Powered By Blogger

Thursday, 25 August 2022

 

ഓർമ്മത്തുണ്ടുകൾ-13

 

റായ്‌പൂർ ട്രൈനിങ്ങിനു പോയപ്പോഴാണ് റീത്ത എന്ന റീത്ത ശർമ്മയെ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും ...ശിവഗംഗ ഹോട്ടലിലെ താഴത്തെ നിലയിലേയ്ക്ക്  വീൽചെയർ തള്ളിക്കൊണ്ട് വേഗത്തിൽ വന്ന ആസാമി പെൺകുട്ടിയെ  ഞാൻ അന്ന് തന്നെ ശ്രദ്ധിച്ചിരുന്നു വീൽചെയറിൽ ഇരുന്ന ആളെ  ശ്രദ്ധാപൂർവം കസേരയിലേക്ക് മാറ്റിയിട്ട്  ടേബിളിൽ നിരത്തിയിരുന്ന വിവിധഭക്ഷണ പദാർത്ഥങ്ങൾ  ധൃതിയിൽ രണ്ടു പ്ളേറ്റിൽ എടുത്ത് ഞങ്ങൾക്കരികിലായിഅവരും ഇരുന്നു. ഞങ്ങളുടെ ഹെഡ് ക്വാർട്ടേഴ്‌സ് ഓഫീസിലെ Administrative  Officer ആണ് അനിൽ കുമാർ ശർമ്മ .അദ്ദേഹം എന്നെ പോലെ ട്രെയിനിങ്ങിനു  വന്നതാണ്. ഭാര്യ റീത്ത കൂട്ടിനും. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും റീത്ത ഹിന്ദിയിൽ   എന്തൊക്കെയോ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ...പിന്നൊരു ദിവസം ഞാൻ ലിഫ്റ്റിൽ നിന്ന്  രണ്ടാമത്തെ നിലയിലേക്ക്  ഇറങ്ങുമ്പോഴാണ് റീത്ത സ്റ്റെപ്പ് വഴി മുകളിലേയ്ക്ക് ഓടി കയറി പോകുന്നത് കണ്ടത് .. എന്നെ കണ്ടപ്പോഴേ “Terrace mem ….Upar    ബാരിഷ് ആ രഹെ ഹെ “  ...റീത്ത മഴത്തുള്ളികിലുക്കത്തോടെ പറഞ്ഞു ...റൂമിൽ വന്നപ്പോൾ മീനാക്ഷി സത്പദി   കട്ടിലിൽ ചുരുണ്ടു കിടക്കുന്നതു കണ്ടു...എന്നെ കണ്ടപ്പോൾ മോസം  kithnaa      ഖരാബ് ഹെ എന്ന് പിറുപിറുത്തു  ...മീനാക്ഷി സത്പദി ക്ക് ഏതു സമയവും കട്ടിലിൽ കിടപ്പും ഉറക്കവും ആയിരുന്നു.   ഒന്നിനും ഉത്സാഹമില്ലാത്ത മട്ടാണ് അത് കൊണ്ട് നടക്കാൻ പോകാനും അടുത്തുള്ള പച്ചപ്പും പൂക്കളും    നിറഞ്ഞ പാർക്കിലേക്ക് പുലർച്ചേ  യോഗ ചെയ്യാനും പ്രഭാത സവാരിക്ക് പോകുവാനും റീത്ത തന്നെയായിരുന്നു കൂട്ട്.പിന്നീടുള്ള ദിവസങ്ങളിൽ  റീത്തയുമായി  കൂടുതൽ അടുത്തു.  രാവിലെ ഞാനും അനിൽകുമാർ ശർമ്മയും വിശാലും ഒക്കെ  ട്രെയിനിങ് ഹാളിലേക്കു പോകുമ്പോൾ സന്തോഷത്തോടെ  കൈവീശി യാത്ര പറഞ്ഞു നിൽക്കുന്ന റീത്ത അതേ ഉത്സാഹത്തോടെ വൈകുന്നേരം ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടാവും ഹോട്ടലിന്റെ താഴത്തെ നിലയിൽ .

മലമുകളിലെ അമ്പലത്തിലേക്ക്  ട്രെയിനീസിനെ കൊണ്ട് പോയപ്പോൾ റീത്തയും വന്നിരുന്നു. 

..ആസാമിലെ ഒരു ഉൾഗ്രാമത്തിലെ വീടിനെ പറ്റിയും   അനിൽ കുമാർ  ശർമ്മയെ കല്യാണം കഴിച്ചു ഡൽഹിയിലേക്ക് വന്നതും ധീരജ് ജനിച്ചപ്പോൾ ഉണ്ടായ സന്തോഷവും യാത്ര പോയിട്ടുള്ള വിവിധ സ്ഥലങ്ങളെ പറ്റിയും എല്ലാം രണ്ടാഴ്ച്ചയ്ക്കുള്ളിൽ റീത്ത പലപ്പോഴായി പറഞ്ഞു കേൾപ്പിച്ചു. കേരളത്തെ പറ്റി പറയുമ്പോൾ റീത്തയ്ക്ക് നൂറു നാവായിരുന്നു."മൂന്നാർ മുജ്ജെ ബഹുത്    പസന്ദ് ആയാ ...ജബ് കുമരകം ഗയാ തബ്   ഖൊരിമീൻ     ഖായാ     "..കേരളം റീത്തയ്ക്ക് വലിയ ഇഷ്ടമാണെന്നും പറഞ്ഞു ...

