ഓർമ്മത്തുണ്ടുകൾ-9
ഞാൻ
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് രുഗ്മിണി അപ്പച്ചിയുടെ കല്യാണം..നല്ല വെളുത്ത് തുടുത്ത്
നീളൻ മുടിയുമായി .ചെമ്പരത്തിപ്പൂ പോലെ ചിരിച്ചു
കൊണ്ട് നടക്കും ...
കല്യാണ പ്രായമൊക്കെ ആയിരുന്നെങ്കിലും എന്റെം
രാധാമണിയുടെയും കൂടെ കൊത്തം കല്ലുകളിക്കാനും
സാറ്റ് കളിക്കാനും ഒക്കെ കൂടുമായിരുന്നു.
മുടി ഭാരം കൂടുമ്പോൾ അപ്പച്ചി കൊയ്ത്തരിവാള് എടുത്ത് വെറുതേയങ്ങ് കണ്ടിച്ച്
കളയുന്നത് എനിക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട് ..അച്ഛന്റെ ഇളയ സഹോദരിയാണ് രുഗ്മിണി അപ്പച്ചി.
അന്നൊക്കെ ഹൈറേഞ്ചിൽ നിന്ന് പ്രഭാകരൻ കൊച്ചച്ചൻ വരുമ്പോൾ എനിക്ക് എന്തെങ്കിലും സമ്മാനങ്ങളും
കൊണ്ട് വരുമായിരുന്നു. അന്നൊരു ദിവസം ഒരു
മഞ്ഞ ഫ്രോക്ക് ആയിരുന്നു. അത് കണ്ടപ്പോഴേ അപ്പച്ചിപറഞ്ഞു ഇത് രാധയ്ക്കല്ലേ
.. രാധയ്ക്ക് നന്നായി
ചേരും ...അത് കേൾക്കുമ്പോഴേ ഞാൻ അലറി കൂവി കരയാൻ തുടങ്ങും. അങ്ങനെ ചില കുസൃതികൾ ഒപ്പിയ്ക്കുമെങ്കിലും
അപ്പച്ചിക്ക് എന്നോട് വലിയ സ്നേഹം ആയിരുന്നു.
കല്യാണ
തലേന്ന് വീട് നിറയെ ആളായിരുന്നു. കുടുംബത്തിലെ
ഇളയ ആളുടെ കല്യാണം ആയത് കൊണ്ട് അകന്ന ബന്ധുക്കളെ വരെ വിളിച്ചിട്ടുണ്ടായിരുന്നു
വൈക്കത്ത് കിളിയാറ്റുനടയിൽ നിന്നു അമ്മിണി
അപ്പച്ചി വരുന്നതായിരുന്നു ഏറ്റവും സന്തോഷം ...കൂടെ മക്കൾ സജിയും കലേഷും ശ്രീകലയും
ഉണ്ടാവും അവർ വരുമ്പോഴാണ് എനിക്കും രാധാമണിക്കും പുതിയപുതിയ കളികൾ മെലിഞ്ഞിട്ട് കൊച്ചു
മുഖമാണ് അപ്പച്ചിക്കു .അപ്പോഴും ഇപ്പോഴും മുല്ലപ്പൂവിനെ നോക്കുന്ന പോലെ…. സുന്ദരിയാണ്
അമ്മിണിയപ്പച്ചി . കഴുത്തിൽ താലിമാല കൂടാതെ രണ്ട് ചുറ്റുള്ള ഒരു മണിമാല കുടി കാണും
.
കാതിൽ ഞരമ്പുകൾ തെളിഞ്ഞ ഒരു ഇലയുടെ ആകൃതിയിലുള്ള കമ്മലും.കൈയ്യിൽചുരുട്ടി പിടിച്ചഒരു കടലാസ്സ് പൊതിയുമായി വേഗത്തിൽ ഒരു വരവാണ്..
അതിൽ പച്ചയിൽ പൊതിഞ്ഞ പ്യാരി മുട്ടായിയും ഓറഞ്ചു നിറത്തിൽ ഗോളാകൃതിയിൽ മധുരവും പുളിയും
കലർന്ന രുചിയുള്ള മുട്ടായിയും ആയിരിക്കും
. ആരൊക്കെ മുറ്റത്ത് നിന്നാലും അപ്പച്ചി "ഇന്നാ അജീ ......" എന്നും പറഞ്ഞു
പൊതി എന്റെ നേർക്കാവും നീട്ടുക…പിരുപിരാന്നാണ്
അപ്പച്ചിയുടെ വർത്തമാനം ...ചടപടേന്ന് ജോലിയുംചെയ്യും. "ഉണക്ക പാളയിൽ പള്ളത്തിയെ
പിടിച്ചിട്ട പോലെയാണ് അമ്മിണീടെ വർത്താനം "എന്നാണ് ഭാർഗ്ഗവിയമ്മയുടെ ഭാഷ്യം .
പൊതുവേ ഭൂമിയുടെ അച്ചു തണ്ട് എന്റെ കൈയ്യിലുംകൂടി ആണെന്ന്
വിചാരിക്കുന്ന അച്ഛൻ അന്ന് കൂടുതൽ ഉത്തരവാദിയായി `ഇടത്തെ തോളിൽ കിടക്കുന്ന തോർത്ത്
വലത്തേ തോളിലേക്കും പിന്നെ ഇടയ്ക്ക് ഇടത്തേക്കും
മാറ്റി അവിടെയുണ്ട് ...ഇവിടെയുണ്ടെന്നും പറഞ്ഞ ഓടി നടന്നു. ഞങ്ങൾ കളിയുടെ ലഹരിയിൽ ആയി. പള്ളിത്തറയിലെ തങ്കപ്പച്ചിയുടെ
മകൾ ഓമനയെ ഞങ്ങൾ കളിക്ക് കുട്ടിയതേയില്ല .
