക്ക് പൂച്ചകളെ ഇഷ്ടമില്ലായിരുന്നല്ലോ പിന്നെ പിന്നെ എനിക്ക് കാണാമായിരുന്നു നാലു മണിക്ക് അടുക്കള ജനാല  തുറക്കുമ്പോള്‍ മതിലില്‍ എന്നെ കാണാവുന്ന  രീതിയില്‍ വന്നിരിക്കും .അമ്മുക്കുട്ടിയുടെ സ്കൂള്‍ബസു വന്നുപോയിക്കഴിഞ്ഞ്  ഞാന്‍ പത്രം വായിക്കാന്‍ ഇരിക്കുമ്പോള്‍ എന്റെ തൊട്ടടുത്ത്  തൊടാതങ്ങനിരിക്കും. ഞാന്‍ ഓഫീസില്‍ പോകാനിറങ്ങുമ്പോള്‍ ഗെയിറ്റില്‍ വന്ന്  എന്റെ കോട്ടണ്‍  സാരിയില്‍ ഒന്ന് ഉരുമ്മിയിട്ട് പോകും വൈകുന്നേരം ഞാന്‍ തിരിച്ച് വരുമ്പോള് എന്റെ ടൂവീലറിന്റെ ശബ്ദം  കേള്‍ക്കുമ്പോള്‍ അയല്‍ വീട് സന്ദര്‍ശനങ്ങള്‍ക്കു പോയിരിക്കുകയാണെങ്കിലും കരിയിലകളെ പറത്തി ഓടി വന്ന് കിതച്ചങ്ങനെ നില്‍ക്കും  പിന്നെ അനിഷേധ്യമായ അധികാരത്തോടേ വീടിനുള്ളില്‍  കയറി വരാന്‍  തുടങ്ങി. തിരക്കൊഴിഞ്ഞ  ഞായറാഴ്ച്ച വൈകുന്നേരങ്ങളില്‍ എല്ലാവരും  ടി.വി യില്‍ സിനിമ കണ്ടിരിക്കുമ്പോള്‍ അവളും ഉണ്ടാകും അതിഥികള്‍ വരുമ്പോള്‍ പതിയെ അവിടെ നിന്ന് വലിയും.എന്നിട്ടടുക്കളയില്‍  ഫ്രിഡ്ജിനും ഭിത്തിക്കും ഇടക്കുള്ള ഇത്തിരി സ്ഥലത്ത് ഒളിച്ചിരുന്ന് എത്തിനോക്കും.
ചിലനേരങ്ങളില്‍ ഭിത്തിയില്‍ ഏറ്റവും മുകളില്‍ ഇരിക്കുന്ന പല്ലിയെ ഒറ്റച്ചാട്ടത്തിന്‍ പിടിച്ച് അമ്മുകുട്ടിയെ അതിശയിപ്പിച്ചും കര്‍ട്ടനില്‍ തൂങ്ങി ഊഞ്ഞാലാടി  കാണിച്ച് കുടുകുടെ ചിരിപ്പിച്ചും   ഒരു മികച്ച ഫുട്ബോളറെ പോലെ  ഹാളിലൂടേ ചെറിയ ബോള്‍ തട്ടി തട്ടി നടന്ന്  സന്തോഷിപ്പിച്ചും  അവളുടെ ഏറ്റവും അടുത്ത കൂട്ടൂകാരിയായ് മാറി.

കിട്ടുന്നതു കൊണ്ട്  തൃപ്തിപ്പെടും. ഒന്നിനും പരാതിയില്ല. സദാസമയവും ദേഹം തുടച്ചു മിനുക്കി കൊണ്ട് സിറ്റൌട്ടില്‍ അങ്ങനെ ഇരിക്കും. ദേഹം മുഴുവനും ചെളിയും മുറിവുകളുമായി  നടക്കുന്ന ഗുണ്ടുവിനെ കണ്ടാല്‍ അവള്‍  തിരിഞ്ഞു   നോക്കാറുപോലുമില്ല. അതു ഞാന്‍ പറഞ്ഞിട്ടൊന്നുമല്ല കേട്ടോ.