ഒരു ദിവസം റൂമിലേയ്ക്ക് സ്വീറ്റ് പാക്കറ്റുമായി വന്നു ..."എന്റെ മകൻ പത്ത് പാസായി കഴിഞ്ഞ വട്ടം fail  ആയിരുന്നു."  റീത്ത പോയി കഴിഞ്ഞപ്പോൾ മീനാക്ഷി സത്പദി എന്നോട്  പറഞ്ഞു " യെ ലഡ്കി കിത്ന innocent   ഹെ...choti   .choti   bathom കോ kyom  ithna  khusi. ഹുസ്ബന്റിനു നടക്കാൻ     പോലും വയ്യ  ...LTC എടുത്തു ഫ്ലൈറ്റിൽ ടൂർ പോയതാണ് സന്തോഷം ...പാഗൽ ഹെ അതു  എന്നൊക്കെ പറഞ്ഞു  പരിഹസിച്ചു ...ഒരു ഗ്ലാസിൽ പകുതി വെള്ളം   ഉണ്ടെങ്കിൽ പകുതി വെള്ളം ഉണ്ടെന്നും പകുതി വെള്ളം ഇല്ലെന്നും പറയാം ..അത് പോലെയാണ് തന്നെയാണ് ജീവിതവും...

ഓരോ  മനുഷ്യന്റെയും  attitude   ആണ് സന്തോഷം.  രണ്ടു മക്കളും എൻജിനീയറും ഭർത്താവു ഉയർന്ന ഉദ്യോഗസ്ഥനുമായിട്ടിട്ടും മീനാക്ഷിക്ക് എല്ലാത്തിനോടും വെറുപ്പാണ്. എപ്പോഴും പരാതിയും പിറുപിറുക്കലും. അവിടത്തെ 49  ഡിഗ്രി ചൂടിലും വരൾച്ചയിലും റീത്തയുടെ ചിരിയും സംസാരവും എത്രമാത്രം ദിവസങ്ങളെ ഉത്സാഹഭരിതമാക്കി എന്ന് പറയാതെ വയ്യ.   നാലഞ്ച് ;മാസംമുമ്പ്  റീത്തയും ഭർത്താവും മോനും കുടി കാശ്മീരിൽ പോയ വീഡിയോ അയച്ചു തന്നിരുന്നു.  വീൽ ചെയറുമായി ;മഞ്ഞിലൂടെ തുഴഞ്ഞു നടക്കുന്ന ചിരിക്കുന്ന ചിത്രം ..അവരുടെ ആ ചിത്രം   കണ്ടപ്പോൾ വൈകാതെ വീണ്ടും അവരെ ഒരിക്കൽ കുടി കാണുമെന്നു കരുതിയില്ല ..ഈയിടെ ഫരീദാബാദിൽ പാർലമെൻററി കമ്മിറ്റിക്കു പോയപ്പോൾ  ഞങ്ങൾ വന്നതറിഞ്ഞു..റീത്ത ഞങ്ങളെ വിളിക്കുകയും ഹോട്ടലിൽ ഞങ്ങളെ കാണാൻ വരികയും ചെയ്തു..ഞങ്ങളെ വീട്ടിലേയ്ക്കു വിളിച്ചു. പിന്നീടാവട്ടെ എന്ന് പറഞ്ഞു  ഞാൻ  ഒഴിയാൻ നോക്കി ..."പക്ഷെ റീത്ത സമ്മതിച്ചില്ല… ചായ  പോലും കുടിക്കാൻ നിര്ബന്ധിക്കില്ലെന്നു പറഞ്ഞു കുട്ടി കൊണ്ട് പോയി. കുറെ സംസാരിച്ചു.ഈ വര്ഷം റീത്തയുടെ teracile ചെടികൾ നിറയെ പൂവിട്ടെന്നും "ഇത്നാ ബഡാ ബഡാ ഫൂലോം" എന്ന് പറഞ്ഞു ഒരു സഞ്ചി നിറയെ l .... കുറെ ഉണങ്ങിയ പൂക്കൾ ....ഞങ്ങളെ കാണിച്ചു ...പിന്നെ റീത്ത ഒരു ചെറിയ പൂവിനെ കുറിച്ച സംസാരിച്ചു ...ഈ ഭൂമിയിൽ ഭംഗിയുള്ള നല്ല ഒരു പൂവുണ്ട് "കിത്ന സുന്ദർ ഹെ" അറിയാമോ ...നോക്കി നോക്കി നിൽക്കുമ്പോൾ മനസ്സിൽ സന്തോഷം നിറയും ...രാവിലെ ഉണർന്നാൽ  ഞാൻ ആ പൂവിനെ കാണാൻ പോകും .....ഇ ലോകത്തിലെ ഏറ്റവും മനോഹരമായ നിറം നീലയാണെന്നും ..ഏറ്റവും മനോഹരമായ പൂവ് അതാണെന്നുംതോന്നും ...അതിന്റെ വിത്ത്  ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. റീത്ത പെട്ടിയുടെ അടിയിൽ നിന്നു  ചെറിയ ചെപ്പു തുറന്നു  അതിൽ സൂക്ഷിച്ചു വച്ചിരുന്ന  വിത്തുകൾ എടുത്ത് കാട്ടി. ഒറ്റ നോട്ടത്തിലേ മനസിലായി ...

അതേ പൂക്കൾ ..

തെക്കേ മുറ്റത്ത് വേലിക്കരികിൽ ...

അമ്പലമുറ്റത്ത് മതിലിനോട് ചേർന്ന് .....

ബസ്റ്റോപ്പിലേയ്ക്ക് പോകും വഴി യരികിൽ ....

അയ്യോ! ഇത് നമ്മുടെ ശംഖു പുഷ്പം അല്ലേ ....കൂടെയുള്ള കൂട്ടുകാരി പറഞ്ഞു ...റീത്ത പൊതിഞ്ഞു തന്ന പൂക്കളും വിത്തുകളുമായി ഞങ്ങൾ ഹോട്ടൽ മുറിയിലേയ്ക്ക് പൊന്നു.  പോരുന്നതിന്റെ തലേ ദിവസം രാത്രിയിൽ  പാക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ കൂട്ടുകാരി ചോദിച്ചു  " ഈ ഉണങ്ങിയ പൂക്കളും  ചുമന്നു ഫ്ലൈറ്റിൽ കെട്ടി പോണോ .....already weight  കുടുതലാണൊന്നു സംശയം ഉണ്ട്. വേസ്റ്റ് ബാസ്കറ്റിൽ ഇടട്ടെ.

