Powered By Blogger

Saturday, 20 August 2011

ഗ്രാമചിത്രം.

ഇടക്കൊന്നു പറഞ്ഞോട്ടെ....ഞാന്‍ ‍‍ ‍ പഴമ്പുരാണക്കെട്ടഴിക്കാന്‍‍ തുടങ്ങുമ്പോഴും നീ ഈ ചിത്രം മനസ്സിലേക്ക് കോറിയിടണം.
ഒരു ഗ്രാമചിത്രം...
മൂവാറ്റുപുഴയാറിന്റെ കൈയ്യും പിടിച്ച് ഒരു ഗ്രാമം ...
അവിടെ  ഒരു കൊച്ചു വീട്. ചുറ്റിനും ഓല വേലി. വേലിക്കു  മുകളിലൂടെ തല നീട്ടി നില്‍‍ക്കുന്ന ചുവന്ന ചെമ്പരത്തി പൂക്കള്‍‍.വീടിന്റെ  പടിഞ്ഞാറു വശത്ത് തോട്. സിമന്റ് പാലം കഴിഞ്ഞ് പടിഞ്ഞാട്ട്  ഇറങ്ങിയാല്‍‍ അമ്പലപ്പറമ്പായി.,അമ്പലമായി.
വിശേഷ അവസരങ്ങളില്‍ ‍ മാത്രം തിരക്കുള്ള അയപ്പന്റെ അമ്പലം  .ചില മഴക്കാല സായാഹ്നങ്ങളില്‍ ‍ ഞാനും പൂവൊരുക്കുന്ന മാണിക്കാമ്മയും മാത്രമേ ദീപാരാധനക്കുണ്ടായിരുന്നുള്ളൂ. മതിലിനകത്തെ ചരല്‍   വിരിച്ച മുറ്റത്ത് ഞങ്ങളുടെ മാത്രം കാല്‍‍പ്പാടുകള്‍.. തിരിഞ്ഞു നോക്കുമ്പോള്‍‍ എത്ര മനോഹരമായിരുന്നു ആ  നനഞ്ഞ സന്ധ്യകള്‍.അമ്പലം കഴിഞ്ഞ്  നേരെ പോകുന്നവഴി ചെന്നെത്തുന്നത് പടവുകളുള്ള ആ പുഴക്കടവിലേക്കാണ്. അവിടെയാണ് ആ പ്രദേശത്തുള്ളവരെല്ലാം അന്ന്കുളിച്ചിരുന്നത്. ചന്ദ്രികയും ഭാര്‍ഗവിയമ്മയും നടരാജന്‍ ‍ ജോത്സ്യരും നളിനാക്ഷിയും എല്ലാം കുളിക്കാന്‍ ‍ വന്നിരുന്നത് ആ  പുഴക്കടവില്‍‍ ആയിരുന്നു.  പുഴയോരത്തു കൂടി നേരെ വടക്കോട്ടൂ പോകുന്ന റോഡ്   ചെന്ന്  നില്‍ക്കുന്നത് ഇളങ്കാവ് അമ്പലം ജങ്ഷനിലെ വായനശാലയുടെ മുമ്പിലാണ്. ഗ്രാമത്തിനു പുറത്ത് പട്ടണത്തിലേക്ക് പോകുന്നതിനും തലയോലപറമ്പ് ചന്തയി‍ല്‍ പോകുന്നതിനും ഒക്കെ ബസ് കിട്ടണമെങ്കില്‍ അമ്പലം ജങ്ഷനില്‍ ‍ ചെല്ലണം അന്നും ഇന്നും (ഉം...അതേ സുല്‍‍ത്താന്‍ ‍ പറഞ്ഞ ആനവാരിയും പത്തുമ്മയും ഉള്ള അതേ ചന്ത.)..