സ്കൂള്‍ അവധിക്ക് പതിവു പോലെ അമ്മ നാട്ടില്‍ നിന്നു വന്നു...
"ഈ പൂച്ചയുടെ വയറ്റില്‍  കുഞ്ഞുവാവയുണ്ടല്ലോ”
അമ്മ പറഞ്ഞു. 
അമ്മുകുട്ടി അതു കേട്ട് തുള്ളിച്ചാടി. വയറു വലുതായി വരുന്നതോടെ അവളൂടെ
കളിയും ചാട്ടവും കുറഞ്ഞു കുറഞ്ഞു വന്നു. ഒരു ദിവസം ഞാന്‍ ഓഫീസില്‍  പോകാനിറങ്ങിയപ്പോള്‍  അവള്‍ പതിവില്ലാതെ ദയനീയഭാവത്തില്‍ എന്നെ നോക്കി.ഞാന്‍ ഒരു കടലാസുപെട്ടിയില്‍ കുറച്ചു തുണി വിരിച്ചു കൊടുത്തു. തിരിച്ചു വന്നപ്പോള്‍ അവളുടെ കൂടെ സുന്ദരക്കുട്ടന്‍  പൂച്ചകുട്ടിയുണ്ടായിരുന്നു. നിനക്കറിയാമോ, എത്ര പെട്ടെന്നാണെന്നോ  പക്വമതിയായ  ഒരു അമ്മയുടെ റോളിലേക്ക് അവള്‍ മാറിയതെന്ന്. കുഞ്ഞിനു പാലു കൊടുത്തും നക്കി തുടച്ച് വൃ ത്തിയാക്കിയും ഒരു കൈകൊണ്ട് നെന്ചോടു  ചേര്‍ത്തു കിടത്തിയും ഉമ്മവച്ചും സദാസമയവും കുഞ്ഞിന്റെ കൂടെ തന്നെ. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള മീനും ചോറും കൊടുത്താല്‍ പോലും  മുഴുവനും കഴിക്കാതെ പകുതിയാക്കി  കുഞ്ഞിന്റെ അടുത്തേക്ക് ഓടി ചെന്ന് വെപ്രാളപ്പെട്ട്   കെട്ടിപ്പിടിച്ച് ഉമ്മവക്കുന്നത് കണ്ടു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ പൂച്ചകുട്ടി കണ്ണു തുറന്നു. അന്ന് അമ്മുവിനു  ഉത്സവമായിരുന്നു. പിറ്റേന്ന്  പപ്പു കുഞ്ഞിനേയും  കഴുത്തില്‍  കടിച്ചെടുത്ത് വീടിനുള്ളീല്‍ കയറി വന്നു.  കട്ടിലിനടിയിലും അലമാരക്കുള്ളിലുമൊക്കെ കുഞ്ഞിനെ   വയ്ക്കാന്‍ നോക്കി.