 

ഞാൻ പറഞ്ഞു ...വേണ്ട ...ഇത് സ്നേഹത്തിന്റെ   വിത്തുകളാണ് . ഇതെനിക്ക് വേണം

ഫ്ളൈറ്റിൽ ഇരുന്നപ്പോൾ ഞാൻ റീത്തയെന്ന പ്രകാശം പരത്തുന്ന പെൺകുട്ടിയെ പറ്റി ആലോചിച്ചു സ്വയം സന്തോഷിക്കാനും മറ്റുള്ളവരിലേക്ക് സന്തോഷം പകർത്താനും ചിലർക്കേ കഴിയൂ ....ചിലർക്ക് മാത്രം ..അപ്പോൾ എനിക്ക് ഒരു കഥ ഓർമ്മ വന്നു ...പണ്ടൊരു ഗുരു തന്റെ ശിഷ്യന്മാരോട് ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ മുറി നിറച്ചു കൊടുക്കാനാണ് ..ഒരാൾ നഗരമെല്ലാം തേടി തിരഞ്ഞു മാലിന്യങ്ങളും ചപ്പു ചവറുകളും കൊണ്ട് വന്നു മുറി നിറച്ചു. മറ്റെയാൾ വൈകുന്നേരം വരെ വെറുതെയിരുന്നിട്ട് സമയം ആയപ്പോൾ ഒരു ചന്ദനത്തിരി കൊണ്ട് വന്നു കത്തിച്ചു ..മുറി നിറയെ സുഗന്ധം പരന്നു,

അതുപോലെയാണ്   ബന്ധ ങ്ങളും സൗഹൃദങ്ങളും...ജീവിതവും  എല്ലാം  

Sunday, 13 February 2022

 

ഓർമ്മത്തുണ്ടുകൾ-9

 

ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് രുഗ്മിണി അപ്പച്ചിയുടെ കല്യാണം..നല്ല വെളുത്ത് തുടുത്ത് നീളൻ   മുടിയുമായി .ചെമ്പരത്തിപ്പൂ പോലെ ചിരിച്ചു കൊണ്ട് നടക്കും ... കല്യാണ പ്രായമൊക്കെ ആയിരുന്നെങ്കിലും എന്റെം രാധാമണിയുടെയും കൂടെ കൊത്തം കല്ലുകളിക്കാനും  സാറ്റ് കളിക്കാനും ഒക്കെ കൂടുമായിരുന്നു.  മുടി ഭാരം കൂടുമ്പോൾ അപ്പച്ചി കൊയ്ത്തരിവാള് എടുത്ത് വെറുതേയങ്ങ് കണ്ടിച്ച് കളയുന്നത് എനിക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട് ..അച്ഛന്റെ ഇളയ സഹോദരിയാണ് രുഗ്മിണി അപ്പച്ചി. അന്നൊക്കെ ഹൈറേഞ്ചിൽ നിന്ന് പ്രഭാകരൻ കൊച്ചച്ചൻ വരുമ്പോൾ എനിക്ക് എന്തെങ്കിലും സമ്മാനങ്ങളും കൊണ്ട് വരുമായിരുന്നു. അന്നൊരു ദിവസം ഒരു    മഞ്ഞ ഫ്രോക്ക്  ആയിരുന്നു.  അത് കണ്ടപ്പോഴേ അപ്പച്ചിപറഞ്ഞു ഇത് രാധയ്ക്കല്ലേ .. രാധയ്ക്ക്   നന്നായി ചേരും ...അത് കേൾക്കുമ്പോഴേ ഞാൻ അലറി കൂവി കരയാൻ തുടങ്ങും. അങ്ങനെ ചില കുസൃതികൾ ഒപ്പിയ്ക്കുമെങ്കിലും അപ്പച്ചിക്ക് എന്നോട് വലിയ സ്നേഹം ആയിരുന്നു.

കല്യാണ തലേന്ന് വീട് നിറയെ ആളായിരുന്നു. കുടുംബത്തിലെ   ഇളയ ആളുടെ കല്യാണം  ആയത്  കൊണ്ട് അകന്ന ബന്ധുക്കളെ വരെ വിളിച്ചിട്ടുണ്ടായിരുന്നു വൈക്കത്ത് കിളിയാറ്റുനടയിൽ നിന്നു   അമ്മിണി അപ്പച്ചി വരുന്നതായിരുന്നു ഏറ്റവും സന്തോഷം ...കൂടെ മക്കൾ സജിയും കലേഷും ശ്രീകലയും ഉണ്ടാവും അവർ വരുമ്പോഴാണ് എനിക്കും രാധാമണിക്കും പുതിയപുതിയ കളികൾ മെലിഞ്ഞിട്ട് കൊച്ചു മുഖമാണ് അപ്പച്ചിക്കു .അപ്പോഴും ഇപ്പോഴും മുല്ലപ്പൂവിനെ നോക്കുന്ന പോലെ…. സുന്ദരിയാണ് അമ്മിണിയപ്പച്ചി . കഴുത്തിൽ താലിമാല കൂടാതെ രണ്ട് ചുറ്റുള്ള ഒരു മണിമാല കുടി കാണും . കാതിൽ ഞരമ്പുകൾ തെളിഞ്ഞ ഒരു  ഇലയുടെ ആകൃതിയിലുള്ള കമ്മലും.കൈയ്യിൽചുരുട്ടി  പിടിച്ചഒരു കടലാസ്സ് പൊതിയുമായി വേഗത്തിൽ ഒരു വരവാണ്.. അതിൽ പച്ചയിൽ പൊതിഞ്ഞ പ്യാരി മുട്ടായിയും ഓറഞ്ചു നിറത്തിൽ ഗോളാകൃതിയിൽ മധുരവും പുളിയും കലർന്ന രുചിയുള്ള മുട്ടായിയും  ആയിരിക്കും . ആരൊക്കെ മുറ്റത്ത് നിന്നാലും അപ്പച്ചി "ഇന്നാ അജീ ......" എന്നും പറഞ്ഞു പൊതി എന്റെ നേർക്കാവും നീട്ടുക…പിരുപിരാന്നാണ്   അപ്പച്ചിയുടെ വർത്തമാനം ...ചടപടേന്ന് ജോലിയുംചെയ്യും. "ഉണക്ക പാളയിൽ പള്ളത്തിയെ പിടിച്ചിട്ട പോലെയാണ് അമ്മിണീടെ വർത്താനം "എന്നാണ് ഭാർഗ്ഗവിയമ്മയുടെ   ഭാഷ്യം .   പൊതുവേ  ഭൂമിയുടെ അച്ചു തണ്ട് എന്റെ കൈയ്യിലുംകൂടി ആണെന്ന് വിചാരിക്കുന്ന അച്ഛൻ അന്ന് കൂടുതൽ ഉത്തരവാദിയായി `ഇടത്തെ തോളിൽ കിടക്കുന്ന തോർത്ത് വലത്തേ തോളിലേക്കും  പിന്നെ ഇടയ്ക്ക് ഇടത്തേക്കും മാറ്റി അവിടെയുണ്ട് ...ഇവിടെയുണ്ടെന്നും പറഞ്ഞ ഓടി നടന്നു.   ഞങ്ങൾ കളിയുടെ ലഹരിയിൽ ആയി. പള്ളിത്തറയിലെ തങ്കപ്പച്ചിയുടെ മകൾ ഓമനയെ ഞങ്ങൾ കളിക്ക്  കുട്ടിയതേയില്ല . രണ്ടാഴ്ചക്കു മുൻപ് പുതിയ ചോക്ക് പെൻസിൽ വാങ്ങിച്ചത്   എഴുതാൻ തരാവോന്നു   രാധാമണി മുന്ന് പ്രാവശ്യം ചോദിച്ചിട്ട്  കൊടുത്തില്ല. അത്രയ്ക്ക്  കൊള്ളില്ലല്ലോ ഞങ്ങൾ കളിക്ക് കൂട്ടിയില്ല .