പുഴക്കടവിനോടു ചേര്‍‍ന്ന് വഴിയോരത്തു   തന്നെയാണ്  നാലഞ്ചു മുറികളുള്ള എസ്.എന്‍‍.ഡി.പിയുടെ  കെട്ടിടം. അതിനടുത്തായി ഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രവും. പുഴയോരത്തുള്ള ആ പഴയ കെട്ടിടത്തില്‍ ‍ ആദ്യത്തെ മുറിയില്‍‍ അമ്പലത്തിലെ പൂജാരി തമസിച്ചിരുന്നു.അതിന്റെ തൊട്ടടുത്ത മുറി വിശ്വന്‍ ‍ ചേട്ടന്റെ മുറുക്കാന്‍ ‍കടയായിരുന്നു.. ബീഡി,പുളി മിഠായി,പപ്പടം,ബലൂണ്‍,കുഞ്ഞു പ്ളാസ്റ്റിക് കവറില്‍‍ കിട്ടുന്ന കിട്ടുന്ന നാരങ്ങാ അച്ചാര്‍‍ സോഡാ ഇത്രയും കാര്യം എന്നും ആ കടയില്‍ ‍ ഉണ്ടായിരുന്നു. രാഷ്ട്രീയം പറച്ചിലും പുളുവടിയുമൊക്കെ കേട്ട് രസിച്ചിരിക്കുമെങ്കിലും വിശ്വന്‍‍ ചേട്ടന്‍‍ ഒരിക്കലും ആ സംഭാഷണങ്ങളില്‍ ‍ പങ്കെടുത്തിരുന്നില്ല.. ആ കാല്‍  ‍ പെട്ടിയുടെ പുറത്ത് മുമ്പോട്ടാഞ്ഞിരുന്ന് ബീഡി  തെറുത്ത് കൊണ്ടങ്ങനെയിരിക്കും. രാവിലെ എട്ടു മണി മുതല്‍  ‍ രാത്രി എട്ടു മണി വരെ എന്ന സമയ  നിഷ്ഠ പുള്ളീക്കാരന്‍  ‍  കൃത്യമായി പാലിച്ചിരുന്നു.                   
വിശ്വന്‍  ‍ ചേട്ടന്റെ റാന്തല്‍  ‍ വെളിച്ചം എന്റെ വീടിന്റെ മുമ്പിലൂടെ കടന്ന് പോകുമ്പോളാണ് ഞാന്‍‍ പഠനം മതിയാക്കി പുസ്തകം അടച്ച് ഭക്ഷണം കഴിക്കാനായി അടുക്കളയിലേക്ക് പോകുന്നത്.
 അതിന്റെ അടുത്ത മുറിയിലാണ്  നമ്മുടെ നടരാജന്‍‍ ജോത്സ്യരുടെ ജ്യോതിഷാലയം. എപ്പോഴും ഗൌരവം നടിച്ചു നടക്കും.. ആരോ പറഞ്ഞപോലെ ഞാനും അനന്തന്‍‍ ചേട്ടനും കൂടിയാണ്‍ ഭൂമിയുടെ അച്ചുതണ്ട് താങ്ങുന്നതെന്ന മട്ടിലുള്ള  മട്ടും ഭാവവും നോട്ടവുമൊക്കെ ഒന്നു കണേണ്ടതു തന്നെ!!!!!!!!!!!!!!! സ്വയം ബ്രഹ്മചാരിയെന്ന് വിശേഷിപ്പിച്ചിരുന്ന അദേഹത്തെ അന്വേഷിച്ച് ബന്ധുക്കളാരും വന്നു കണ്ടിട്ടില്ല..  ജ്യോതിഷാലയത്തിനു മുമ്പിലായി   കറുപ്പില്‍ ‍ വെള്ള അക്ഷരത്തില്‍  ജോത്സ്യര്‍,‍ ആര്‍‍‍ . നടരാജന്‍, ജ്യോതിഷാലയം എന്നൊരു ബോര്‍‍ഡ് എഴുതി വച്ചിടുണ്ട്.. ആ ബോര്‍‍ഡാണ്   ഒരു ഏപ്രില്‍‍ഫൂള്‍‍ നാളില്‍  ‍ ഞാനും ശ്രീദേവിയും ദാസന്‍ച്ചേട്ടനുമൊക്കെ അടങ്ങുന്ന കുട്ടി സഘം പ്രാഥമികകേന്ദ്രത്തിലെ :'കുട്ടികള്‍ ഒന്നോ രണ്ടോ മതി' എന്ന ബോര്‍‍ഡുമായി മാറ്റി വച്ച് വല്യ പുകിലായത്. ഉറഞ്ഞു തുള്ളിയ ജോത്സ്യര്‍‍ അച്ഛനോടു പറഞ്ഞു "മാഷിന്റെ മകളും കൂടിയുള്ളതു കൊണ്ടു  മാത്രം ഞാന്‍ ‍ ഇത് പോലീസ് കേസാക്കുന്നില്ല." ദോഷം  പറയരുതല്ലോ മുറ്റത്തെ പേരയില്‍ ‍ നിന്ന് കമ്പൊടിച്ച് എന്നെ അടിച്ചോണ്ടിരുന്ന അച്ഛനെ ജോത്സ്യര്‍  വന്നു തടസ്സം പിടിച്ചു."'കുട്ടിയല്ലേ  കുറച്ചു വികൃതിയൊക്കെ ആവാം. നല്ലതുപോലെ. ഒന്നു കൂടികൊടുത്തങ്ങു  നിര്‍‍ത്തിയേക്ക്."