-വീണ്ടൂം വീണ്ടും ഓര്‍മ്മിക്കുമ്പോള്‍ ഇന്നലെകളിലേക്കുള്ള ദൈര്‍ഘ്യം കുറയും. എന്റെ ബാല്യത്തെ കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ ആരംഭിക്കുന്നത് ആ വിജയദശമി നാളില്‍ നിന്നുതന്നെയാണ്.
ഇനിയും എത്രയോ ഓര്‍മ്മകള്‍!!!
അറിയാതൊന്നുറക്കെ ചിരിച്ചു പോയാല്‍ "ഹാവൂ! ശിവ ശിവ കുട്ട്യേ കളിചിരി പ്രായമൊക്കെ കഴിഞ്ഞൂട്ടോ...." എന്നു ശാസിച്ച് "കല്ലോല ജാലത്തിലൂടെ" ഹംസദമയന്തി കഥയിലേക്ക് എന്നെ കൊണ്ടു പോകുന്ന തെക്കേ വീട്ടിലെ ഭാര്‍ഗ്ഗവിയമ്മ.(എത്രയെത്ര പുരാണകഥകളാണ് എനിക്ക് പറഞ്ഞു തന്നിരിക്കുന്നതെന്നോ)
അവസരത്തിലും അനവസരത്തിലും പ്രവചനങ്ങള്‍ നടത്തി....പിന്നെ ഒരു നാള്‍ ആരോടും ഒന്നും.. പറയാതെ പുഴയുടെ അഗാധതയിലേക്ക് മറഞ്ഞ നടരാജന്‍ ജോത്സ്യര്‍!
മനസ്സിലെ പ്രണയനിലാവ് കണ്ണില്‍ നിന്നു മറക്കാന്‍ കഴിയാത്ത, ആരെയും മോഹിപ്പിക്കുന്ന ചന്ദ്രികാമേനോന്‍(എവിടെയെല്ലാം പോയി, ചന്ദ്രികയെപ്പോലൊരു സുന്ദരിയെ ഞാനിതുവരെ..........)
പിന്നെ രണ്ടറ്റവുമെത്താത്ത ഒരു പഞ്ചസാര മുണ്ടുടുത്ത് മേലാകെ കുഴമ്പു തേച്ച് കെട്ടു വള്ളക്കാര് പോകൂമ്പോള് മുണ്ട് വെറുതെയൊന്നഴിച്ചുടുക്കുന്ന നളിനാക്ഷി!
പിന്നെയും എത്രയെത്ര കഥാപാത്രങ്ങള്‍!
ചില നേരങ്ങളില്‍ ശൂന്യത വന്നു കൊത്തിപ്പറിക്കുമ്പോള്‍ എന്നെ വന്നു രക്ഷിച്ച് കൊണ്ടുപോകുന്നത് ഇവരിലാരെങ്കിലുമായിരിക്കും. ചിലപ്പോഴെങ്കിലും ആരും പറയാത്ത കഥ പറഞ്ഞുതരാന്‍ പറഞ്ഞ് ശാഠ്യം പിടിക്കുന്ന എന്റെ മോളുടെ മുമ്പില്‍ കഥക്കാരിയാകാന്‍ പറ്റുന്നത് ഈ ഓര്‍മ്മകളുടെ പച്ചപ്പ് ഉള്ളതു കൊണ്ടായിരിക്കും. !