 കൈയ്യിൽ മാടി മടക്കിയ ഇലക്ട്രിക്ക് വയറുമായി അച്ഛൻ തെക്കേപുറത്തെ  ദേവസ്യ സാറിന്റെ വീട്ടിലേക്കു പോണത് കണ്ടു.  

ഞങ്ങൾ കളിച്ചു തിമിർത്തു . പെട്ടെന്നു കിഴക്കു വശത്തെ മുറ്റത്ത് എന്തോ ബഹളംകേട്ടു.   രാധാമണി പറഞ്ഞു  "ആർക്കോ എന്തോ പറ്റിയെന്നു തോന്നുന്നു.  ആരൊക്കെയോ മുറ്റത്തേക്ക് ഓടി പോകുന്നത് കണ്ടു. നമുക്ക്   ഒന്ന് പോയി നോക്കാം. ആർക്കോ അപകടം പറ്റിയിട്ടുണ്ട്   . കളിയുടെ ലഹരിയിൽ അഹങ്കാരത്തിന്റെ ഉച്ചിയിൽ തൊട്ടു നിന്നിരുന്ന ഞാൻ പറഞ്ഞു ""എന്തെങ്കിലുമാകട്ടെ ...നമുക്കെന്താ.....നമുക്ക് കളിക്കാം ...". പിന്നെയും കളിയ്ക്കാൻ തുടങ്ങിയെങ്കിലും രാധാമണി പറഞ്ഞു .....നമുക്ക് ഒന്ന് പോയി നോക്കീട്ട് വരാം.ഞങ്ങൾ മുൻ വശത്തെ മുറ്റത്തേക്ക് ഓടി ചെന്നു ...മുറ്റത്തിട്ടിരുന്ന പന്തലിൽ ആരെയോ കിടത്തിയിട്ടുണ്ട് .ചുറ്റിനും ആൾക്കാർ നിന്ന് വീശുന്നുണ്ട്.  ഒന്ന് കുടി സൂക്ഷിച്ച നോക്കിയപ്പ്പോൾ മനസിലായി അതെന്റെ അച്ഛനാണ്. എന്റെ ഉള്ളൊന്നു കാളി.അച്ഛനെന്തോ അപകടം പറ്റിയെന്ന തിരിച്ചറിവ് മാത്രമല്ല ....ആർക്കെന്തു പറ്റിയാലും നമുക്കെന്താ എന്ന എന്റെ സ്വാർത്ഥ ചിന്ത ....ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു "ഔസേപ്പച്ചന്റെ വീട്ടീന്ന്   കാർ വിളിക്കു ...."ആരോ പറയുന്നത് കേട്ടു.അഞ്ചു മിനിറ്റിനു ള്ളിൽ കാർ  വന്നു.   അച്ഛനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഞാൻ ഏങ്ങി ഏങ്ങി കരഞ്ഞു,   കുറ്റബോധം കൊണ്ട് പുളഞ്ഞു."പാലത്തിൽ   നിന്ന് ഒന്ന് വീണെന്നേ ഉള്ളു ..പേടിക്കാനൊന്നുമില്ല " എന്നൊക്കെ അപ്പച്ചി പറയുന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല അന്നത്തെ സംഭവം എനിക്കൊരു പാഠമായി കാലം ഏറെ മുന്നോട്ടു പോയി... അഞ്ചു വയസേ  എനിക്കുണ്ടായിരുന്നുള്ളു....പക്ഷെ മറ്റുള്ളവർക്ക് എന്ത് പറ്റിയാലും ..തന്റെ ചുറ്റിനും എന്ത് സംഭവിച്ചാലും തന്നെ ബാധിക്കുന്നെങ്കിൽ അത് ശ്രദ്ധിക്കേണ്ട എന്ന മനുഷ്യന്റെ തെറ്റായ ചിന്ത ...സമൂഹത്തിന്റെ പൊതുബോധം..അത് പാടില്ല എന്ന് ഈ സംഭവം എന്നെ പഠിപ്പിച്ചു.. ഇപ്പോൾ   എത്ര തിരക്കിട്ടു ഓഫീസിലേയ്ക്ക് പോകുമ്പോഴാണെങ്കിലും വഴിയിൽ എന്തെങ്കിലും  അപകടമോ ആൾക്കൂട്ടമോ കണ്ടാൽ അന്വേഷിയ്ക്കാനും ...പറ്റുന്ന സഹായം  

ചെയ്യാനും ശ്രദ്ധിക്കാറുണ്ട് .... തല്ലിക്കൊല്ലലും ബലാത്സംഗങ്ങളും ആത്മഹത്യകളും ഒക്കെ വല്ലാതെ അസ്വസ്ഥ ആക്കുകയും ഉറക്കം കെടുത്തുകയും  ചെയ്യാറുണ്ട്  .പക്ഷെ എന്നിലെ ഉപദേശി കൂടെ കൂടെ എന്നെ ഈ സംഭവം ഓർമ്മിപ്പിക്കും . അപ്പോഴൊക്കെ എന്റെ മനസ് വല്ലാതെ സങ്കടപ്പെടും .