വൃശ്ചി ക മാസത്തില്‍ ‍ അയ്യപ്പന്റെ അമ്പലത്തില്‍ ‍ എപ്പോഴും ഭജന കാണും.    സാധാരണ ഭക്തിഗാനങ്ങള്‍‍ പാടുന്ന  ഭജനക്കൂട്ടത്തില്‍ ‍ നിന്ന്  മൈക്ക് പിടിച്ചു വാങ്ങി അല്‍‍പ്പം  ദൂരേക്ക്  മാറിയിരുന്ന് ശാസ്ത്രീയ ഗാനങ്ങള്‍‍ ആലപിക്കാന്‍‍ തുടങ്ങും.   ക്ളാസിക്കല്‍  പഠിക്കാതെയുള്ള ഈ ഗാനാലാപനം അസഹനീയം തന്നെയായിരുന്നു. പുള്ളിക്കാരന്‍ ‍ കരുണാകരനേ  കാര്‍‍ത്തികേയാ എന്നും പറഞ്ഞു പാട്ട് തുടങ്ങുമ്പോളേ  ഭാര്‍ഗവിയമ്മ   അസ്വസ്ഥതയോടെ മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ ‍ തുടങ്ങും..  മഹാഗണപതെയോ മറ്റോ പാടുകയാണെങ്കില്‍ ‍ നടത്തം നിറുത്തി എന്റെ വീട്ടിലേക്ക് ഓടി വരും."ശാസ്ത്രീയമായി പഠിക്കാതെ  കീര്‍ത്തനങ്ങള്‍  പാടിയാല്‍ ‍ മഹാപാപം കിട്ടും. മുത്തുസ്വാമി ദീക്ഷിതരും ത്യാഗരാജരും ഒക്കെ ആരെന്നു കുട്ടിക്ക് വല്ല നിശ്ചയവുമുണ്ടോ?. ഇല്ലാന്നു വച്ചാല്‍‍ അടുത്തോണത്തിന്‍ എന്റച്ഛന്റില്ലത്തെ ഗോവിന്ദന്‍  ‍ നമ്പൂതിരി വരുമ്പോള്‍‍ ഒന്നങ്ങടു വരിക....നന്നായി ചോദിച്ചു മനസ്സിലാക്കുക. "   എന്നെന്നോട് കയര്‍‍ത്തിട്ട് തിരിച്ചു പോകും. നേരെ എതിരെ ആരെങ്കിലും പരിചയക്കാര്‍  വന്നാല്‍ നമ്മള്‍  അവരെ നോക്കി ചിരിക്കും. പക്ഷേ ജോത്സ്യര്‍‍ ചിരിക്കില്ല. ഗൌരവം വിടാതെ അവരെ സൂക്ഷിച്ചു നോക്കി ഒന്നമര്‍‍ത്തി മൂളും. എല്ലാത്തിലും ഒരു വ്യത്യസ്തത തോന്നിക്കാന്‍‍ വേണ്ടി പുള്ളിക്കാരന്‍  ഒരുപാട് ജാഡകളൊക്കെ കാണിക്കുമായിരുന്നു . എല്ലാവരും ഭഗവാനെ നോക്കി കൈ കൂപ്പി വ.ണങ്ങുമ്പോള്‍‍ പുള്ളിക്കാരന്‍‍ ശ്രീകോവിലിലെ  വിഗ്രഹത്തിലേക്ക് നോക്കി നിര്‍‍ന്നിമേഷനായങ്ങനെ നില്‍‍ക്കും.എല്ലാവരും നേര്‍‍ച്ചപ്പെട്ടിയില്‍‍ പൈസ ഇടുമ്പോള്‍ ‍ ജോത്സ്യര്‍‍ ശ്രീകോവിലിലേക്ക് പൈസ നേരിട്ട് എറിഞ്ഞു കൊടുക്കും.മുളങ്കൂട്ടങ്ങള്‍‍ കാവല്‍ നില്‍ക്കുന്ന  ആ പുഴക്കടവിന്റെ അധിപന്‍‍ താനെന്ന മട്ടിലായിരുന്നു ജോത്സ്യര്‍ ‍ പലപ്പോഴും പെരുമാറിയിരുന്നത്.കൂടുതല്‍‍ സമയം എടുത്തു കുളിക്കുന്നവരെ ശാസിക്കുന്നതും പുള്ളി എണ്ണയും കുഴമ്പും തേച്ച് നില്‍‍ക്കുമ്പോള്‍‍ വരുന്നവരോട് "ഞാന്‍ കുളിച്ചിട്ട് മതി" എന്നു നിര്‍‍ദ്ദേശിക്കുന്നതും ഒക്കെ   കേള്‍ക്കാമായിരുന്നു. എങ്കിലും എങ്കിലും അവസാനം ഒരു ദിനം കുളിക്കാനായി പുഴയില്‍‍ ഇറങ്ങിയ ജോത്സ്യര്‍‍ തിരിച്ചു കയ‍റിയില്ല. അന്നാദ്യമായി ഗ്രാമത്തില്‍‍ ഫയര്‍‍ എഞ്ചിനും ക്രെയിനും ഒക്കെ വന്നു. പിന്നെ ജോത്സ്യരുടെ ചേതനയറ്റ ശരീരം  കരക്കെടുത്തപ്പോള്‍ ‍ എല്ലാവര്‍‍ക്കും വല്യ സങ്കടമായി....