നിനക്കറിയാമല്ലോ രാവിലെ എട്ടുമണിക്ക് പൂട്ടിയിറങ്ങി  വൈകുന്നേരം  തിരിച്ചുവരുന്ന ഒരു വീട്ടിനുള്ളില്‍ പൂച്ചകുട്ടിയെ സംരക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന്.  അന്ന്   രാത്രി നല്ല കാറ്റും മഴയും ആയിരുന്നു.
പിറ്റേന്ന് രാവിലെ  കാര്‍പോര്‍ച്ചില്‍ നിന്ന്  വലിയൊരു ശബ്ദവും പപ്പുവിന്റെ അലര്‍ച്ചയും    കേട്ടു. ഞാന്‍ ഓടിചെന്നപ്പോള്‍  ആ ഗുണ്ടു  പൂച്ച  കുഞ്ഞിനേയും കടിച്ചെടുത്തുകൊണ്ട് ഓടുന്നു.. പപ്പു പുറകേയും അടുക്കള വശത്ത്   എത്തിയപ്പോള്‍  പപ്പു ആ തടിയന്‍ പൂച്ചയുടെ മുഖത്ത് അടിച്ചു..കഴുത്തില്‍ ചോരയൊലിക്കുന്ന മുറിവുമായി കുഞ്ഞു നിലത്ത് വീണു പിടഞ്ഞു.    ഞാന്‍ തളര്‍ന്ന്  അടുക്കള പടിയില്‍ ഇരുന്നു.അവള്‍ വേഗം വേഗം ചോര വരുന്ന മുറിവില്‍ നക്കി..ദേഹം മുഴുവനും ഉമ്മ വച്ചു. ദയനീയമായി കരഞ്ഞു.പിന്നെ പരിഭ്രമത്തോടെ തൊട്ടടുത്ത്  മണ്ണില്‍ കെട്ടി നിന്ന്  മഴ വെള്ളം ആര്‍ത്തിയോടെ കുടിച്ചു.  വീണ്ടും വന്ന് നക്കി.പിന്നവള്‍ക്ക് മനസിലായി അവളുടെ കുഞ്ഞ്മരിച്ചു കഴിഞ്ഞെന്ന്.അവള്‍ അടുക്കളപടിയില്‍ വന്ന്  എന്റെ നേരെ ഒരു നോട്ടം നോക്കി.ഞാന്‍ തകര്‍ന്നു പോയി.ഇതിനു മുന്പൊരിക്കലും ഞാനാരുടെ മുന്പിലും ഇങ്ങനെ കുറ്റവാളിയെ പോലെ നിന്നിട്ടില്ല. അവള്‍ കാര്‍പോര്‍ച്ചിന്റെ മൂലക്ക് പോയി തളര്‍ ന്നു കിടന്നു.ഇന്നലെ രാത്രിയില്‍  പലപ്രാവശ്യം  കുഞ്ഞുമായി എന്റെ മുന്പില്‍ വന്നു യാചിച്ച് നിന്നതും ഓരോ പ്രാവശ്യവും പുറത്താക്കി വാതില്‍ അടച്ചതും ഓര്‍ത്തപ്പോള്‍ എനിക്കു പൊട്ടികരയാനാണു തോന്നിയത്. രണ്ട് ദിവസത്തേക്ക് അവള്‍  എന്റെ മുന്പിലേക്കോ  ഞാന്‍ അവളുടെ അരികിലേക്കോ  പോയില്ല. മൂന്നാം ദിവസം ഞാന്‍ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍  അവള്  എന്റരുകില്‍ വന്ന് ദേഹത്ത് ചാരി നിന്നു.. ഇനി ഇങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അവളുടെ ദേഹത്തു തടവികൊണ്ട് ഞാന്‍ പറഞ്ഞു നിനക്കറിയുമോ അവള്‍ എന്നോട്  ക്ഷമിച്ചിരിക്കുന്നു എന്നതില്‍ എനിക്ക് കുറച്ചൊന്നുമല്ല ആശ്വാസം   തോന്നിയത് .