 

(അജിത  കെ .സി )

 

Monday, 19 July 2021

 

പാടുവാൻ ഒരു വീണയും കൂടെ എൻ പ്രിയ .....

നോക്കൂ...പാതി വായിച്ചു നിർത്തിയ ഒരു പുസ്തകം കൈപിടിച്ചെഴുന്നേൽ പ്പിക്കാനുണ്ടെങ്കിൽ പ്രഭാതങ്ങൾ എത്ര ഉന്മേഷകരം......അത് പ്രിയ കുട്ടുകാരിയുടെയാകുമ്പോൾ ഇരട്ടി സന്തോഷം….

ഉരുളക്കിഴങ്ങും ഗോതമ്പും വിളയുന്ന   പാടങ്ങൾ ...നനഞ്ഞ കളിമണ്ണിന്റെയും വൈക്കോലിന്റെയും മണമുള്ള ഗ്രാമപാതകൾ ... പൈനുകളും ഓക്ക് മരങ്ങളും നിറഞ്ഞ കാടുകൾ  .... റഷ്യൻ നാടോടിക്കഥകളിലൂടെ ചുറ്റിനടക്കുന്ന കൗതുകമായിരുന്നു യാത്ര തുടങ്ങുമ്പോൾ . പക്ഷേ “മുറിവേറ്റവരുടെ പാതകൾ” പാതി പിന്നിടുമ്പോൾ കൗതുക കാഴ്ചകൾ മാഞ്ഞു  അവിടെ പീഡിതരുടെയും സ്വാതന്ത്ര്യ മോഹങ്ങൾ   ചവിട്ടി മെതിക്കപ്പെട്ട്   അടിച്ചമർത്തുന്നവരുടെയും ജീവിതങ്ങൾ .....അവരുടെ ചോരയും കണ്ണ് നീരും എല്ലാം നമ്മുടെ മുന്നിൽ നിറയുന്നു....പലപ്പ്പോഴും പുസ്തകം അടച്ചു വച്ച്  'ഹരിതാ...സത്യമായും ഇതൊക്കെ നേരനുഭവങ്ങളോ?' എന്ന് അതിശയപ്പെട്ടു ചോദിയ്ക്കാൻ തോന്നും.എഴുത്തിൽ ഉടനീളം സങ്കടപെടുന്നവരെയും ഒറ്റപ്പെട്ടു പോയവരെയും ചേർത്ത് നിർത്തുന്ന,   അവരുടെ കണ്ണുനീർ ഒപ്പുന്ന എഴുത്തുകാരിയുടെ മനസ് കാണാം.  അർജന്റീനിയൻ രാഷ്ട്രീയ   ജീവിതത്തിന്റെ   തേര് വാഴ്ചയിൽ ബലാത്സംഗം ചെയ്യപ്പെട്ട് അനാഥമാക്കപ്പെട്ട ഒരു അമ്മയുടെ മകനായ ജൂലിയന്റെ കഥ നമ്മെ വല്ലാതെ അസ്വസ്ഥപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യും    . സ്നേഹവും കരുണയും ചാലിച്ചെഴുതിയ ജീവിതാനുഭവങ്ങൾ എഴുത്തിനെ മനോഹരമാക്കുന്നുണ്ട്.കുറച്ചു കുടി വായിക്കാനുണ്ട് .പതിയെയാണ് വായന.ഇനിയും പവിഴമല്ലിയിൽ കാറ്റുലയട്ടെ... ആശംസകൾ  




Monday, 26 April 2021

                                     കുട്ടപ്പന്മാരുടെ ഒരു ദിവസം

 അവൾക്ക് മൂന്നോ നാലോ വയസ് ഉള്ളപ്പോഴാണ് അടുക്കളയിലേക്ക് ഓടി കുതിച്ചു വന്നു എന്നോട് പറഞ്ഞത്

"അമ്മേ എനിക്ക് എന്നെ ഒരുപാട് ഇഷ്ടമാണ് "
എന്താണെന്നറിയാതെ മിഴിച്ചു നിന്ന എന്റെ നേർ ക്ക് പുറകിൽ പിടിച്ചിരുന്ന കടലാസ് നീട്ടി അവൾ പറഞ്ഞു
"ഈ പടം എനിക്ക് ഇത്ര ഭംഗിയായിട്ട് വരയ്ക്കാൻ പറ്റുമെന്ന് വിചാരിച്ചതേയില്ല ....നോക്ക് .."
കടലാസിൽ ചിറകു വിരിച്ചു നിൽക്കുന്ന ഒരു പക്ഷിയുടെ ചിത്രമായിരുന്നു .നല്ല ഭംഗിയുണ്ടെന്നു താനേ പുകഴ്ത്തി പടവും വാങ്ങി തിരിച്ചോടി..വായനയും മറ്റു വിനോദങ്ങളും ഉണ്ടെങ്കിലും പടം വരച്ചോണ്ടിരിക്കുന്നതാണ് അവൾക്കു ഏറ്റവും സന്തോഷം .ചിലപ്പോഴൊക്കെ ചിത്രങ്ങൾ എല്ലാം നിരത്തി തനിയെ ചിത്ര പ്രദര്ശനം നടത്തി .പടത്തിന് പത്ത് ലക്ഷം ...ഒരു കോടി എന്നൊക്കെ വിലയിട്ട്...ഒരറ്റത്ത് not for sale എന്ന ബോർഡും വച്ച് ചിത്ര പ്രദര്ശനം കളിക്കുമായിരുന്നു..കഴിഞ്ഞ മാസം ആദ്യമായിട്ട് ഒരു ബാലസാഹിത്യകൃതിക്കു വേണ്ടി cover page & Illustration ചെയ്തു.പരിധി പബ്ലിക്കേഷൻ പുറത്തിറക്കിയ ശ്രീ ഈ യു അരവിന്ദാക്ഷൻ എഴുതിയ "കുട്ടപ്പന്മാരുടെ ഒരു ദിവസം " കുട്ടികൾക്കുവേണ്ടിയുള്ള ഒരു ചെറു നോവലാണ് .മീനു കുട്ടിയുടെ രണ്ട് കാളകുട്ടികൾ വീട് വിട്ടിറങ്ങി പുറം ലോകം കാണാൻപോകുന്നതാണ് കഥ . പ്ല സ് ടു ക്കാരിയായതു കൊണ്ട് ഒരു പാട് ചിത്രങ്ങൾ അകത്തെ പേജിൽ ഉൾപ്പെടുത്താൻ പറ്റിയില്ല. സമയ കുറവ് എങ്കിലും സന്തോഷം…..Cover page &illustrations by Nirupama S