രണ്ടാഴ്ചക്കു മുൻപ് പുതിയ ചോക്ക് പെൻസിൽ വാങ്ങിച്ചത് എഴുതാൻ
തരാവോന്നു രാധാമണി മുന്ന് പ്രാവശ്യം ചോദിച്ചിട്ട് കൊടുത്തില്ല. അത്രയ്ക്ക് കൊള്ളില്ലല്ലോ ഞങ്ങൾ കളിക്ക് കൂട്ടിയില്ല .
കൈയ്യിൽ മാടി മടക്കിയ ഇലക്ട്രിക്ക് വയറുമായി അച്ഛൻ
തെക്കേപുറത്തെ ദേവസ്യ സാറിന്റെ വീട്ടിലേക്കു
പോണത് കണ്ടു.
ഞങ്ങൾ
കളിച്ചു തിമിർത്തു .
പെട്ടെന്നു കിഴക്കു വശത്തെ മുറ്റത്ത് എന്തോ
ബഹളംകേട്ടു. രാധാമണി പറഞ്ഞു "ആർക്കോ എന്തോ പറ്റിയെന്നു തോന്നുന്നു. ആരൊക്കെയോ മുറ്റത്തേക്ക് ഓടി പോകുന്നത് കണ്ടു. നമുക്ക് ഒന്ന് പോയി നോക്കാം. ആർക്കോ അപകടം പറ്റിയിട്ടുണ്ട് . കളിയുടെ
ലഹരിയിൽ അഹങ്കാരത്തിന്റെ ഉച്ചിയിൽ തൊട്ടു നിന്നിരുന്ന ഞാൻ പറഞ്ഞു ""എന്തെങ്കിലുമാകട്ടെ
...നമുക്കെന്താ.....നമുക്ക് കളിക്കാം ...". പിന്നെയും കളിയ്ക്കാൻ തുടങ്ങിയെങ്കിലും രാധാമണി പറഞ്ഞു .....നമുക്ക് ഒന്ന്
പോയി നോക്കീട്ട് വരാം.ഞങ്ങൾ മുൻ വശത്തെ മുറ്റത്തേക്ക് ഓടി ചെന്നു ...മുറ്റത്തിട്ടിരുന്ന
പന്തലിൽ ആരെയോ കിടത്തിയിട്ടുണ്ട് .ചുറ്റിനും ആൾക്കാർ നിന്ന് വീശുന്നുണ്ട്. ഒന്ന് കുടി സൂക്ഷിച്ച നോക്കിയപ്പ്പോൾ മനസിലായി അതെന്റെ
അച്ഛനാണ്. എന്റെ ഉള്ളൊന്നു കാളി.അച്ഛനെന്തോ
അപകടം പറ്റിയെന്ന തിരിച്ചറിവ് മാത്രമല്ല ....ആർക്കെന്തു പറ്റിയാലും നമുക്കെന്താ എന്ന
എന്റെ സ്വാർത്ഥ ചിന്ത ....ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു "ഔസേപ്പച്ചന്റെ
വീട്ടീന്ന് കാർ വിളിക്കു ...."ആരോ പറയുന്നത്
കേട്ടു.അഞ്ചു മിനിറ്റിനു ള്ളിൽ കാർ വന്നു. അച്ഛനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഞാൻ ഏങ്ങി
ഏങ്ങി കരഞ്ഞു, കുറ്റബോധം കൊണ്ട് പുളഞ്ഞു."പാലത്തിൽ നിന്ന് ഒന്ന് വീണെന്നേ ഉള്ളു ..പേടിക്കാനൊന്നുമില്ല
" എന്നൊക്കെ അപ്പച്ചി പറയുന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല
അന്നത്തെ സംഭവം എനിക്കൊരു പാഠമായി കാലം ഏറെ മുന്നോട്ടു പോയി... അഞ്ചു വയസേ
എനിക്കുണ്ടായിരുന്നുള്ളു....പക്ഷെ മറ്റുള്ളവർക്ക് എന്ത് പറ്റിയാലും ..തന്റെ
ചുറ്റിനും എന്ത് സംഭവിച്ചാലും തന്നെ ബാധിക്കുന്നെങ്കിൽ അത് ശ്രദ്ധിക്കേണ്ട എന്ന മനുഷ്യന്റെ
തെറ്റായ ചിന്ത ...സമൂഹത്തിന്റെ പൊതുബോധം..അത് പാടില്ല എന്ന് ഈ സംഭവം എന്നെ പഠിപ്പിച്ചു..
ഇപ്പോൾ എത്ര തിരക്കിട്ടു ഓഫീസിലേയ്ക്ക് പോകുമ്പോഴാണെങ്കിലും
വഴിയിൽ എന്തെങ്കിലും അപകടമോ ആൾക്കൂട്ടമോ കണ്ടാൽ
അന്വേഷിയ്ക്കാനും ...പറ്റുന്ന സഹായം
ചെയ്യാനും
ശ്രദ്ധിക്കാറുണ്ട് ....
തല്ലിക്കൊല്ലലും ബലാത്സംഗങ്ങളും ആത്മഹത്യകളും
ഒക്കെ വല്ലാതെ അസ്വസ്ഥ ആക്കുകയും ഉറക്കം കെടുത്തുകയും ചെയ്യാറുണ്ട്
.പക്ഷെ എന്നിലെ ഉപദേശി കൂടെ കൂടെ എന്നെ ഈ സംഭവം ഓർമ്മിപ്പിക്കും . അപ്പോഴൊക്കെ
എന്റെ മനസ് വല്ലാതെ സങ്കടപ്പെടും .
(അജിത കെ .സി )