കുറച്ചു മാസങ്ങള്‍ക്കു ശേഷം അവള്‍  വീണ്ടും പ്രസവിച്ചു. വാലില്‍ മത്രം കറുപ്പുള്ള വെളുത്ത സുന്ദരന്‍ പൂച്ചക്കുട്ടി. പലകയും ഷീറ്റുമൊക്കെ ഇട്ട് ഞാന്‍ അവള്‍ക്ക് ഒരു വീട് കെട്ടിക്കൊടുത്തു.  ഓഫീസില്‍ ജോലിത്തിരക്കുകളുടെ നടുവില്‍ ഇരിക്കുമ്പോഴും മതിലിനു വെളിയിലൂടെ ചുറ്റി നടക്കുന്ന  ഗുണ്ടുവിന്റെ മുഖം എന്നെ ഇടക്കിടക്ക് അസ്വസ്ഥപ്പെടുത്തി.  ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുഞ്ഞിപ്പൂച്ച കണ്ണു തുറന്നു.  പിറ്റേന്ന്  രാവിലെ ഞാന്‍ വേവലാതിയോടേയാണു കാര്‍പോര്‍ച്ചിലേക്ക്   ചെന്നത്. ഞാന്‍  ഞെട്ടിപ്പോയി. അമ്മയും കുഞ്ഞും കിടന്നിടം  ശൂന്യം....ഗുണ്ടു കടിച്ചു കൊന്നതാണോ അതോ സുരക്ഷിതമായ മറ്റെവിടേക്കെങ്കിലും  മാറ്റിയതാണോ. ഞാന്‍ അവിടെയെല്ലാം നോക്കി.. കണ്ടില്ല.പിന്നീട് ഞാന്‍ നനഞ്ഞ തുണികള്‍ വിരിക്കാന്‍ ടെറസിന്റെ   മുകളില്‍   പോയപ്പോള്‍  അവള്‍ ഉപയോഗശൂന്യമായ  സാധനങ്ങള്‍  കൂട്ടിയിട്ടിരിക്കുന്നതിന്റെ നടുവില്‍ ഇരിക്കുന്നതു കണ്ടു. കുഞ്ഞിനെ അവിടെയെങ്ങും കണ്ടില്ല.വൈകുന്നേരം ഉണങ്ങിയ തുണികള്‍ എടുക്കാന്‍ ചെന്നപ്പോഴും അവള്‍ അവിടെ തന്നെ ഇരിക്കുന്നതു കണ്ടു. കുഞ്ഞു മരിച്ചതിന്റെ സങ്കടത്തിലായിരിക്കുമെന്നാണു ഞാന്‍ ആദ്യം വിചാരിച്ചത്.   രണ്ടു ദിവസമായി സ്ഥിരമായി അവിടെ തന്നെ ഇരിക്കുന്നതു കണ്ടപ്പോഴാണു  ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. വളരെ വിദഗ്ധമായി  കുഞ്ഞിനെ ഒരു കുഴലില്‍ ഒളിപ്പിച്ചിരിപ്പിക്കുന്നു പൈപ്പിന്റെചുവട്ടിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് നൊമ്പരം തോന്നി.ഒരുപാടു പ്രാവശ്യം അകത്തേക്ക് കയറി വരാന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ എനിക്ക് ആരേയും വിശ്വാസം ഇല്ല എന്ന മട്ടില്‍ അവള്‍ തല തിരിച്ചു കളഞ്ഞു ഓരോ തവണ കുഞ്ഞിനെ ഞാന്‍ അകത്തു കൊണ്ടുവന്നപ്പോഴൊക്കെ  അവള്‍ തിരിച്ച് ആ കുഴലില്‍ തന്നെ  തിരിച്ചു കൊണ്ടൂചെന്നു വച്ചു.എന്റെ കുഞ്ഞിനെ വളര്‍ത്താന്‍ എനിക്കറിയാം,ആരുടേയും സഹായം വേണ്ട എന്ന മട്ടിലായിരുന്നു അവളുടെ പിന്നീടുള്ള രീതികള്‍. രാവെന്നും പകലെന്നും ഇല്ലാതെ  മഴയെന്നും വെയിലെന്നും ഇല്ലാതെ സദാസമയവും കുഴലി നകത്തുള്ള കുഞ്ഞിനു കാവലിരുന്നു.  അവള്‍ വിളിക്കുമ്പോള്‍ മാത്രം പുറത്തേക്ക് ഇറങ്ങി വരും.പാല്‍ കൊടുത്തിട്ട് തുരുതുരെ ദേഹം മുഴുവനും  ഉമ്മ വയ്ക്കും. തിക്കുംപൊക്കും  നോക്കിയിട്ട്  ധൃതിപിടിച്ച്  കുഞ്ഞിനെ അകത്തേക്ക്  വയ്ക്കും കുഞ്ഞുറങ്ങുന്ന സമയങ്ങളില്‍ തല ഒന്നു കൂടി  ഉയര്‍ത്തിപിടിച്ച് ചുറ്റിനടന്ന്  പരിസരം ആകെ വീക്ഷിക്കും.മറ്റേതെങ്കിലും ജീവികളെ കണ്ടാല്‍ ഈറ്റപ്പുലിയെ പോലെ ചീറ്റികൊണ്ടുചെല്ലും,ചെറിയ ഒരു ശബ്ദം കേട്ടാല്‍  ഉടന്‍ കുഴലിനുള്ളില്‍്‌ ഒളിക്കാന്‍ കുഞ്ഞിനേയും പഠിപ്പിച്ചു. കുഞ്ഞിനെ കൂടയില്‍ ഉപേക്ഷിച്ചു  പെരുവഴിയില്‍ ഉപേക്ഷിച്ചു.എന്നൊക്കെ  പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍  അവളൂടെ കുഴലിനടുത്തുള്ള കൂട്ടിരിപ്പ് ഞാന്‍ ഓര്‍ക്കും രാവിലേയും വൈകുന്നേരവും   ഞാന്‍ ഓഫീസില്‍ പോകുമ്പോഴും വരുമ്പോഴും അവള്‍ ഗെയിറ്റിന്റെ അടുത്ത് വരും,പിന്നെ ഭക്ഷണം കഴിക്കാനും മാത്രം.കഴിഞ്ഞ മൂന്നു മാസമായി  അവളുടെ രീതികള്‍ ഇങ്ങനെയാണ്. ഞാന്‍ കൊടുക്കുന്ന മീന്‍ കഷണങ്ങള്‍ അവള്‍   കഴിക്കാതെ കടിച്ചെടുത്ത്  ടെറസിലേക്ക് ചാഞ്ഞു കിടക്കുന്ന മുരിങ്ങ മരത്തിലൂടെ കയറി  കുഞ്ഞിനു  കൊണ്ടുചെന്നു കൊടുക്കുക,  ഒരു കുഞ്ഞെലിയെ പോലും പിടിച്ചു  കണ്ടില്ലാത്ത അവള്‍  ചെറിയ എലികുഞ്ഞുങ്ങളെ പിടിച്ച് കൊടുത്ത് ഭക്ഷണം കഴിക്കാന്‍ പരിശീലിപ്പിക്കുക ഇതൊക്കെയാണു ഈ ആഴ്ച്ചത്തെ വാര്‍ത്തകള്‍ .
 