Sunday, 16 August 2020


ഓർമ്മ ചിത്രം 

കല്യാണം കഴിഞ്ഞതിന്റെ ആദ്യനാളുകളിൽ  നാലഞ്ചു വര്ഷം പേട്ടയ്ക്കടുത്തുള്ള ഒരു വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വലിയ സൗകര്യമൊന്നുമില്ലാത്ത ഒരു ചെറിയ വീടായിരുന്നു അത്. മറക്കാനാവാത്ത ഒരുപാട് യാത്രകൾ പോയത് ആ  വീട്ടിൽ താമസിച്ചിരുന്നപ്പോഴാണ്.  അച്ഛനും അമ്മയും ദൂരെ ഗ്രാമത്തിൽ ആയിരുന്നത് കൊണ്ട് ഔദ്യോഗിക യാത്ര ഉൾപ്പെടെ എല്ലാ യാത്രകളിലും അമ്മുവും കൂട്ടിനുണ്ടായിരുന്നു. കുഞ്ഞമ്മുവിനും യാത്രകൾ വലിയ ഇഷ്ടമായിരുന്നു. വൈകുന്നേരം ഓഫിസിൽ നിന്ന് വരുമ്പോഴേ അവൾ വാശി        പിടിക്കാൻ തുടങ്ങും "എനിക്ക് മിച്ചിയത്  പോണം...കങ്കുമുഖത്ത് പോണം " എന്നൊക്കെ. മ്യുസിയത്തും ശംഖുമുഖത്തും മാത്രമല്ല ..അമ്പലത്തിലേക്കും ചാല മാർക്കറ്റിലേക്കും കല്യാണങ്ങൾക്കും പല പല പ്രദർശന ശാലകളിലേയ്ക്കും ദേശം വിട്ടുള്ള  യാത്രകളിലും    എല്ലായിടത്തും അവളും കൂടെയുണ്ടാകും .യാത്ര കഴിഞ്ഞു വീട്ടിലേക്ക് എത്തി   തറയിലേക്ക് നിർത്തുമ്പോൾ കാല് നിലത്ത് തൊടാതെ 'റ്റാറ്റ  തീർന്നു പോയേ...." എന്ന് പറഞ്ഞു കുറെ നേരം കരയുമായിരുന്നു. അങ്ങനെയുള്ള ഒ
രു സായാഹ്‌ന യാത്രയായിരുന്നു. പതിവ് പോലെ ബൈക്കിൽ നടുക്ക് അവൾ   വാശി പിടിച്ചു   കാഴ്ച്ചകൾ കാണാൻ   എഴുന്നേറ്റു നിൽക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഇടവഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോൾ  'വണ്ടി നിർത്തൂ....വണ്ടി നിർത്തൂ...." എന്ന് പറഞ്ഞു അലറി വിളിച്ചു. ഏതെങ്കിലും പുള്ളി പശുവിനെയോ പട്ടിയേയോ  പൂച്ചയേയോ കണ്ടിട്ടായിരിക്കും  എന്ന് വിചാരിച്ചു വണ്ടി നിർത്തി. അവിടെയെങ്ങും ഒന്നും കണ്ടില്ല . റോഡിനടുത്തുള്ള പറമ്പിൽ  ചവർ അടിച്ചു വാരി ഒരു സ്ത്രീ  തീ  ഇടുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൾ  ആ കത്തി കൊണ്ടിരിക്കുന്ന ചവറു കൂനയുടെ  അടുത്ത് പോയി "അമ്പായി എന്നെ    രച്ചിക്കണേ... എന്ന് പറഞ്ഞു കണ്ണടച്ചു പ്രാർത്ഥിച്ചു .അമ്പലമാണെന്ന് വിചാരിച്ചായിരിക്കും. പിന്നീട്   ബെഡ് ടൈം കഥ പറച്ചിൽ വേളയിൽ ഇത് കഥയായി പറഞ്ഞു ചിരിക്കുമായിരുന്നു ഞങ്ങൾ. വർഷങ്ങൾ കഴിഞ്ഞു . അമ്മു പ്ലസ് റ്റു വിനു ശേഷം ഫാഷൻ ഡിസൈൻ കോഴ്സിന് നിഫ്ട് കണ്ണൂരിൽ  ചേർന്നു.  പുസ്തകങ്ങളും നോട്ട് ബുക്കുകളും   ഒന്നും ഇല്ലാതെ ഉള്ള പഠന രീതി .സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും സൗന്ദര്യത്തിന്റെയും സമത്വത്തിന്റെയും  കലയുടേയും വർണ്ണങ്ങൾ തീർത്ത    നാലു വർഷങ്ങൾ...       ആൺപെൺ ഭേദമില്ലാതെ ധാരാളം നല്ല സുഹൃത്തുക്കൾ  പാർവതി... ശ്രേയ .... ഐശ്വര്യ …..    ട്രെസ ....അങ്ങനെ നല്ല കുറെ കൂട്ടുകാരെ        കിട്ടി. അടക്കവും ഒതുക്കവും ഉള്ള പെൺ കുട്ടികളല്ല . ശാരദക്കുട്ടി റ്റീച്ചർ പറഞ്ഞ പോലെ തുള്ളി ചാടി നടക്കുന്ന ഉത്സാഹവതികളായ    പെൺകുട്ടികൾ ...ആഹ്ളാദ പറവകൾ. തമാശ   പറഞ്ഞിരുന്ന ഒരു ഒഴിവു ദിനം അമ്മു കുട്ടിക്കാലത്തെ പ്രാർത്ഥനയുടെ കഥ ഹോസ്റ്റലിലെ കൂട്ടുകാരികളുടെ അടുത്ത് പറഞ്ഞു.    കഥ പറഞ്ഞ ആളും കഥ കേട്ടിരുന്നവരും അത് മറന്നിരിക്കാം ...പക്ഷെ ചിത്രകാരിയായ ശ്രേയയുടെ    മനസ്സിൽ അത് വർണ്ണങ്ങളായി മാറിയിരുന്നു.   അത് കൊണ്ടല്ലേ നാലു വർഷങ്ങൾക്കിപ്പുറം ബിരുദദാനച്ചടങ്ങിന്റെ ദിവസം   സംഭവം  ഒരു വർണ്ണ ചിത്രമായി അമ്മുവിന് സമ്മാനിച്ചത്.    