 അതിന്റെ അടുത്ത മുറി ജിംനാസ്റ്റിക്  രതീശന്റെ ആയിരുന്നു.ചന്ദ്രിക കുളിക്കാനായി പുഴക്കടവിലേക്ക്  പോകുമ്പോളും തിരിച്ചു വരുമ്പോളും അവന്‍‍ ആമത്തല നീട്ടിയങ്ങനെ നില്‍ക്കും. ഒരിക്കല്‍ ചന്ദ്രികയ്ക്കു  പനിയായിരുന്ന ഒരു ദിവസം ഇരു നിറത്തി ല്‍  ‍  നെറ്റിയിലേക്ക്  ചുരുണ്ട മുടി വീണുകിടക്കുന്ന അത്രക്കൊന്നും ഭംഗിയില്ലാത്ത ആ മെലിഞ്ഞ പെണ്‍‍കുട്ടിയെ  മാത്രം കണ്ടപ്പോള്‍ ‍ അവന്റെ കണ്ണിലെ പ്രകാശം കെട്ടതും  മുഖത്ത് നിരാശ പടര്‍‍ന്നതും ഓര്‍‍ക്കുമ്പോള്‍  ‍ എനിക്കിപ്പോഴും ചിരി പൊട്ടും. ചന്ദ്രികയെ കാണാന്‍  ‍ മാത്രമാണ്‍ അവളുടെ നീരാട്ടുവഴിയില്‍‍ ഇങ്ങനെയൊരു ജിംനേഷ്യം ഇട്ടതെന്നാണ്‍ ഭാര്‍ഗവിയമ്മ   എന്നോട് പറഞ്ഞത്. അക്കാലത്ത് നാട്ടില്‍‍ നടക്കുന്ന  വാ‍ര്‍ത്തക‍ള്‍  എന്നോട് ആദ്യം വന്നു പറഞ്ഞിരുന്നത് ഭാര്‍ഗവിയമ്മ   ആയിരുന്നു.. കോട്ടക്കല്‍ ‍       ശിവരാമന്റെ ദമയന്തിയോ
ഭാര്‍ഗവിയമ്മയുടെ അച്ഛന്റില്ലത്തെ മുത്തശ്ശി പണ്ടുണ്ടാക്കിയ ഇഞ്ചിത്തൈരിന്റെ രുചിയോ
ലക്ഷ്മി   ടീച്ചറിന്റെ  മകളൂടെ ഇംഗ്ളീഷിന്റെ മാര്‍‍ക്കോ
ഗ്രാമത്തില്‍ പുതുതായി തളിര്‍‍ത്ത പ്രേമമോ
അലസിയ ഗര്‍‍ഭമോ
എന്നു വേണ്ട ആകാശത്തിനു കീഴിലുള്ള എന്തും ഭാര്‍ഗവിയമ്മക്ക്
വിഷയമായിരുന്നു. ഹാവൂ ശിവ ശിവ " എന്നു പറഞ്ഞിട്ട് കണ്ണുകള്‍‍ കൊണ്ടൊന്ന് ചുറ്റിനും തിരയും . ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ശബ്ദം താഴ്ത്തി ... "കുട്ടീ, ആരോടും പറയല്ലേ.ഇരുചെവി അറിയരുതേ.. പുറത്തു പോവല്ലേ... കാറ്റിനും കാതുള്ള കാലം.." എന്ന മുഖവുരയോടെ  എന്നോടു മാത്രമായി പറഞ്ഞിരുന്ന " വൃത്താന്തങ്ങള്‍    എനിക്കെന്നും കൌതുകം തന്നെയായിരുന്നു. പക്ഷേ ആ വിശേഷങ്ങള്‍ ‍‍ പിന്നീടൊരിക്കല്‍ ഞാന്‍  പറയും.
തല്‍‍ക്കാലം വാക്കുകള്‍‍ മുറിച്ച് ഇവിടെ നിര്‍‍ത്തുന്നു.
.....................