ചുറ്റിനും കേള്‍ക്കുന്ന  കാര്യങ്ങള്‍ അത്ര  സുഖകരമല്ല എന്നു നീയും പറയാറുണ്ടല്ലോ. പത്രവാര്‍ത്തകള്‍ പലപ്പോഴും എന്നേയും ഭീതിയിലും  സങ്കടത്തിലും ആഴ്ത്തുന്നു.എതിര്‍പാര്‍ട്ടിയുടെ  ആശയങ്ങളെയോ അഭിപ്രായങ്ങളേയോ ഉള്‍ക്കൊള്ളാനാവാതെ വ്യക്തികളെ തന്നെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ വൈരികള്‍,ചാക്കില്‍ കെട്ടിയും കൂടയില്‍ ആക്കിയും പെരുവഴിയില്‍  കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന അമ്മമാര്‍,സ്വന്തം കുഞ്ഞുങ്ങളെ പോലും   കുളത്തിലേക്കും  കായലിലേക്കുമൊക്കെ  വലിച്ചെറിഞ്ഞ് കൊല്ലാന്‍ മടിക്കാത്ത  അച്ചന്‍മാര്‍,മനോരോഗികളെയും നിഷ്കരുണം തല്ലികൊല്ലുന്ന മുഴുഭ്രാന്തന്മാര്‍,പിഞ്ചുകുഞ്ഞുങ്ങളെപ്പോലും പീഡിപ്പിച്ച് കൊല്ലുന്ന  കാമവെറിയന്‍മാര്‍ ഇവ രുടെയൊക്കെ മധ്യത്തില്‍  നില്‍ക്കുമ്പോള്‍ പോലും.സ്നേഹത്തിലും ക്ഷമയിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനായിരിക്കും ദൈവം ഇതുപോലുള്ള കാഴ്ച്ചകള്‍ എന്റെ കണ്‍മുന്നില്‍  വക്കുന്നത്.