Tuesday, 1 March 2016

നിരുപമയുടെ ലോകം -II
*************************************
നിരുപമയെ ചിത്രരചന പഠിപ്പിക്കാൻ എല്ലാ ശനിയും ഞായറും ഞാൻ ഒരു അദ്ധ്യാപകന്റെ അടുത്തു കൊണ്ടുപോകും.. 
നഗരത്തിലെ ഒരു ഫ്ലാറ്റിൽ നാലാം നിലയിൽ ആണു ക്ലാസ്. പത്തുമണി മുതൽ പതിനൊന്നു മണി വരെയാണ് സമയം... മോൾ പഠിക്കുന്ന സമയത്ത് ഞാൻ ബാൽക്കണിയിൽ ഇരുന്നു ഏതെങ്കിലും പുസ്തകം വായിക്കും.അതാണ് പതിവ്...ഇന്ന് എന്റെ കൈയ്യിൽ പിയുടെ സമ്പൂര്ണ്ണ കൃതികൾ ഉണ്ടായിരുന്നു...ഞാൻ പികവിതകൾ വായിച്ച് രസിച്ച് ഇരിക്കുകയായിരുന്നു....എന്റെ മുൻപിലൂടേ ഒരു മെലിഞ്ഞ പെണ്കുട്ടി എട്ടോ പത്തോ വയസു കാണും...ധൃതിയിൽ അകത്തേക്ക് പോയി...സമയത്തിനു ഏറെ നിഷ്ഠയുള്ള ആളാണു ചിത്രകാരനായ അദ്ധ്യാപകൻ...സമയം വൈകിയതിന്റെ വെപ്രാളം കുട്ടിയുടെ മുഖത്ത് ഉണ്ടായിരുന്നു... എങ്കിലും എന്നെ നോക്കി നമസ്തേ എന്ന് അർത്ഥംവരുന്ന ഒരു ചിരി സമ്മാനിക്കാനും അവൾ മറന്നില്ല...രണ്ടുമൂന്നു നിമിഷം കഴിഞ്ഞ് ഒരാൾ അങ്ങോട്ടു.വന്നു."മധു എത്തിയില്ലേ?"
"ഉവ്വ്"
അദ്ധ്യാപകന്റെ ഭാര്യ പറഞ്ഞു
."വിളിക്കവളെ..."
അയാൾ അലറി.
വരച്ചു കൊണ്ടിരിക്കുന്ന പെൻസിൽ താഴെ വച്ച് അവൾ പുറത്തേക്ക് ഇറങ്ങി വന്നു.
“നിന്നോട് പറഞ്ഞിട്ടില്ലേ മുകളിൽ എത്തിയാൽ കൈ വീശി കാണിക്കണം എന്ന"
ക്രുദ്ധനായ അയാൾ പറഞ്ഞു.എന്നിട്ടയാൾ കുഞ്ഞിന്റെ കവിളിൽ ഒറ്റയടി...ഞാൻ ഞെട്ടി പോയി....എന്റെയും അദ്ധ്യാപകന്റേയും ഭാര്യയുടേയും മറ്റു കുട്ടികളുടെയും എല്ലാം മുൻപിൽ വച്ച് .
കുട്ടി കരഞ്ഞുകൊണ്ട് വീണ്ടും ചിത്രം വരയ്ക്കാൻ പോയി..
എന്റെ കണ്ണു നിറഞ്ഞു പോയി. റോഡിൽ ഇറക്കി വിട്ട കുട്ടി മുകളിൽ എത്തിയ ശേഷം കാറിൽ ഇരിക്കുന്ന അച്ചനെ നോക്കി കൈ വീശി കാണിച്ചില്ല... തെറ്റായിരിക്കാം.
പക്ഷെ അതിനു ഒന്ന് ശകാരിച്ചാൽ പോരേ...
അല്ലെങ്കിൽ വീട്ടിൽ ചെന്നിട്ട് ശിക്ഷിക്കാമായിരുന്നല്ലോ
പുസ്തകത്തിൽ പിയുടെ അക്ഷരങ്ങൾ മങ്ങി..ഞാൻ പുസ്തകം എടുത്ത് എന്റെ തുണി സഞ്ചിയിൽ ഇട്ട് മനസ് കൊണ്ട് അവളെ ചേര്ത്ത് പിടിച്ച് വിങ്ങി വിങ്ങി ഇരുന്നു...എനിക്കിതൊന്നും കാണാനും സഹിക്കാനും ശക്തിയില്ല..ഞാനിതിനു മുന്പ് സംസാരിച്ചിട്ടില്ലാത്ത..മധു എന്നയാൾ വിളിച്ച ആ പെണ്കുട്ടിയുടെ മുഴുവൻ പേരു മധുരിമയെന്നോ മധുമതിയെന്നോ മധുബാലയെന്നോ ആയിരിക്കും...പകൽ മായുന്നു...ഇപ്പോഴും എന്റെ മനസ്സിൽ കരഞ്ഞുകൊണ്ട് ചിത്രം വരയ്ക്കുന്ന ആ കൊച്ചുകുട്ടിയുടെ മുഖം...ആ കുഞ്ഞു മനസ് എത്ര മാത്രം വ്രണപെട്ടുകാണും.. എന്തേ മനുഷ്യര് ഇത്ര സ്നേഹശൂന്യരാകുന്നത്?.