8 comments:

  1. പ്രിയ സുഹൃത്തെ,



    പൂച്ച വിശേഷം വായിച്ചു. വളരെ നന്നായിട്ടുണ്ട്. പിന്നെ പൂച്ച ക്ഷമിച്ചെങ്കിലും എനിക്ക് ക്ഷമിക്കാന്‍ കഴിയുന്നില്ല. ആ സഹജീവിയോട് അത്രയും ദ്രോഹം വേണ്ടായിരുന്നു.



    സ്നേഹത്തോടെ,

    ഗിരീഷ്‌

    ReplyDelete
  2. എല്ലാ അമ്മയ്ക്കും സ്വന്തം കുഞ്ഞെന്ന പോലെയാണല്ലോ പൂച്ചക്കും. ഒരുകുട്ടി മാത്രമുണ്ടായിരുന്ന ഒരു പൂച്ച ആ കുഞ്ഞിനെ ഒരുകാടന്‍ പൂച്ച കൊന്നപ്പോള്‍ ഉള്ള കരച്ചില്‍ എനിക്ക് സങ്കടം തോന്നിയിട്ടുണ്ട്.
    പൂച്ചയെ ഒരു ഇഷ്ടം. എനിക്കെന്നും കാണും ഒരു പൂച്ചക്കൂട്ട്‌. . നാട്ടില്‍ . ഇവിടെ പിന്നെ പ്രായോഗികവും അല്ല.
    നല്ല പോസ്റ്റ്‌ അജിത
    പിന്നെ ഒരു കാര്യം. ആ ബ്ലോഗ്‌ പേരില്‍ " കത്തു " എന്നത് മാറ്റി കത്ത് എന്നാക്കണേ. ഒരു അസഹ്യത ആണ് അത് കാണുമ്പോള്‍

    ReplyDelete
  3. ആയിരം മക്കളുള്ള അമ്മയുടെ നോവും, ഒരു കുട്ടിയുള്ള അമ്മയുടെ നോവും ഒരേ പോലെ ആയിരിക്കും...
    നന്നായിരിക്കുന്നു പൂച്ച വിശേഷം..

    ReplyDelete
  4. ഒരുപാടുകാലം പൂച്ചകളും പട്ടികളും കൂടെയുണ്ടായിരുന്നതിനാല്‍, ഈ പൂച്ചവിശേഷങ്ങളില്‍ ഒരു ഗൃഹാതുരത്വം ശരിക്കും അനുഭവപ്പെട്ടു!!
    ഞങ്ങളുടെ ഇടയില്‍ പറയും, ശത്രുശല്യം ഒഴിവാക്കാനായി,പൂച്ച ഏഴു തവണ അതിന്റെ കുഞ്ഞുങ്ങളെ മാറ്റി മാറ്റി ഓരോ സ്ഥലത്ത് കൊണ്ട് വയ്ക്കുമെന്ന്!!
    ഒരിറ്റു സ്നേഹം കൊടുത്താല്‍ ഒരു കടലോളം തിരികെ തരുന്ന ഈ മിണ്ടാപ്രാണികള്‍,
    മനുഷൃരെക്കാള്‍ എത്രയോ നല്ലതെന്നു പലപ്പോഴും തോന്നാറുണ്ട്!!!!
    ഈ നല്ല എഴുത്തിന് ആശംസകള്‍!!!

    ReplyDelete
  5. മൃഗങ്ങളുടെ വകതിരിവ് പോലും ഇല്ലാത്ത ഇന്നത്തെ മനുഷ്യര്‍
    ഇന്നത്തെ മനുഷ്യനില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മയുടെ കണികകളെ തിരിച്ചറിയാന്‍ ഒരു വളര്‍ത്തു ജീവിയിലൂടെ അതിന്റെ നേര്‍ക്കാഴ്ച്ചകളെ സുന്ദരമായി അവതരിപ്പിച്ചത്‌ മനോഹരമായി.
    നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  6. Ee kathu, Enikkum koodiyakunnu...!

    Manoharam, Ashamsakal...!!!

    ReplyDelete
  7. എല്ലാവര്‍ക്കും എന്റെ നന്ദി....

    ReplyDelete
  8. നല്ല പോസ്റ്റ്‌

    ReplyDelete