Wednesday, 24 December 2014

നിരുപമയുടെ ലോകം-1


സ്കൂള്ബസില് നിന്നിറങ്ങിയതേ നിരുപമ അഭിമാനത്തോടെ പറഞ്ഞു.
"ക്ലാസില് ക്രിസ്തുമസ് ആഘോഷത്തിനു പോസ്റ്റര് വരക്കാന് ടീച്ചര് എന്നെയാ ഏല്പ്പിച്ചിരിക്കുന്നത്... “
വീട്ടില് എത്തിയതേ പതിവു പോലെ ഷൂസ് ഒരു മൂലയിലേക്കും.. സ്കൂള് ബാഗ് സോഫയിലേക്കും വലിച്ചെറിഞ്ഞു.. യൂണിഫോം മാറ്റിയില്ല കഴുത്തില് തൂക്കിയിരിക്കുന്ന ഐഡെന്റിറ്റികാര് ഡും ലീഡര് ബാഡ്ജു പോലും മാറ്റാതെ പടം വരക്കാനാരംഭിച്ചു...
" വലിയ പോസ്റ്റര് വേണമെന്നാണ് ത്രിവേണി ടിച്ചര് പറഞ്ഞിരിക്കുന്നത് അവള് സന്തോഷത്തോടെ പറഞ്ഞു."
ഭക്ഷണം കഴിക്കാതെ പഠിക്കാനുള്ള പുസ്തകം തുറക്കാതെ വിളക്കു വച്ചപ്പോള് പ്രാര്ഥിക്കാന് പോലും വരാതെ വരയും മിനുക്കുപണികളും മണിക്കൂറുകളോളം തുടര്ന്നു...(പടം വരച്ചോണ്ടിരിക്കുകയാണെങ്കില് പ്രാര്ത്ഥിക്കാന് വിളിച്ചാല് നിരുപമ വരാറില്ല..ദൈവത്തിനതൊന്നും ഒരു കുഴപ്പവുമില്ലെന്നാണു പറയാറ്...).സാന്റാക്ളോസിന്റെ പടവും ക്രിസ്തുമസ് ട്രീയും മണികളും സമ്മാനപ്പൊതികളും ഒക്കെയായി വരച്ചു തീര്ത്ത പടവുമായി നിരുപമ അടുക്കളയിലേക്ക് പൂത്തിരി കത്തിച്ച് ഓടി വന്നു അത്യാഹ്ളാദത്തോടെ പറഞ്ഞു
"എന്റെ പടം ഇത്രേം നന്നാകുമെന്ന് ഞാന് വിചാരിച്ചില്ല ...എനിക്ക് സന്തോഷമായി"
കുഴപ്പമില്ലാതെ വരച്ചു തീര്ത്തു എന്നു മാത്രം പറയാവുന്ന ചിത്രത്തെ അവള്‍ സ്വയം പ്രശംസിച്ചു..വലത്തു വശത്ത് താഴെ നിരുപമ എന്ന പേരും എഴുതി അവസാന മിനുക്കുപണികളില് ഏര്പ്പെട്ടു...കുറച്ച് കഴിഞ്ഞു നോക്കിയപ്പോള് വരച്ച പടം നെഞ്ചോട് ചേര്ത്തുപിടിച്ച് കണ്ണും നിറഞ്ഞ് വിതുമ്പിനില്ക്കുന്ന കുട്ടിയെയാണ്.... ഞാന് കണ്ടത്.ഈശ്വരാ...എന്തു പറ്റിയോ.....അവസാന മിനുക്കുപണിയില് ചായം മറിഞ്ഞു വീണു പടം കുളമായിക്കാണും..
“എന്തു പറ്റി മോളെ..”.ഞാന് അന്വേഷിച്ചു...
.“എന്റെ ചിത്രം ത്രിവേണി ടീച്ചറിനും ആര്ക്കും ഞാന് വിട്ടൂ കൊടുക്കില്ല.. “നിരുപമ വാശിയോടേ പറഞ്ഞു.
“എനിക്ക് ഈ പടം ഒത്തിരി ഇഷ്ടായി....സാന്റാക്ളോസ് എന്നെ നോക്കി ചിരിക്കണ കണ്ടില്ലേ....”
“പക്ഷേ ഞാന് ടിച്ചറിനോട് വാക്കു പറഞ്ഞതാ.." സര്വ്വതും നഷ്ടപ്പെട്ടതു പോലെ നിരുപമ പൊട്ടി കരഞ്ഞു സൃഷ്ടി പൂര്ണ്ണമായപ്പോള് സൃഷ്ടികര്ത്താവിനു പിരിയാന് വയ്യ....!!!!!
“ഉം കരയണ്ട...അമ്മയില്ലേ കൂടെ....അമ്മ ത്രിവേണി ടിച്ചറിനോട് സംസാരിക്കാം.ക്രിസ്തുമസ് ആഘോഷം
കഴിയുമ്പോള് പടം നിരുപമക്ക് തിരിച്ചു കൊടുക്കണം എന്നു പറയാം....”
അവള് ലോകം മുഴുവനും തിരിച്ച് കിട്ടിയ ആശ്വാസത്തോടെ.......
നിറഞ്ഞ കണ്ണുകളില് തെളിഞ്ഞ സന്തോഷത്തോടെ...
എന്നെ നോക്കി ചിരിച്ചു...